ഫാഷൻ അല്ലെങ്കിൽ മോഡലിംഗ് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തുക സീറോ സൈസ് മോഡലുകളായിരിക്കും. മോഡലിങ് മെലിഞ്ഞവർക്ക് മാത്രം വിധിക്കപ്പെട്ട ഒന്നാണ് എന്ന മുൻധാരണയാണ് ഈ ചിന്തകൾക്ക് കാരണം. എന്നാൽ ഈ മുൻധാരണകൾ തെറ്റിച്ചുകൊണ്ട് മോഡലിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ലറ്റേഷ്യ തോമസ് എന്ന ആസ്‌ത്രേലിയൻ മോഡൽ.
എല്ലാവരും സീറോ സൈസ് മോഡലുകൾ ആവാൻ മത്സരിക്കുന്ന ഈ കാലത്ത് പ്ലസ് സൈസ് മോഡൽ എന്ന പേരിലാണ് ലറ്റേഷ്യ തോമസ് പ്രസിദ്ധയാകുന്നത്. 16 ആണ് ലറ്റേഷ്യയുടെ സൈസ്. വണ്ണമുള്ളവർക്കും മോഡലിംഗ് ലോകത്ത് സ്ഥാനം ഉണ്ട് എന്ന് തെളിയിച്ച ലറ്റേഷ്യക്ക് തന്റെ കരിയറിൽ പലയിടത്തും പലവിധ അവഗണനകൾ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ഏതവസ്ഥയിലും ചെറുത്തു നിൽപ്പും ആത്മവിശ്വാസവും ആയിരുന്നു ലറ്റേഷ്യയുടെ കരുത്ത്.
28 വയസ്സ് പ്രായമുള്ള ലറ്റേഷ്യ തന്റെ പതിനഞ്ചാം വയസ്സിലാണ് മോഡലിങ്ങിലേക്ക് വരുന്നത്. അതും ഒരു മോഡലിങ് ഏജന്റ് അമിതവണ്ണത്തിന് പേരിൽ കളിയാക്കിയതിനെ തുടർന്ന്. മോഡലിംഗിൽ തന്റെ ഭാഗ്യം പരീക്ഷിച്ചു എങ്കിലും ആദ്യം അത് ശ്രദ്ധിക്കപ്പെട്ടില്ല. ഒടുവിൽ പഠിത്തത്തിൽ കൂടുതലായി ശ്രദ്ധിച്ചു. ആദ്യം നിയമ പഠനം ആയിരുന്നു തെരെഞ്ഞെടുത്തത് . പിന്നീട് മേക്കപ്പ് പഠനത്തിൽ ശ്രദ്ധിച്ചു. അതിൽ ഡിഗ്രിയും എടുത്തു.
മോഡലുകളുടെ മേക്കപ്പ് ഗേൾ ആയിട്ടായിരുന്നു കുറച്ചു നാൾ ജോലി ചെയ്തത്. അങ്ങനെ മോഡലിങ്ങിൽ ആഗ്രഹം വീണ്ടും കലശലായപ്പോൾ മിസ് വേൾഡ് ആസ്‌ത്രേലിയ മത്സരത്തിന്റെ യോഗ്യത റൗണ്ടിൽ ലറ്റേഷ്യ പങ്കെടുത്തു. എന്നാൽ മോഡലുകളുടേതായ അഴകളവുകൾ പാലിക്കാത്തതിനാൽ ലറ്റേഷ്യ മത്സരത്തിൽ നിന്നും പുറത്തായി.
ആ സമയത്താണ് പ്ലസ് സൈസ് മോഡലിങ്ങിന്റെ സാധ്യതകളെ പറ്റി ലറ്റേഷ്യ കൂടുതൽ ചിന്തിക്കുന്നത്. അവസരങ്ങളെ പറ്റി കൂടുതൽ ചോദിച്ച് മനസിലാക്കിയ ശേഷം ലറ്റേഷ്യ തന്റെ ശരീരഭാരം വർധിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ആ 5 അടി പത്തിഞ്ച് പൊക്കക്കാരി ഒരു പ്ലസ് സൈസ് മോഡൽ എന്ന ശ്രേണിയിലേക്ക് വളർന്നു. ലറ്റേഷ്യ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് തുടങ്ങിയപ്പോൾ തന്നെ ലഭിച്ചത് 500000 ഫോളോവേഴ്‌സിനെയാണ്.
ഇന്ന് സ്വിമ്മിങ് സ്യൂട്ടിന്റെത് ഉൾപ്പെടെ പല പ്രമുഖ ഉൽപ്പന്നങ്ങളുടെയും മോഡൽ ആണ് ലറ്റേഷ്യ. വണ്ണം ഒരു ശാപമല്ല, അമിത വണ്ണത്തിലും സൗന്ദര്യം ഉണ്ടെന്ന് മനസിലാക്കിത്തരികയാണ് ലറ്റേഷ്യ തോമസിന്റെ ജീവിതം. ആവേശവും ഒപ്പം പ്രചോദനാത്മകവുമാണ് ലറ്റേഷ്യ എന്ന ഈ പ്ലസ് സൈസ് സുന്ദരി.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam