അന്ന് തംബുരു കൈയിലേക്കു കിട്ടിയപ്പോൾ സുചിത്രയ്ക്കു സന്തോഷമായി. പക നിറഞ്ഞ തീപ്പൊരി ഡയലോഗും കുതന്ത്രവും ഒന്നും ഇന്നുണ്ടാകില്ലായിരിക്കാം. ‘വാനമ്പാടി’ സീരിയലിലെ വില്ലത്തി കഥാപാത്രമായ പത്മിനിയെ അവതരിപ്പിക്കുന്ന സുചിത്ര നായർ പറഞ്ഞു വരുന്നത് തലേന്നത്തെ ഷൂട്ടിന്റെ കഥയാണ്.
‘‘സംഗീതവും നൃത്തവും ആണ് അഭിനയം പോലെ എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങൾ. തംബുരു കിട്ടിയതോടെ ഞാൻ എനിക്കറിയാവുന്ന രീതിയിൽ മീട്ടിത്തുടങ്ങി. ഇതിനിടെ അസോഷ്യേറ്റ് വന്ന് സീൻ പറഞ്ഞു തന്നു. തംബുരു മീട്ടാനല്ല, അത് നിലത്തിട്ട് ചവിട്ടി പൊട്ടിക്കാനാണ് സീനിൽ ഉള്ളത്.
‘നർത്തകിയായ എനിക്ക് ഒരു സംഗീതോപകരണം ചവിട്ടാൻ കഴിയില്ല. കഥാപാത്രം അതാവശ്യപ്പെടുന്നുവെങ്കിൽ എനിക്കതിനു കഴിയില്ല.’ ഇത്രയും ബോൾഡായി പറഞ്ഞെങ്കിലും ചീത്ത കേൾക്കുമെന്നാണ് വിചാരിച്ചത്. പക്ഷേ, എന്റെ അഭിപ്രായത്തിനു സംവിധായകനും സഹതാരങ്ങളും വില നൽകി.
മറ്റുള്ളവർക്ക് ചിലപ്പോൾ നമ്മുടെ അഭിപ്രായങ്ങളോട് യോജിപ്പോ വിയോജിപ്പോ ഉണ്ടാകാം. പക്ഷേ, പറയാനുള്ളത് നേരെ പറയുന്നതാണ് എന്റെ രീതി.’’ മിനിസ്ക്രീനിലെ ‘സുന്ദരി വില്ലത്തി’യായ തിരുവനന്തപുരം കേശവദാസപുരംകാരി സുചിത്ര നായരുടെ വിശേഷങ്ങൾക്കൊപ്പം.
അഭിനയത്തേക്കാൾ ഇഷ്ടം ഡാൻസിനാടാണോ ?
ചെറുപ്പം മുതലേ നല്ല മടിച്ചിയാണ് ഞാൻ. എന്ത് കണ്ടാലും വാശിപിടിക്കുന്ന സ്വഭാവവും. ‘രാജശില്പി’ സിനിമയിൽ ഭാനുപ്രിയയെ കണ്ടു തുടങ്ങിയതാണ് ഡാൻസ് പഠിക്കണമെന്ന മോഹം. അങ്ങനെ സ്കൂൾ കാലത്തേ ഡാൻസ് പഠനം തുടങ്ങി. ആദ്യം മുതലേ ഞാൻ നല്ല ഉഴപ്പാണ്. കുറച്ച് എന്തെങ്കിലുമൊരു സ്‌റ്റെപ് ചെയ്താൽ ഉടനെ അമ്മയോടു പറയും ‘അമ്മേ ഞാൻ ക്ഷീണിച്ചു, നടക്കാൻ വയ്യ, വിയർത്തോന്ന് നോക്കിക്കേ’... അങ്ങനെ പലതും പറഞ്ഞ് പ്രാക്ടീസിൽ ഉഴപ്പും. അതിനു ശേഷമാണ് നീന പ്രസാദിന്റെ കീഴിൽ മോഹിനിയാട്ടം പഠിക്കാൻ തുടങ്ങിയത്. എന്റെ മടി കാരണം തോന്നിയ ബുദ്ധിയായിരുന്ന് അത്. മോഹിനിയാട്ടം വളരെ സിപിംൾ ആണെന്നായിരുന്നു വിചാരം. ഒരിടത്ത് തന്നെ നിന്നാൽ മതി. ചെറുതായി കണ്ണും മൂക്കുമൊക്കെ അനക്കിയാൽ സംഭവം സെറ്റായി എന്നാണ് ഞാൻ കരുതിയത്. പക്ഷേ, പഠിച്ചു തുടങ്ങിയപ്പോഴല്ലേ ഇത് വേറെ ലെവൽ ആണെന്ന് മനസ്സിലായത്. മോഹിനിയാട്ടത്തിലൂടെ പതിയെ ഞാൻ നൃത്തത്തെ സ്നേഹിച്ചു തുടങ്ങി. എട്ടുവർഷമായി മോഹിനിയാട്ടം പഠനം തുടരുന്നു.
വില്ലത്തിയോടുള്ള നാട്ടുകാരുടെ പ്രതികരണം എങ്ങനെയാണ് ?
എന്നെ പരിചയമുള്ള ആളുകളൊക്കെ ആദ്യം ചോദിക്കുമായിരുന്നു ‘എന്തിനാ നിന്നെപ്പോലൊരു പാവംകുട്ടി ഈ ദുഷ്ടത്തിയായി അഭിനയിക്കുന്നത്’ എന്നൊക്കെ. അതുകഴിഞ്ഞ് ഞാനൊരു പൊതു പരിപാടിയിൽ പോയപ്പോൾ ആളുകൾ ചുറ്റും കൂടി. എല്ലാവർക്കും വലിയ സ്നേഹം. ആളുകളുടെ ഇഷ്ടം ശരിക്കും മനസ്സിലായത് ആറ്റുകാൽ അമ്പലത്തിൽ പോയപ്പോഴാ. പൊങ്കാലയുടെ ദിവസമായിരുന്നു ആറ്റുകാലമ്മയെ തൊഴാനായി ഞാനും സുഹൃത്തും കൂടെ പോയത്. തൊഴുതിറങ്ങി വരുമ്പോൾ പലരും നോക്കുന്നതും ശ്രദ്ധിക്കുന്നതും എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു. പക്ഷേ, ആ നീക്കം അപ്രതീക്ഷിതമായിരുന്നു. ഒരു ചേച്ചി എന്റെ മുന്നിലെത്തിയതും കഴുത്തിൽ പിടിച്ചു താഴ്ത്തിയതും മിന്നൽ വേഗത്തിലായിരുന്നു. കവിളത്തൊരു ഉമ്മയാണ് ഉദ്ദേശിച്ചതെങ്കിലും ചേച്ചി ഉമ്മയുടെ കൂടെ ചെറിയൊരു കടിയും തന്നു. ആ ചേച്ചിയുടെ മുഖത്തെ സന്തോഷം കാണണമായിരുന്നു. സീരിയലിൽ ഒപ്പം അഭിനയിക്കുന്ന ചിപ്പി ചേച്ചിയോട് എന്റെ വില്ലത്തി റോളിനെ പറ്റി ചോദിച്ചപ്പോൾ ചേച്ചിയും പറഞ്ഞു ‘നിന്നെ സീരിയൽ കാണുന്ന നേരത്ത് എല്ലാവരും വഴക്ക് പറയുന്നുണ്ടാകും. പക്ഷേ, നേരിട്ട് കാണുമ്പോൾ ആളുകൾക്കു മനസ്സിലാകും നീ പാവമാണെന്ന്. അതാണ് ആരും ദേഷ്യമൊന്നും കാണിക്കാത്തത്’ എന്ന്.
അഭിനയത്തെക്കുറിച്ച് വീട്ടിലുള്ളവരുടെ അഭിപ്രായം?
ഞാൻ സീരിയലിൽ അഭിനയിക്കുന്നത് വീട്ടിൽ അത്ര ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചേട്ടന്. നല്ല പോലെ വഴക്കുണ്ടാക്കിയാണ് ‘അഭിനയം’ എന്ന കരിയർ തിരഞ്ഞെടുത്തത്. യാഥാസ്ഥികമായ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്.
ഒറ്റയ്്ക്ക് ഒരിടത്തും പോകരുത്, കറങ്ങി നടക്കരുത് എന്നുള്ള നിബന്ധനകളൊക്കെ എപ്പോഴും കാണും. എന്റെ പഠനം പോലും അതുകാരണം മുടങ്ങിയിട്ടുണ്ട്. ഞാൻ ബികോം പഠി ച്ചത് ഇവാനിയോസിലാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനു പോലും എനിക്ക് ചേട്ടനുമായി വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ, സ്നേഹക്കൂടുതൽ കൊണ്ടാകാം. അമിതമായുള്ള നിയന്ത്രണങ്ങൾ സ്നേഹത്തിന്റെ പേരിലായാലും അധികം പേർക്കും ഇഷ്ടപ്പെടാൻ കഴിയില്ല എന്നാണ് വിശ്വാസം.
ഈ 28 വയസ്സിനുള്ളിൽ തിരുവനന്തപുരം വിട്ട് ഞാൻ പോയിട്ടുള്ളത് എറണാകുളത്തും തൃശൂരുമാണ്. ഒരിക്കൽ ടീച്ചർക്കൊപ്പം ചെന്നൈ വരെ പോയതാണ് ജീവിതത്തിൽ ഇതു വരെയുള്ള ഏറ്റവും വലിയ യാത്ര.
പുതിയ കാലത്തെ ചില രീതികൾ എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കലും എളുപ്പമല്ല. പ്രത്യേകിച്ച് മുതിർന്ന തലമുറയിൽ പെട്ടവരെ. സീരിയലിൽ നമ്മൾ ഇരിക്കുന്നതും നടക്കുന്നതുമൊക്കെയുള്ള രംഗങ്ങൾ യൂട്യൂബിൽ വരും. ചിലർ ‘ഹോട്ട്’ എന്ന ടാഗ് കൂടി ചേർത്താകും അത് അപ്‌ലോഡ് ചെയ്യുന്നത്. ഇതൊന്നും നമ്മുടെ തെറ്റ് കൊണ്ട് സംഭവിക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ അതിനൊക്കെ വിശദീകരണം നൽകേണ്ടി വരുന്നത് സങ്കടമുള്ള കാര്യമാണ്.