പ്രിയയുടെ 'കണ്ണിറുക്കൽ' അല്ല പ്രശ്നം, ആ പരസ്യം പിൻവലിച്ചതിന് കാരണം?  

ഒരു അഡാര്‍ ലവ് സിനിമയിലെ നായിക പ്രിയ പി.വാര്യര്‍ അഭിനയിച്ച ഒരു പരസ്യം പിന്‍വലിച്ചതായി വാർത്ത വന്നതോടെ ട്രോളര്‍മാരും വിമര്‍ശകരും രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ അക്കൂട്ടര്‍ക്ക് രണ്ടടി പിന്നോട്ട് വയ്ക്കാം. പ്രിയയുടെ അഭിനയം മോശമായതു കൊണ്ടും പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തതുകൊണ്ടുമാണ് പിൻവലിച്ചതെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാർത്തയിൽ പറഞ്ഞത്.

എന്നാൽ ആ പരസ്യത്തിന്റെ കാലാവധി തീർന്നതുകൊണ്ടാണ് അത് പിൻവലിച്ചതെന്നും നടിയുമായി ഒപ്പിട്ടിരുന്ന കരാറിന്റെ കാലാവധിയും പൂർത്തിയായതായി കമ്പനിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ഒറ്റകണ്ണിറുക്കൽ കൊണ്ട് സൈബർ ലോകത്തെ മുഴുവൻ കൈയിലെടുത്ത പുതുമുഖമാണ് പ്രിയാ വാര്യർ. മോളീവുഡും കടന്ന് ബോളീവുഡ് വരെ പ്രിയയുടെ കണ്ണുറക്കൽ എത്തിയിരുന്നു. അതേ തുടർന്നാണ് മഞ്ചിന്റെ പരസ്യത്തിൽ പ്രിയ വാര്യർക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. എന്നാൽ പ്രിയയുടെ ഇത്തവണത്തെ കണ്ണിറുക്കൽ നിർമാതാക്കൾക്ക് അത്ര തൃപ്തികരമായില്ല എന്നും 35ഓളം ടേക്കുകളാണ് എടുക്കേണ്ടിവന്നതെന്നും പറഞ്ഞായിരുന്നു വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നത്.

ഐപിഎൽ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട സമയത്തായിരുന്നു ഈ പരസ്യം പുറത്തിറങ്ങിയത്. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി ഭാഷകളിലാണ് പ്രിയയുടെ പരസ്യം റിലീസ് ചെയ്തത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് ഇവര്‍ പ്രതിഫലമായി ഈടാക്കിയതെന്നാണ് റിപ്പോർട്ട്.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam