ഹോട്ടലിലെ വെയ്റ്റ്റസ്സില്‍ നിന്ന് ലോകം ആരാധിക്കുന്ന സൂപ്പര്‍താരത്തിന്റെ കാമുകി പദവിയിലേക്ക് എത്തിയ സ്പാനിഷ് യുവതി ജോര്‍ജിന റോഡ്രിഗസ്സിന്റെ കഥ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ ലേകകപ്പ് വേദിയില്‍ എത്തിയ ജോര്‍ജിന വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജോര്‍ജിനയുടെ വിരലില്‍ കണ്ടെത്തിയ മോതിരമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഈ മോതിരം ജോര്‍ജിന പുതിയതായി അണിഞ്ഞതാണെന്നും അതിനാല്‍ തന്നെ ഇത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ വിവാഹ നിശ്ചയ മോതിരമാണെന്നും ഉള്ള നിഗമനത്തിലാണ് ഗോസിപ്പ് കോളങ്ങള്‍.
നേരത്തെ കാര്‍ട്ടിയര്‍ കമ്പനിയുടെ ഒരു മോതിരത്തിന്റെ ചിത്രം ജോര്‍ജ്ജീന ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ മോതിരം വിവാഹ നിശ്ചയമോതിരമാണെന്നാണ് കാര്‍ട്ടിയറിന്റെ വെബ്സൈറ്റില്‍ പറയുന്നത്. ഇതിന് പിറ്റേന്നാണ് ഇതേ മോതിരം അണിഞ്ഞ് ജോര്‍ജ്ജീന റൊണാള്‍ഡോയുടെ മൊറൊക്കോയ്ക്ക് എതിരായ മത്സരം കാണാനെത്തിയത്. 2016 ലാണ് ജോര്‍ജ്ജിനയും റൊണാള്‍ഡോയും പ്രണയത്തിലാകുന്നത്. ഒരു ഫാഷന്‍ ഷോയ്ക്കിടെ ആയിരുന്നു കണ്ട് മുട്ടല്‍. ഇരുവര്‍ക്കും ഇപ്പോള്‍ അലന്‍ മാര്‍ട്ടീന എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയുണ്ട്.
മറ്റ് പല ഫുട്ബോള്‍ താരങ്ങളെയും എന്ന പോലെ റൊണാള്‍ഡോയുടെ പല പ്രണയങ്ങളില്‍ ഒടുവിലത്തേതാണ് ജോര്‍ജീന. പ്രശസ്ത മോഡലുകളായ കിം കദര്‍ശിയനും, പാരീസ് ഹില്‍ട്ടണും , ബോളിവുഡ് താരമായ ബിപാഷ ബസുവും ഉള്‍പ്പടെയുള്ള നിരവധി പേര്‍ റൊണാള്‍ഡോയുടെ മുന്‍ കാമുകിമാരുടെ ലിസ്റ്റില്‍ ഉണ്ട്. ഇന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ജോര്‍ജിനയുമായുള്ള ബന്ധം റൊണാള്‍ഡോ വളരെ ഗൌരവത്തിലാണ് കാണുന്നതെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വിവാഹ നിശ്ചയ മോതിരവുമായുള്ള ജോര്‍ജിനയുടെ പ്രത്യക്ഷപ്പെടല്‍ ഇത് ശരിവയ്ക്കുന്നതാണ്.
ജോര്‍ജിനയിലുള്ള പെണ്‍കുട്ടിയെ കൂടാതെ മൂന്ന് കുട്ടികളുടെ കൂടി അച്ഛനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോ ജൂനിയര്‍ എന്ന് വിളിക്കുന്ന മൂത്ത ആണ്‍കുട്ടിയുടെ അമ്മ ആരെന്ന് റൊണാള്‍ഡോ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഇവ , മറ്റിയോ എന്നിവരാണ് റൊണാള്‍ഡോയുടെ മറ്റ് രണ്ട് കുട്ടികള്‍. ഇരട്ടകളായ ഇവര്‍ വാടകയ്ക്ക് എടുത്ത ഗര്‍ഭപാത്രത്തിലൂടെ ജനിച്ചവരാണ്.