ഇന്ത്യയുടെ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും നിറങ്ങളിൽ ആവാഹിച്ച് സൂപ്പർ മോഡലുകൾ വധൂവരൻമാരായി റാംപിൽ ചുവടുവച്ചതോടെ എം 4 മാരി.കോം അണിയിച്ചൊരുക്കുന്ന ബ്രൈഡൽ ഫാഷൻ വീക്കിനു തുടക്കം. കല്യാൺ ജ്വല്ലേഴ്സിന്റെ സഹകരണത്തോടെ ഹോട്ടൽ ലേ മെറിഡിയനിൽ നടക്കുന്ന ഷോയിൽ രാജ്യത്തെ മുൻനിര ഡിസൈനറായ അഞ്ജു മോദിയുടെ 2018 വെഡ്ഡിങ് കലക്‌ഷനുകളാണ് ഇന്നലെ അവതരിപ്പിച്ചത്. വൃന്ദാവനം പോലെ ഒരുക്കിയ മനോഹരമായ സെറ്റിൽ ഇന്ത്യൻ തനതു വസ്ത്രങ്ങളെ അരങ്ങിലെത്തിച്ചത് ലക്ഷ്മി റാണ, സൊനാലിക സഹായ്, ഐശ്വര്യ സുസ്മിത, ഹേമാംഗി പാർതേ, അർച്ചന അകിൽകുമാർ, സപ്ന കുമാരി, നയോനിക ചാറ്റർജി തുടങ്ങിയ മുൻനിര മോഡലുകളാണ്.
മരങ്ങളും വല്ലികളും കൊണ്ട്, ഇന്ത്യൻ ഗ്രാമസങ്കൽപം മിഴിവോടെ ഒരുക്കിയ റാംപിൽ മോഡലുകൾ ആസ്വാദകർക്കിടയിലേക്ക് ഇറങ്ങിവന്നു. രാധാമാധവപ്രമേയത്തിലാണ് അഞ്ജു മോദി ബ്രൈഡൽ കലക്‌ഷനൊരുക്കിയത്. ഡൽഹിയിൽ നിന്നുള്ള സംഗീതജ്ഞ വിധി ശർമ ഷോക്ക് തൽസമയ സംഗീതമൊരുക്കി. രാജ്യത്തിനു കൈമോശം വന്ന പൈതൃക വസ്ത്രസങ്കൽപങ്ങളുടെ പുനരാവിഷ്കരണം കൂടിയായിരുന്നു ഷോ. പൂർണമായി ഹാൻഡ് മെയ്ഡായ വിവാഹവസ്ത്രശേഖരത്തിൽ മറ്റെവിടെയും കാണാനാകാത്ത എംബ്രോയിഡറി, ക്രിസ്റ്റൽ വർക്കുകളുമുണ്ട്.
ഇന്ത്യയുടെ ഉൾഗ്രാമങ്ങളിലെ പരമ്പരാഗത നെയ്ത്തുകാരിൽ നിന്നാണു ബോളിവുഡിന്റെ പ്രിയപ്പെട്ട ഡിസൈനർ കൂടിയായ അഞ്ജു ഫാബ്രിക്കുകൾ ശേഖരിക്കുന്നത്.
വൃന്ദാവന മോടിയോടെ വേദി
നിറം മങ്ങിയ വേദിയിൽ നിറപ്പകിട്ടാർന്ന വേഷങ്ങൾ മഴവില്ലു വിരിക്കുന്ന കാഴ്ചയാണ് എം4മാരി.കോം ഫാഷൻ വീക്കിന്റെ ആദ്യ ദിനത്തിൽ വിരുന്നൊരുക്കിയത്. ശ്രീകൃഷ്ണന്റെ വൃന്ദാവനത്തെ അപ്പാടെ വേദിയിലേക്കു കൊണ്ടുവരുന്നതായിരുന്നു ഷോയ്ക്കു വേണ്ടി ഒരുക്കിയ സെറ്റ്.
മാൻപേടകളും ഗോക്കളും മയിലുകളും അരയന്നങ്ങളുമെല്ലാം വേദിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്ലാം കറുപ്പും വെളുപ്പും നിറങ്ങളിൽ വരച്ചെടുത്തവ. ചെടികളും മരങ്ങളുമെല്ലാം നിറഞ്ഞ പ്രകൃതി അതുപോലെതന്നെ ഒരുക്കി.
വെളുത്ത പ്രതലത്തിൽ കറുത്ത മഷികൊണ്ടു വൃന്ദാവനത്തിന്റെ ചിത്രം വരച്ചത് ഡിസൈനർ അഞ്ജു മോദി. വാഴയും ചേമ്പും പൂച്ചെടികളും തുടങ്ങി കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളുടെ പ്രതീതി ഉണർത്തുന്ന ചെടികളും മരങ്ങളും വള്ളികളും കൊണ്ടാണു വേദി അലങ്കരിച്ചത്.
കണ്ണിൽ കുത്തുന്ന ചായങ്ങളില്ലാതെ, മനസ്സിൽ നിറയുന്ന കാഴ്ചകളാണെല്ലാം. ബ്ലാക്ക് ആൻഡ് വൈറ്റ് ഉദ്യാനത്തിലേക്കു വിടർന്ന പൂക്കളെ പോലെയാണ് ഓരോ വധുവും കടന്നു വന്നത്. മാസങ്ങളോളമെടുത്തു തയാറാക്കിയ ഹാൻഡ്മേഡ് വസ്ത്രങ്ങളുടെ നിറങ്ങൾ ഉദ്യാനത്തിന്റെ ശോഭ കൂട്ടി. വേദിയും കാണികളും തമ്മിലുള്ള അന്തരം പോലും മനസ്സിലാകാത്ത വിധമാണു സെറ്റ് ക്രമീകരിച്ചത്. ബോളിവുഡ് സിനിമകളെ വെല്ലുന്ന സെറ്റ് ഡിസൈൻ ചെയ്തതും അഞ്ജു മോദി തന്നെ.
വൃന്ദാവനമെന്നോ ഇന്ത്യൻ ഗ്രാമങ്ങളുടെ പ്രതീകമെന്നോ സെറ്റിനെ വിളിക്കാമെന്ന് അവർ പറയുന്നു. ഓരോ ഡിസൈനർ വസ്ത്രവും ഇന്ത്യൻ ഗ്രാമീണതയുടെ പാരമ്പര്യമാണു വിളിച്ചോതുന്നത്.
ലെഹംഗകൾ ലഹരിയാവും
എം4 മാരി.കോം അണിയിച്ചൊരുക്കുന്ന ബ്രൈഡൽ വീക്കിൽ ശനിയാഴ്ച ലെഹംഗകളുടെ ഉത്സവം. തരുൺ താഹിലിയാനി ഡിസൈൻ ചെയ്ത മനോഹരമായ ലെഹംഗകളണിഞ്ഞു രാജ്യത്തെ മുൻനിര മോഡലുകൾ റാംപിൽ ചുവടുവയ്ക്കും. പാരമ്പര്യ വസ്ത്രങ്ങളുടെ തനിമയും ആധുനികതയുടെ സൗന്ദര്യവും ഇഴചേർന്ന ലെഹംഗകൾ ഇന്ത്യൻ വധുവിനു നൽകുന്ന പ്രൗഢി കാണാനാകും.
ഓരോ ലെഹംഗയും തയാറാക്കാൻ മൂന്നു മാസത്തിലധികം സമയം വേണ്ടിവരും. റെഡ്, റൂബി, ഓറഞ്ച്, പിങ്ക് തുടങ്ങിയ കടുംനിറങ്ങളിൽ ക്രിസ്റ്റലുകളുടെയും ഇന്ത്യൻ എംബ്രോയിഡറിയുടെയും സമൃദ്ധി ദൃശ്യമാകും. ആഭരണത്തേക്കാൾ, വധുവിനെ അലങ്കരിക്കുന്ന ഹെവി ലെഹംഗകളുടെ ശേഖരവുമായാണു തരുൺ എത്തുന്നത്.
ബോളിവുഡ് താരങ്ങളുടെയെല്ലാം സ്വപ്ന ഡിസൈനറായ തരുൺ, മോഡേൺ ഫാബ്രിക്കുകളായ ഷിയർ സിൽക്, റെഷാംസ്, ലൈറ്റ് ബ്രേക്കേഡ്, ബാന്ദിനി തുടങ്ങിയവയിലാണു ലെഹംഗകളും ഗൗണുകളും കുർത്തികളുമൊരുക്കിയത്. ഹെവി ലുക്ക് നൽകുന്ന ലൈറ്റർ ഡിസൈനുകൾ വളരെ ഭാരം കുറഞ്ഞവയുമാണ്. ക്രിസ്റ്റലുകൾക്കൊപ്പം സർദോസിയിലും ആരിയിലും ചിക്കൻകാരിയിലുമുള്ള ക്ലാസിക് ഇന്ത്യൻ എംബ്രോയിഡറി വർക്കുകളുമാണ് തരുണിന്റെ വസ്ത്രശേഖരത്തെ അതുല്യമാക്കുന്നത്.
ഇന്നു വൈകിട്ട് എട്ടിന് സെലിബ്രിറ്റി ഡിസൈനറായ തരുൺ താഹിലിയാനിയുടെ നവീന വിവാഹവസ്ത്രങ്ങളണിഞ്ഞ് മോഡലുകൾ റാംപിലെത്തും. നാളെ, ഗ്രാൻഡ് ഫിനാലെയിൽ ഗൗരവ് ഗുപ്തയാണു ഡിസൈനർ. 20 വനിതാ മോഡലുകളും നാലു പുരുഷ മോഡലുകളുമാണു റാംപിലെത്തുന്നത്. ഡിഎച്ച്ഐ, ഇവിഎം ബിഎംഡബ്ല്യു, അംബികാ പിള്ള സലൂൺസ്, ലേ മെറിഡിയൻ എന്നിവരാണു ബ്രൈഡൽ ഷോയുടെ സഹ പ്രായോജകർ. എം4 മാരി– കപ്പിൾ ടു ബി മത്സരത്തിൽ വിജയികളായ പവൻ ജോസഫ്, മരിയ ജോൺസ് എന്നിവർക്കുള്ള സമ്മാനം കല്യാൺ ജ്വല്ലേഴ്സ് മാർക്കറ്റിങ് ജനറൽ മാനേജർ അനൂപ് മുകുന്ദൻ ചടങ്ങിൽ വിതരണം ചെയ്തു.