' എന്റെ ഹെയർ സ്റ്റൈൽ കണ്ട് സിനിമയ്ക്കു വേണ്ടി മാറ്റിയതാണോ എന്നു പലരും ചോദിച്ചിട്ടുണ്ട്. സത്യായിട്ടും ജന്മനാ കിട്ടിയ മുടിയാണ് ' മോഡലിങ്ങിൽ നിന്നു സിനിമയിൽ നായികയായി തിളങ്ങിയ മെറീന മൈക്കിൾ കുരിശിങ്കൽ മനസ്സ് തുറക്കുന്നു...
ബോൾഡോ... ഞാനോ?
ഞാൻ വല്യ ബോൾഡുമല്ല, പാവവുമല്ല. അങ്കിൾ മരിച്ചപ്പോൾ കരയരുതെന്ന് അമ്മയെ ഉപദേശിച്ചിട്ട് അവിടെ ചെന്ന് കരഞ്ഞ് കുളമാക്കിയ ആളാ ഞാൻ. എബി’യിൽ അഭിനയിച്ചതിന്ശേഷം ഫെയ്സ്ബുക്കിലൂടെ ചില പ്രപ്പോസൽസ് വരാൻ തുടങ്ങി. മുമ്പ് നന്നായി പ്രണയിച്ചിട്ടുണ്ട്, തേപ്പും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തൽക്കാലം പ്രണയവും വിവാഹവുമൊന്നും ഇല്ല കേട്ടോ.
കോഴിക്കോട്, വെള്ളിമാടുകുന്നാണ് സ്വദേശം. പപ്പ മൈക്കിൾ മ്യൂറൽ പെയിന്റിങ് ആർട്ടിസ്റ്റാണ്, നന്നായി പാട്ടും പാടും. അമ്മ ജെസി ഫാഷൻ ഡിസൈനിങ് ടീച്ചറായിരുന്നു. ഒറ്റമോളാ ഞാൻ. അതിന്റെ സകല അലമ്പും ഉണ്ടായിരുന്നു. പ്ലസ്ടു വരെ പ്രോവിഡൻസിലാണ് പഠിച്ചത്. എറണാകുളം സെന്റ് തെരേസാസിൽ ബികോം ചെയ്തു. മോഡലിങ് തുടങ്ങിയിട്ട് നാലു വർഷമേ ആയുള്ളൂ. നല്ല ഗൈഡൻസ് കിട്ടിയതാണ് കരുത്തായത്.
ചങ്ക്സ് ഇൻ ഹാർട്
ഏറ്റവും ടെൻഷനടിച്ച് അഭിനയിച്ച സിനിമയാണ് ‘ചങ്ക്സ്.’ അതിലെ ഫൈറ്റ് സീനിൽ ഡ്യൂപ്പിട്ട് ചെയ്യാമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, അവസാനം പ്ലാൻ മാറ്റി. കുറച്ച് നാൾ കിക്ക് ബോക്സിങ് പഠിച്ചിട്ടുണ്ട്. അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. നടൻ ലാൽ സാറിന്റെ ഇടി കിട്ടി എനിക്ക് പരുക്ക് പറ്റുമോ എന്നായിരുന്നു ടെൻഷൻ. ഇതിനിടെ ഞാൻ കുങ്ഫു പഠിച്ചതാണെന്ന് ലാൽ സാറിനോട് ആരോ നുണ പറഞ്ഞു. ബിയർ ബോട്ടിൽ വച്ച് തല തല്ലിപ്പൊളിക്കുന്ന സീനിൽ പേടിച്ചാണ് നിന്നതെന്ന് ലാൽ സാർ പറഞ്ഞതുകേട്ട് ഞങ്ങളൊക്കെ ചിരിച്ചുപോയി. ‘ചങ്ക്സി’നു വേണ്ടി മൂന്നു ദിവസം കൊണ്ടാണ് ബുള്ളറ്റ് ഓടിച്ചു പഠിച്ചത്. സിനിമയ്ക്കുശേഷം ബുള്ളറ്റ് ഓടിച്ചിട്ടേയില്ല.
സ്റ്റാർട്ട് ആക്‌ഷൻ
കുറച്ചു നാൾ മുമ്പ് ഒരു ആഡ് ക്യാംപയിനു വേണ്ടി ഇവന്റ് കോ- ഓർഡിനേറ്റർ വിളിച്ചു. ഷൂട്ടിങ് ലൊക്കേഷനെ കുറിച്ച് പലവട്ടം ചോദിച്ചിട്ടും ഒഴിഞ്ഞുമാറുന്നത് കണ്ടാണ് സംശയം തോന്നിയത്. അയാൾ പറഞ്ഞ പരസ്യം ചെയ്യുന്ന കമ്പനിയിലേക്ക് നേരിട്ട് വിളിച്ചതോടെ ‘പറ്റിക്കൽസ്’ മനസ്സിലായി. ഇനി മറ്റാരെയെങ്കിലും കൂടി വിളിച്ച് പറ്റിക്കാതിരിക്കാൻ വേണ്ടിയാണ് ചാറ്റിന്റെ സ്ക്രീൻഷോട്ട് ഫെയ്സ്ബുക്കിലിട്ടത്. സിനിമയും മോഡലിങ്ങും കരിയറാക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്റെയൊരു ഉപദേശമുണ്ട്, പെട്ടെന്ന് എന്തെങ്കിലുമൊക്കെ ആകണമെന്നു വച്ചാൽ അബദ്ധങ്ങൾ പറ്റിയേക്കാം. പരസ്യം ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ച് നന്നായി പഠിച്ചശേഷം മാത്രം ബോൾഡ് ആയി തീരുമാനമെടുക്കുക. ‘നോ’ പറയാൻ പേടിക്കേണ്ട കാര്യമില്ല.