മലയാളം സീരിയൽ രംഗത്ത് സജീവസാന്നിധ്യമായ ഡോക്ടർ ഷാജുവിനെ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. 17 വർഷങ്ങൾ കൊണ്ട് 17 ഹിറ്റ് സീരിയലുകളിൽ താരമായ ഡോക്ടർ ഷാജു ഇപ്പോഴിതാ മഴവിൽ മനോരമയിലെ പ്രണയിനി എന്ന സീരിയലിൽ എബി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോക്ടർ ഷാജു തന്റെ 17 വർഷത്തെ അഭിനയ ജീവിതാനുഭവങ്ങളെ കുറിച്ച് മനോരമയുമായി പങ്കുവയ്ക്കുന്നു.
17 വർഷങ്ങൾ-17 സീരിയലുകൾ. എന്തു പറയുന്നു?
ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്ന, ടി എസ് സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിലൂടെ ആയിരുന്നു ഒരു തുടക്കക്കാരനെന്ന നിലയിൽ ഉള്ള എന്റെ കടന്നുവരവ്. ഞാനും ബീനാ ആന്റണിയും എല്ലാം ആദ്യം ചെയുന്ന സീരിയൽ ആണത്. അത് ഞാൻ വളരെ ചെറുപ്പത്തിൽ ചെയ്യുന്ന സീരിയലാണ്. അതിനുശേഷം ഞാൻ മെഡിക്കൽ വിദ്യാഭ്യാസം എല്ലാം പൂർത്തീകരിച്ച് തിരിച്ചുവരുമ്പോഴാണ് ആ സീരിയലിന്റെ ക്യാമറ ചെയ്തിരുന്ന ബഷീർ പിന്നീട് നിർമ്മിച്ച മോഹനം എന്ന സീരിയലിൽ അവസരം തരുന്നത്. പിന്നീട് ദേവത എന്ന സീരിയയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദൂരദർശനിൽ മമ്മൂട്ടി പ്രൊഡ്യൂസ് ചെയ്ത വയലാർ മാധവൻകുട്ടി സംവിധാനം ചെയ്ത ജ്വാലയായി എന്ന സീരിയൽ ചെയ്യുന്നത്. ഞാൻ ആദ്യമായി നായകനായെത്തുന്ന സീരിയൽ കൂടിയായിരുന്നു ജ്വാലയായ്. നെടുമുടി വേണു, എം.ആർ ഗോപകുമാർ തുടങ്ങിയ ഒരുവിധം സിനിമാതാരങ്ങൾ ഒക്കെ അതിലുണ്ടായിരുന്നു. ഇങ്ങനെ ഒക്കെ ആണ് തുടക്കം. പിന്നീട് സ്ത്രീ ജന്മത്തിൽ നായകനായി വന്നു.
17 വർഷങ്ങൾ കൊണ്ട് 17 സീരിയലുകൾ എന്നു പറയുമ്പോൾ വാസ്തവത്തിൽ കുറഞ്ഞു പോയില്ലേ സീരിയലുകളുടെ എണ്ണം?
ഒരു സമയത്ത് ഒരു സീരിയലിൽ കൂടുതൽ അഭിനയിക്കില്ല എന്നത് എന്റെ ഒരു പോളിസിയാണ്. അഭിനയിച്ച എല്ലാ സീരിയലും സൂപ്പർ ഹിറ്റ് ആയിരുന്നു. പിന്നെ പി.ആർ നാഥൻ , ആർ ഗോപിനാഥ് കൂട്ടുകെട്ടിന്റെ അങ്ങാടിപ്പാട്ട് എന്ന സീരിയലിൽ അഭിനയിച്ചു. അത് വലിയൊരു ഹിറ്റ് ആയിരുന്നു. പിന്നീട് പകൽവീട്, അതിലും ഞാൻ നായകൻ ആയിരുന്നു. പിന്നീട് സ്പർശം, മലയാളത്തിലെ ആദ്യത്തെ ഏറ്റവും നീണ്ട പരമ്പരയായ മിന്നുകെട്ട് തുടങ്ങിയ സീരിയലുകളിലെല്ലാം അഭിനയിച്ചു. അതുപോലെ സിനിമാനടി കസ്തൂരിയുടെ നായകനായി ഇഷ്ടദാനം, ദേവയാനിയുടെ നായകനായി തമിഴിൽ മുത്താരം, ശാരിയുടെ നായകനായി സ്പർശം തുടങ്ങിയ സീരിയലുകൾ ചെയ്തു. അതുപോലെ വളരെ പ്രഗൽഭർ ആയിട്ടുള്ള ഒരു പാട് സിനിമ താരങ്ങളുടെ കൂടെ സീരിയലുകളിൽ അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് എനിക്ക്.
സുകുമാരി, കവിയൂർ പൊന്നമ്മ,കെ.പി.എസ്.സി ലളിത. ഒരേസമയം ഇവർ മൂന്നു പേരോടും ഒന്നിച്ച് ഒരു സീരിയലിൽ അഭിനയിക്കാൻ സാധിച്ചു. വലിയൊരു ഭാഗ്യം അല്ലെ ലഭിച്ചത്?
ശ്രീകുമാരൻ തമ്പി സർ ചെയ്ത സീരിയൽ ആയിരുന്നു അത്. ദാമ്പത്യഗീതങ്ങൾ എന്നായിരുന്നു ആ സീരിയലിന്റെ പേര്. എൻറെ അമ്മ അമ്മൂമ്മ മുത്തശ്ശി എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങൾ ആയിരിന്നു ഒരേ സീരിയലിൽ അവർ ചെയ്തത്. ആ സീരിയൽ സംവിധാനം ചെയ്തത് ശ്രീകുമാരൻ തമ്പി സാറിന്റെ മകൻ ആയിരുന്നു. നിർമ്മാതാവ് സാറും. ഒരു വലിയ ഭാഗ്യം തന്നെയാണ് അത്രയും പ്രഗൽഭരായുള്ളവർക്കൊപ്പം അഭിനയിക്കാൻ സാധിച്ചത്. സീനിയോറിറ്റി എന്നു പറയുന്ന സംഭവം എല്ലാ പ്രൊഫഷനിലും ഉണ്ടാവും. അതുകൊണ്ട് ഒരു ഗുണം എന്താണെന്ന് വെച്ചാൽ അനുഭവവും തൊഴിൽ പ്രാവീണ്യവും പ്രാഗൽഭ്യവും വർദ്ധിക്കും എന്നതാണ്. അപ്പോൾ അത്രയും സീനിയോറിറ്റി ഉള്ളവർക്ക് ഒപ്പം അഭിനയിക്കുമ്പോൾ ഉള്ള ആ എനർജി, പഠിപ്പിക്കുന്ന പാഠങ്ങൾ എല്ലാം ഭാഗ്യമാണ്. ഒരുപക്ഷേ ഇനി വരുന്ന തലമുറയ്ക്ക് ചിലപ്പോൾ ഇതുപോലൊരു ഭാഗ്യം ലഭിക്കില്ലായിരിക്കും.
താങ്കൾ ഒത്തിരി സിനിമാ താരങ്ങൾക്കൊപ്പം ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചയാളാണ്. പക്ഷേ ഇപ്പോളത് പോലെ സിനിമാതാരങ്ങളെ സീരിയലുകളിൽ കാണാറില്ലല്ലോ?
ശരിയാണ്. ഫിക്ഷൻ സീരിയലുകളിൽ ഇപ്പോൾ സിനിമാതാരങ്ങളെ കാണാറില്ല,അവർ അഭിനയിക്കുന്നെയില്ല. പണ്ടൊക്കെ നെടുമുടി വേണു ചേട്ടൻ ഒക്കെ സീരിയലിലഭിനയിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ജോലിയില്ലെങ്കിൽ പോലും അവർ അഭിനയിക്കാൻ തയാറാകില്ല. കാരണം സീരിയലുകൾക്കു നിലവാരത്തകർച്ച വന്നു. ഇപ്പോഴത്തെ സീരിയലിലെ നായകന്മാർക്ക് യാതൊരു പ്രാധാന്യവുമില്ല. നായികയ്ക്കാണ് പ്രധാന്യം. പക്ഷേ എന്നെ സംബന്ധിച്ച് ഞാൻ ചെയ്ത നായക കഥാപാത്രങ്ങളെല്ലാം തന്നെ വളരെ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ആണ്. പ്രഗത്ഭരായ സംവിധായകർക്കൊപ്പം പ്രഗത്ഭമായ തിരക്കഥകൾക്ക് അനുസരിച്ച് അഭിനയിക്കാൻ സാധിച്ചു. അതുപോലെ തന്നെ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഒരുപക്ഷേ ടൈറ്റിൽ റോൾ ചെയ്തിട്ടുള്ള നായകൻ ഞാൻ മാത്രമാണ്.രണ്ട് പ്രൊജക്ടാണ് അങ്ങനെയുള്ളത്. കെ വി ശശികുമാർ സംവിധാനം ചെയ്ത എങ്കിലുമെന്റെ ഗോപാലകൃഷ്ണാ,മൈ മരുമകൻ എന്നിങ്ങനെ രണ്ട് സീരിയലുകൾ.
താങ്കൾ ഡോക്ടറാണ്. തീർച്ചയായും അഭിനയവും ആതുര ശുശ്രൂഷയും ഒരുമിച്ചുകൊണ്ടുപോകുക എന്നത് ബുദ്ധിമുട്ടല്ലേ?
തുടക്കകാലത്ത് ഞാൻ രണ്ടും ഒരുമിച്ച് കൊണ്ടു പോയിരുന്നു. പിന്നീട് ആളുകൾ എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞ സമയത്ത് പലപ്പോഴും രോഗികൾ വരുമ്പോൾ അവർക്ക് അസുഖത്തേക്കാൾ കൂടുതൽ മറ്റു വിശേഷങ്ങൾ അറിയാൻ ഉള്ള താല്പര്യം കൂടി. അപ്പൊ ഒരു പ്രാക്ടീസ് എന്നത് മുൻപോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടായി. അങ്ങനെ പ്രാക്ടീസ് കുറച്ചു ഫുൾടൈം അഭിനയം എന്നതിലേക്ക് വന്നു.
ഇടക്കാലത്ത് അഭിനയത്തിൽ ഒരു ബ്രേക്ക് എടുത്തില്ലേ?
രണ്ട് വർഷം ഞാൻ ഖത്തറിൽ ആയിരുന്നു. അങ്ങനെ വന്ന ഗ്യാപ്പിന് ശേഷം ഞാൻ അഭിനയിക്കുന്ന സീരിയലാണ് പ്രണയിനി. ഞാനതിൽ വില്ലനായിട്ടാണ് അഭിനയിക്കുന്നത്. എബി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഞാൻ ചെയ്ത നല്ലവരിൽ നല്ലവരായ കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രം.
കുടുംബം ?
ഭാര്യ ആശ. അവൾ ഡോക്ടർ ആണ്.മകൾ ഇവാന ഷാജു നാലിൽ പഠിക്കുന്നു.