ഇന്ത്യൻ ഫാഷൻ രംഗത്തെ അതികായനാണ് തരുൺ തഹിലിയാനി. പാശ്ചാത്യ–പൗരസ്ത്യ ഡിസൈനുകളുടെ വ്യത്യസ്തമായ ഫ്യൂഷനാണ് ബോളിവുഡിന്റെ ഈ സെലിബ്രിറ്റി ഡിസൈനറുടെ വസ്ത്രങ്ങളുടെ പ്രത്യേകത. കൊച്ചിയിൽ ആദ്യമായി ബ്രൈഡൽ ഷോ ചെയ്യാനെത്തിയ തരുൺ തഹിലിയാനി ‘ബിസിനസ് മനോരമ’യോട്:
ഇന്ത്യൻ ഫാഷൻ രംഗം കൂടുതലായും ബ്രൈഡൽവെയറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡിസൈനർമാരുടെ ക്രിയേറ്റിവിറ്റിക്ക് തടസമാണോ ?
ഇന്ത്യൻ ഡിസൈനർമാർ ബ്രൈഡൽ ഫാഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നില്ല. വിവാഹമാണു നമ്മുടെ നാട്ടിലെ വലിയ ആഘോഷം. അതുകൊണ്ടു തന്നെ ഫാഷൻ ബിസിനസും അതിനെ ചുറ്റിപ്പറ്റിയാണ്. വിവാഹമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ ചടങ്ങുകൾ, അതിനാവശ്യമായ വസ്ത്രങ്ങൾ, വലിയൊരു ആഘോഷം. അതുകൊണ്ടു തന്നെ മികച്ച വസ്ത്രങ്ങൾ, മികച്ച ഡിസൈനുകൾ എല്ലാം ബ്രൈഡൽ ഫാഷന്റെ ഭാഗമാകുന്നു. നമ്മുടെ സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യൻ couture കലക്‌ഷൻ വസ്ത്രങ്ങളിൽ നിറയുന്നത്. അവ ധരിക്കാൻ മറ്റൊരു വേദിയില്ല. പ്രധാന ഫാഷൻ അരങ്ങ് വിവാഹവേദിയാകുന്നുവെന്നു മാത്രം.
ബ്രൈഡ് ഓഫ് ടുഡേ എന്ന പേരിൽ വസ്ത്രങ്ങൾ ഒരുക്കുന്നുണ്ടല്ലോ . എന്താണ് പഴയ വധുവും പുതിയ വധുവും തമ്മിൽ വ്യത്യാസം.
വിവാഹ വസ്ത്രമെന്നാൽ ഹെവി ആയിരിക്കണം എന്നാണ് പൊതുവെയുള്ള ധാരണ. എന്തു കഷ്ടമാണത്. 30 കിലോഗ്രാം ഭാരമുള്ള വസ്ത്രവും കൂറെ ആഭരണങ്ങളും ധരിച്ച് എങ്ങനെയാണ് പാർട്ടിയിൽ നൃത്തം ചെയ്യാനും ആഘോഷിക്കാനും കഴിയുക. ചിലരാകട്ടെ ഇതെല്ലാം ധരിച്ചു ശരീരത്തിൽ ചോരയൊലിപ്പിച്ചു വേദനയോടെയാണ് സമയം കഴിച്ചുകൂട്ടുന്നത്. ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലൈറ്റ് വെയ്റ്റ് ലെഹംഗകളിലാണ്. വധുവിന് കംഫർട്ടബിളായി ധരിക്കാനും നടന്നുനീങ്ങാനും കഴിയണം. ഭാരം കുറച്ചുകൊണ്ട് ഡിസൈനര്‍ ഔട്ട്ഫിറ്റുകൾ ഹെവിയാക്കാൻ കഴിയും.
ബ്രൈഡൽ ലെഹംഗകൾക്കു പൊതുവേ ചുവപ്പു നിറമാണ്. പുതിയ നിറങ്ങൾ വരുന്നതിനെക്കുറിച്ച് പറയാമോ?
കൊച്ചിയിലെ ബ്രൈഡൽ ഷോയിൽ ഞാൻ അവതരിപ്പിച്ചത് രണ്ടു തരത്തിലുള്ള കലക്‌ഷൻ ആണ്. ആദ്യത്തെ സെഷൻ പാരമ്പര്യ വസ്ത്രങ്ങളായിരുന്നു. അതിൽ കൂടുതൽ ചുവപ്പു നിറം അടിസ്ഥാനമാക്കിയുള്ള ലെഹംഗകളാണ്. രണ്ടാമത്തെ സെഷനിൽ നോൺ– ഇന്ത്യൻ കളേഴ്സ് ആണ്. പേസ്റ്റൽ നിറങ്ങളെ ഇംഗ്ലീഷ് നിറങ്ങൾ എന്നാണ് ഇവിടെയുള്ളവര്‍ പറയുക. പക്ഷേ മികച്ച നിറങ്ങളാണവ. നിങ്ങളുടെ ചർമം ഇരുണ്ടതായാലും വെളുത്തതായാലും ഇവ ഒരുപോലെ ചേരും. കേരളത്തിലുള്ളവർക്കും രണ്ടു സ്കിൻ ടോൺ ഉണ്ടല്ലോ. ഇരുനിറക്കാർക്ക് പെയിൽ നിറങ്ങൾ വളരെ അനുയോജ്യമാണ്. പക്ഷേ നമുക്ക് അവയത്ര പരിചിതമല്ല എന്നു മാത്രം. വേസ്റ്റേൺ വസ്ത്രങ്ങളിൽ കൂടുതലും പെയിൽ ഷേഡുകളാണ്. ഇന്ത്യൻ എത്നിക് വെയറുകളിലും ഈ നിറങ്ങൾ നന്നായി ചേരും.
ഇവിടെ ഞാൻ ചില പരസ്യബോർഡുകൾ ശ്രദ്ധിച്ചു. പേസ്റ്റൽ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് അതിലുള്ളത്. വളരെ നല്ല ട്രെൻഡ് ആണിത്.
താങ്കളുടെ ഫാഷൻ ഫിലോസഫി ‘‘All that we were and more” എന്നാണല്ലോ. More എന്നതിൽ എന്തൊക്കെയുണ്ട് ?
ഞാൻ ഈ രംഗത്തേക്കു വരുമ്പോൾ ആലോചിച്ചത് നമ്മുടെ മികച്ച വസ്ത്ര പാരമ്പര്യത്തിന് എങ്ങനെ മോഡേൺ എലമെന്റ് കൊടുക്കാമെന്നതാണ്. ചരിത്രത്തിലേക്കു നോക്കിയാൽ അറിയാം പണ്ട് ഒരു ഡിസൈനറുടെ ആവശ്യമുണ്ടായിരുന്നില്ല. അന്ന് ടൈലറുടെ ആവശ്യമില്ല. തുണി മാത്രം മതി. ഡ്രേപിങ് ആണ് കല. തമിഴ്നാട്, കേരളം തുടങ്ങി തെന്നിന്ത്യയിലെ വസ്ത്രരീതികൾ നോക്കിയാൽ കാണാം. എത്ര വ്യത്യസ്ത രീതികളിലാണ് തുണികൾ ധരിക്കുന്നത്. സാരിയുടുക്കുന്നതിലെ തന്നെ വ്യത്യസ്ത രീതികൾ കണ്ടിട്ടില്ലേ. ഓരോ നാട്ടിലെയും ഈ പാരമ്പര്യ വസ്ത്രരീതികൾക്കു മോഡേൺ എലമെന്റ് നൽകിയിട്ടുള്ള ഒട്ടേറെ കലക്ഷനുകൾ ഒരുക്കിയിട്ടുണ്ട്.
ഈയിടെ നടന്ന ന്യൂയോർക്ക് ഫാഷൻ വീക്കിൽ ഇന്ത്യയുടെ കുർത്ത – പൈജാമ ഇൻസ്പെയഡ് കലക്ഷൻ റാംപിലെത്തിയിരുന്നു. ഇവിടെ താങ്കളെപ്പോലുള്ള ഡിസൈനർമാർ പാരമ്പര്യത്തെ വേസ്റ്റേൺ ഘടകങ്ങളുമായി ചേർത്തു ഫ്യൂഷൻ ഒരുക്കുന്നു ?
വേസ്റ്റേൺ ഡിസൈനർമാർ എപ്പോഴും ഇന്ത്യയുടെ വസ്ത്രങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഡിസൈനുകൾ ചെയ്യാറുണ്ട്. നമ്മുടെ പാരമ്പര്യം മികച്ചതാണ്. എന്നുവച്ച് പുതിയ തലമുറയോട് അവരുടെ അപ്പൂപ്പന്റേയോ അമ്മൂമ്മയുടേയോ വസ്ത്രരീതി പിന്തുടരാൻ നിർബന്ധിക്കാൻ പറ്റില്ല. കാലം മാറി. പണ്ടത്തെ സാരി അല്ലെങ്കിൽ ലെഹംഗ ഇന്നത്തെ പെൺകുട്ടിക്ക് ധരിക്കാന്‍ പറ്റില്ല, അതു ഡ്രേപ് ചെയ്യാൻ അവർക്ക് അറിയില്ല. അല്ലെങ്കിൽ അതു ആ രീതിയിൽ ധരിച്ചാൽ അവരുടെ ജോലികൾ നടക്കില്ല. ഇന്നു നിങ്ങൾ രാത്രിയും ജോലി ചെയ്യുന്നു. നിങ്ങളുടെ അമ്മൂമ്മയ്ക്ക് ഈ സമയത്തു അവരുടെ വീടിനു പുറത്തിറങ്ങാൻ പോലും സാധിച്ചിട്ടുണ്ടാകില്ല. അതാണു വ്യത്യാസം. നമ്മുടെ ജീവിതത്തിനാവശ്യമായ ഫ്ലൂയിഡിറ്റി വസ്ത്രങ്ങളിലും ഡിസൈനുകളിലും വേണം.
അതേസമയം അമ്മുമ്മയുടെ സാരി അല്ലെങ്കിൽ വസ്ത്രം എന്നിവ പൈതൃകമാണ്. വളരെ സമ്പന്നമായ പൈതൃകം.
സസ്റ്റെനബിൾ ഫാഷൻ, സ്‌ലോ ഫാഷൻ എന്നിങ്ങനെയുള്ള ട്രെൻഡുകൾ വരുന്നു. വളരെ വിലയേറിയ ബ്രൈഡൽ വെയർ പോലുള്ളവയ്ക്ക് ഒരു ദിവസത്തെ മാത്രം ഉപയോഗമല്ലേ വരുന്നുള്ളൂ. അത് പാഴല്ലേ ?
എല്ലാ ഫാഷൻ ട്രെൻഡുകളും നല്ലതാണ്, അതു വേണ്ടതുമാണ്. എന്നാൽ ബ്രൈഡൽ വെയറുകൾക്ക് ഒരു ദിവസത്തെ മാത്രം ലൈഫ് അല്ല ഉള്ളത്. ഇന്നത്തെ ഷോയിലെ ലെഹംഗകൾ നോക്കൂ. അത് ഒരു പാർട്ടിയിൽ മാത്രമല്ല മറ്റു പല അവസരങ്ങളിലും ഉപയോഗിക്കാം. വ്യത്യസ്തമായി ഡ്രേപ് ചെയ്യാം. ലെഹംഗയും ചോളിയും മിക്സ് ആൻഡ് മാച്ച് ചെയ്യാം. ഒട്ടേറെ സാധ്യതകളുണ്ട്. മാത്രമല്ല വരുന്ന തലമുറയ്ക്കായി അതു കൈമാറുകയും ചെയ്യാം.
കേരള ഹാൻഡ്‌ലൂം താങ്കളുടെ കലക്‌ഷനിൽ എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ ?
കേരള ഹാൻഡ്‌ലൂം മികച്ചതാണ്. ക്രീം, ഗോൾഡ് നിറങ്ങൾ വളരെ നല്ലത്. ഞാനത് ദുപ്പട്ടകളിൽ ഉപയോഗിച്ചിട്ടുണ്ട്.
വസ്ത്ര ഡിസൈനിങ് രംഗത്തു മാത്രമല്ല ഇന്റീരിയർ ഡിസൈനിങ്, ജ്വല്ലറി ഡിസൈനിങ് തുടങ്ങി ഒട്ടേറെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണല്ലോ . ഡിസൈനിങ് ഈസ്തെറ്റിക്സ് എല്ലായിടത്തും ഒരുപോലെയാണോ ?
പുതിയ ടെക്നിക് പഠിക്കുക എന്നതാണ് അടിസ്ഥാനം. തീര്‍ച്ചയായും അനുഭവ പരിചയം മറ്റൊരു വസ്തുതയാണ്. പക്ഷേ നമുക്കൊരു ഫ്രെഷ് ഐ (fresh eye) ഉണ്ടാവുക എന്നതാണു പ്രധാനം.
ഞാൻ കൊച്ചിയിലേക്കു വന്നത് ഹൈദരാബാദിൽ നിന്നാണ്. അവിടെ നടൻ ചിരിഞ്ജീവിയുടെ വീടിന്റെ ഇന്റീരിയർ ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയാണ് . ചുമരുകളിലും മറ്റും ഇന്ത്യൻ ഹെറിറ്റേജിന്റെ തന്നെ ഭാഗമായ ചില സങ്കീർണമായ ഡിസൈനുകൾ ഒരുക്കുന്നു. പെട്ടെന്നു തന്നെ ആ ജോലികൾ തീരും. ഡിസൈനിങ്ങിന്റെ എല്ലാ വശങ്ങളും ഞാൻ ആസ്വദിച്ചാണു ചെയ്യുന്നത്.