പ്രിയങ്ക ചോപ്ര രഹസ്യമായി വിവാഹം കഴിച്ചോ?

പ്രിയങ്ക ചോപ്ര

ബിടൗണിലെ ബോൾഡ് താരമാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച താരം. ഹോളിവുഡ് പ്രേക്ഷകർക്കും പ്രിയങ്ക പ്രിയങ്കരിയാണ്. പ്രിയങ്ക രഹസ്യമായി വിവാഹിതയായെന്ന വാർത്തകളാണ് സമൂഹമാധ്യമത്തിലാകെ നിറയുന്നത്. വെറുതെ അങ്ങു പറയുകയല്ല അതിനൊരു തെളിവും കണ്ടെത്തി സമൂഹമാധ്യമത്തിലെ വിരുതന്മാർ. 

മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഊഹാപോഹങ്ങൾക്കെല്ലാം ഇടയാക്കിയത്. വിമാനത്തിലിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. ആരാധകരുടെ കണ്ണുടക്കിയതാകട്ടെ പ്രിയങ്കയുടെ കയ്യിലും. കൈത്തണ്ടയിൽ പ്രിയങ്ക അണിഞ്ഞ ആഭരണം വിവാഹിതരായവർ ധരിക്കുന്ന മംഗൾസൂത്രയാണോയെന്നു പലർക്കും സംശയം. സംഗതിയുടെ സത്യം ചികഞ്ഞു നോക്കാൻ മിനക്കെ‌ടും മുമ്പു കേട്ടപാതികേൾക്കാത്ത പാതി പലരും പ്രിയങ്ക രഹസ്യമായി വിവാഹിതയായെന്നും പരത്തി.

എന്നാൽ താനറിയാതെ തന്നെ വിവാഹം കഴിപ്പിച്ചവർക്കു മറുപടി നൽകാൻ സാക്ഷാൽ പ്രിയങ്ക തന്നെ ഒടുവിൽ രംഗത്തെത്തി. ഊഹാപോഹക്കാർക്കു ചുട്ടമറുപടിയുമായാണ് പ്രിയങ്ക എത്തിയത്. ഊഹാപോഹങ്ങളുടെ അങ്ങേയറ്റമായി ഇതെന്നും കണ്ണേറു തടയാന്‍ വേണ്ടി ധരിച്ച ബ്രേസ്‌ലെറ്റ് ആണ് അതെന്നും പ്രിയങ്ക പറഞ്ഞു. താൻ വിവാഹം കഴിക്കുകയാണെങ്കിൽ ഉറപ്പായും അതു പറഞ്ഞിരിക്കുമെന്നും ഒരിക്കലും രഹസ്യമാക്കി വെക്കില്ലെന്നും താരം കൂട്ടിച്ചേർത്തു. ബ്രേസ്‌ലെറ്റിന്റെ ക്ലോസ്അപ് ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രിയങ്ക ഇക്കാര്യങ്ങൾ കുറിച്ചത്. 

നേരത്തെ തന്റെ മുൻ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കൽപ്പത്തെക്കുറിച്ചുമൊക്കെ പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. ഒരുവർഷം മുമ്പുവരെ താൻ ആത്മാർഥമായി ഒരു പ്രണയത്തിലായിരുന്നു. പക്ഷേ ഇപ്പോൾ താൻ സിംഗിളാണെന്നും വ്യക്തമാക്കിയ താരം വിവാഹത്തെക്കുറിച്ചുു തനിക്കു സങ്കൽപങ്ങളുണ്ടെന്നും പറഞ്ഞിരുന്നു. 

'സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുന്ന ധാരാളം സുഹൃത്തുക്കൾ തനിക്കുണ്ട്. കുടുംബത്തോടൊപ്പം സാധാരണ ജീവിതം നയിക്കുന്ന താരങ്ങളെയും കണ്ടിട്ടുണ്ട്. അത്തരമൊരു ജീവിതമാണ്  ആഗ്രഹിക്കുന്നത്. എന്നും  വിവാഹം കഴിച്ച് സെറ്റിൽ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. വെറും പന്ത്രണ്ടു വയസ്സു പ്രായമുള്ളപ്പോൾ തൊട്ട് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സ്കൂൾ കാലങ്ങളിലെല്ലാം പരിപാടികളിൽ മണവാട്ടിയായി ഒരുങ്ങാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആഭരണങ്ങളും തിളങ്ങുന്ന വസ്ത്രങ്ങളുമൊക്കെ അന്നുതന്നെ ഏറെ ആകൃഷ്ടയാക്കിയിരുന്നു.''- പ്രിയങ്ക പറയുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam