സിനിമ രംഗത്തുള്ളവർ സംരംഭകത്വത്തിലേക്കു കാലെടുത്തുവയ്ക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. കോസ്റ്റ്യൂം ഡിസൈനിങ്, ബുട്ടീക്, ബ്യൂട്ടി പാർലർ എന്നു തുടങ്ങി വിവിധ മേഖലകളിൽ വിജയം വരിച്ച ധാരാളം നടിമാർ നമുക്കു മുന്നിലുണ്ട്. അവര്‍ക്കിടയിലേക്കിതാ മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു നടി കൂടി വന്നെത്തിയിരിക്കുകയാണ്. മറ്റാരുമല്ല മുക്തയാണത്. മുക്താസ് ഫേഷ്യൽ കെയർ എന്ന ബ്യൂട്ടി പാർലറിലൂടെ സംരംഭകത്വത്തിലേക്കു ചുവടുവച്ച മുക്തയെക്കുറിച്ചു നടി സീനത്ത് പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
മുക്താസ് ഫേഷ്യൽ കെയറിൽ തനിക്കു ലഭിച്ച പരിചരണം പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നുവെന്നു പറയുന്നു സീനത്ത്. താനൊരു സംരംഭം തുടങ്ങാൻ പോവുകയാണെന്നും വരണമെന്നും പറഞ്ഞാണ് മുക്ത വിളിച്ചത്. അപ്പോൾ തന്നെ മുക്തയുടെ കഴിവിൽ സംശയമൊന്നും ഇല്ലായിരുന്നുവെന്നു പറയുന്നു സീനത്ത്. മാത്രമല്ല ബ്യൂട്ടീഷ്യൻ കൂടിയായ അമ്മയിൽ നിന്നും മുക്ത എല്ലാം പഠിച്ചിട്ടുണ്ടാകുമെന്നും തനിക്കുറപ്പായിരുന്നു- സീനത്ത് പറയുന്നു
''ഏതു പാർലറിൽ പോയാലും സൗന്ദര്യം കൂടുമെന്നു താൻ വിശ്വസിക്കുന്നില്ല. പക്ഷേ ഉള്ള സ്കിൻടോൺ കുറച്ചുകൂടി മെച്ചപ്പെടുത്താൻ നല്ല പാർലറിനു കഴിയും. നല്ല പാർലറിനെ തിരിച്ചറിയുന്നത് ഫേഷ്യൽ മസാജിലൂടെയും മറ്റുമാണ്. അത്തരമൊരു അനുഭവമാണ് മുക്താസ് ഫേഷ്യൽ കെയറിൽ ഉണ്ടായത്. പണ്ടൊക്കെ തലയിൽ എണ്ണതേച്ച് ദേഹത്തു കുഴമ്പും മഞ്ഞളുമൊക്കെ തേച്ചു കുളിക്കുമായിരുന്നു. ഇന്നൊക്കെ അതിനുള്ള സമയമില്ല, കൂടുതൽ പേരും ഫ്ലാറ്റുകളിലാണ് അവിടെയാണെങ്കിൽ ഇതിനുള്ള സൗകര്യവുമുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിലാണ് ഇതുപോലുള്ള നല്ല സ്ഥാപനങ്ങൾ സഹായകമാവുന്നത്. പ്രതീക്ഷയ്ക്ക് അപ്പുറത്തായിരുന്നു മുക്ത ചെയ്തത്. ബ്രൈഡൽ മേക്കപ്പും നല്ലതായിരിക്കും എന്നു തനിക്കുറപ്പുണ്ട്- സീനത്ത് പറയുന്നു.
എന്തായാലും മുക്തയുടെ ഈ എളിയ സംരംഭം കൂടുതൽ താരങ്ങൾക്ക് ഭാവിയിൽ ഇതുപോലെയുള്ള സംരംഭങ്ങൾ തുടങ്ങാൻ ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്...
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam