Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കുറി കാനിൽ ചുവടുവെക്കാന്‍ ഈ സുന്ദരിയുമുണ്ട് !

Cannes Film Festival സോനം കപൂർ, ഐശ്വര്യ റായ്, ദീപിക പദുക്കോൺ, കങ്കണ റണൗട്ട്

ലോകം കാത്തിരിക്കുന്ന ആ ചലചിത്രോത്സവത്തിന് തിരശീലയുയരുകയായി. എഴുപത്തിയൊന്നാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെ​ടുക്കുന്ന ഗ്ലാമർ േലാകത്തെ താരങ്ങളാരൊക്കെയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യയുടെ അഭിമാന താരങ്ങളായി ബിടൗണിൽ നിന്നും നാലുസുന്ദരിമാരാണ് ഇത്തവണ റെഡ്കാർപറ്റിൽ ചുവടുവെക്കാനൊരുങ്ങുന്നതെന്നാണ് പുതിയ വിവരം.

കാൻ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമായ ഐശ്വര്യ റായ് ഇക്കുറിയും റെഡ് കാർപറ്റിന്റെ തോഴിയാവാൻ എത്തുന്നുണ്ട്. ഒപ്പം കാൻ ഫിലിം ഫെസ്റ്റിവലിൽ നേരത്തെ പങ്കെടുത്തിട്ടുള്ള സോനം കപൂറും ദീപിക പദുക്കോണും ഇത്തവണയും ഉണ്ട്. ഏറ്റവും ശ്രദ്ധേയം ബിടൗണിലെ ബോൾഡ് ആൻഡ് ബ്യൂട്ടി കങ്കണ റണൗട്ടും ഇക്കുറി റെഡ് കാർപറ്റിൽ എത്തുന്നുണ്ടെന്നതാണ്. 

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇതാദ്യമായാണ് കങ്കണ പങ്കെടുക്കുന്നത്. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സംഭാവന പരിഗണിച്ച് ഒരു പ്രീമിയം ബ്രാൻഡിനെ പ്രതിനിധീകരിച്ചാണ് കങ്കണ എത്തുന്നത്. ഐശ്വര്യയും ദീപികയും സോനവും റെഡ് കാർപറ്റിൽ ചുവടുവെക്കുന്ന ദിനങ്ങളേതൊക്കെയെന്ന് പുറത്തു വന്നെങ്കിലും കങ്കണ എന്നായിരിക്കും എത്തുക എന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. 

മുന്‍കാലങ്ങളിലേതുപോലെ തന്നെ ഐശ്വര്യയും ദീപികയും സോനവും പ്രശസ്ത മേക്അപ് ബ്രാൻഡും ഫിലിം ഫെസ്റ്റിവലിന്റെ മേക്അപ് പാർട്നേഴ്സുമായ ലോറിയാൽ പാരീസിനെ പ്രതിനിധീകരിച്ചാണ് റെഡ്കാർപറ്റിലെത്തുന്നത്. രണ്ടാം തവണ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ദീപിക മെയ് പത്ത്, പതിനൊന്ന് തീയതികളിലും കാൻ ഫിലിം ഫെസ്റ്റിവലിലെ പതിനേഴു വർഷം പൂർത്തിയാക്കിയ ഐശ്വര്യ റായ് മെയ് 12, 13 തീയതികളിലും എട്ടാംതവണ പങ്കെടുക്കുന്ന സോനം കപൂർ മെയ് 14, 15 തീയതികളിലുമായിരിക്കും റെഡ് കാർപറ്റിൽ ചുവടുവെക്കുന്നത്. 

നാലുതാരങ്ങളും എത്രത്തോളം സ്റ്റൈലിഷ് ആയായിരിക്കും വേദിയിലെത്തുക എന്നറിയാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. ബോളിവുഡിലെ ഫാഷൻ റാണിയായ സോനത്തിനും റെഡ് കാർപറ്റിൽ പരിചയസമ്പന്നയായ ഐശ്വര്യ റായിക്കും വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തിൽ പിഴക്കില്ലെന്നാണ് പലരുടെയും പ്രതീക്ഷ. മെയ് എട്ടിന് ആരംഭിക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ പത്തൊമ്പതിനാണ് സമാപിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam