ആദ്യമായാണ് കേരളത്തിലെത്തുന്നതെങ്കിലും ഡിസൈനർ ഗൗരവ് ജയ് ഗുപ്തയ്ക്ക് കൊച്ചിയുമായും കൈത്തറിയുമായും ഇഴപിരിക്കാനാകാത്ത ബന്ധമാണ്. പ്രളയം കയറിവന്നു നനച്ചുപോയ ചേന്ദമംഗലം കൈത്തറിയുടെ പുനരുദ്ധാരണത്തിന് ഗൗരവിന്റെ പങ്കുമുണ്ട്. സെപ്റ്റംബറിൽ മുംബൈയിൽ അവതരിപ്പിച്ച ‘ഗ്രാന്യൂലർ ടൈംസ്’ എന്ന കലക്ഷന്റെ വിൽപനയുടെ ഒരുഭാഗം ‘സേവ് ദ് ലൂം’ കൂട്ടായ്മയുടെ ഭാഗമായി ചേന്ദമംഗലത്തെത്തും. നെയ്ത്തുകാർക്കുള്ള സ്നേഹോപഹാരത്തിനു വഴിയൊരുക്കിയ ശേഷമാണ് ഗൗരവ് ജയ് ഗുപ്ത ഇവിടെത്തിയത്.
No need to save saree
പൊതുവെ ഇന്ത്യക്കാർക്ക് പഴയ കാര്യങ്ങളോടു വലിയ കമ്പമാണ്. അവർ നാലഞ്ചുകാര്യങ്ങൾ എപ്പോഴും ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു– ക്രിക്കറ്റ്, പൊളിറ്റിക്സ്, ബോളിവുഡ്, ഒപ്പം സാരിയും. ചില ഡിസൈനർമാർ പറയുന്നു– സാരിയെ രക്ഷിക്കണം. പക്ഷേ എനിക്കു തോന്നുന്നു, സാരിയെ ആരും രക്ഷിക്കേണ്ട, സാരിയാണ് ഈ ഡിസൈനർമാരെ രക്ഷിക്കുന്നത്. കാരണം നിങ്ങൾക്കറിയാം ഈ ഐറ്റമാണ് വിറ്റുപോകുന്നത്, അതുകൊണ്ടാണ് അവർ വീണ്ടും വീണ്ടും സാരികൾ തന്നെ ഡിസൈൻ ചെയ്യുന്നത്. സാരികൾ മരണശയ്യയിലാണെങ്കിലല്ലെ അവര്‍ സാരിയെ രക്ഷിക്കാൻ ശ്രമിക്കുകയാണ് എന്നു പറയേണ്ടതുള്ളൂ. ഡിമാൻഡ് & സപ്ലൈ തിയറിയാണ് ഇവിടെ സംഭവിക്കുന്നത്.
നോക്കൂ, ഒരു സംഗീതജ്ഞൻ വന്നു ഞാൻ ‘രാഗ്‌മലാർ’ റീ ഡിസൈൻ ചെയ്യാൻ പോകുന്നു, അല്ലെങ്കിൽ ബിഥോവന്റെ സിംഫണി റീഡിസൈൻ ചെയ്യുകയാണ് എന്നു പറഞ്ഞാൽ എന്താണവസ്ഥ. ഒരു രാഗം റീഡിസൈൻ ചെയ്യാനാകില്ല. ഇതു തന്നെയാണ് സാരിയുടെ കാര്യവും. ഇനി, ചെറുപ്പക്കാരിലേക്ക് സാരികളെത്തിക്കണമെന്നാണെങ്കിൽ സാരിയുടെ വ്യത്യസ്ത എലമെന്റ് എടുത്ത് ഇന്നത്തെ ചെറുപ്പക്കാരോടു സംവദിക്കുന്ന രീതിയിലാക്കുകയാണ് ചേയ്യേണ്ടത് .
ഗ്രാന്യൂലർ ടൈംസ്
എന്റെ പുതിയ കലക്ഷനിൽ 50 സാരികളാണുള്ളത്. രണ്ടു വർഷമെടുത്താണ് അവയൊരുക്കിയത്. അതിന്റെ തുടക്കത്തിൽ ഞാൻ തീരുമാനിച്ചത് സാധാരണ കാണുന്ന മോട്ടിഫുകളായ പൂക്കൾ, താമര തുടങ്ങിയ എലമെന്റുകൾ വേണ്ട. ബനാറസിയും കാഞ്ചീപുരവുമെല്ലാം ഇത്തരം മോട്ടിഫുകളില്ലാതെ കാണാനാകില്ല. പഴയ വൈൻ പുതിയ കുപ്പിയാക്കുന്ന പരിപാടിയാണത്. ഞങ്ങൾ ചെയ്തത് പുതിയ മെറ്റീരിയൽ കോംബിനേഷനുകൾ, കുറെയേറെ പുതിയ നിറങ്ങൾ, ജ്യോമെട്രിക് പാറ്റേൺസ് എന്നിവയാണ്.
ഒരുപാട് ഓർണമെന്റേഷൻ എനിക്കു താൽപര്യമില്ല. കണ്ണിനു സുഖകരമാകണം വസ്ത്രങ്ങൾ. സിംഗിൾ കളർ, ഒരു സാരിയിൽ തന്നെ നാലും അഞ്ചും മെറ്റീരിയൽ, മെറ്റൽ ചേർത്തു വീവ് ചെയ്ത സാരികൾ, ബോർഡർ ഇല്ലാതെയുള്ളത് എന്നിവയാണ് ഇതിലുള്ളത്.
എല്ലാവരും പഴമയിലേക്കു നോക്കുമ്പോൾ എനിക്കെന്തു കൊണ്ട് ഭാവിയിലേക്കു നോക്കിക്കൂടാ എന്നതാണ് അടിസ്ഥാനപരമായി എന്റെ ഡിസൈനർ ഫിലോസഫി.
മൂല്യം അടിസ്ഥാനമാക്കി വില
ഡിസൈനർ വെയർ എന്ന പേരിൽ മാത്രം വലിയൊരു തുക ചെലവാക്കുന്നതിൽ അർഥമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു വസ്ത്രം കാണുമ്പോൾ അതിനു പിന്നിലുള്ള അധ്വാനം മനസിലാക്കാനാകണം, ഇത്രയധികം പണം ചെലവഴിക്കുന്നത് എന്തിനു വേണ്ടിയാണെന്ന ബോധ്യമുണ്ടാകണം.
എംബ്രോയ്ഡറി
ഇതു മാറ്റണമെന്നോ വേണ്ടെന്നോ പറയാൻ ഞാനാളല്ല. കാരണം ഉപഭോക്താക്കളാണ് അവസാനവാക്ക്. അതാണ് ആളുകൾക്കു വേണ്ടതെങ്കിൽ, അതു തന്നെയല്ലേ ഇവിടെയുണ്ടാകൂ. ആർക്കും റിസ്ക് എടുക്കാൻ താൽപര്യമില്ല. ഫാഷൻ രംഗം ഗ്ലാമറസാണെന്നു തോന്നുമെങ്കിലും സർവൈവൽ വലിയ പ്രശ്നമാണ്. ഞങ്ങൾക്ക് ഫാക്ടറികൾ നടത്തണം, ബില്ലുകൾ അടയ്ക്കണം, ടെയ്‌ലേഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് വേതനം നൽകണം. എന്നോടൊപ്പം 200 പേരുണ്ട്. ഇപ്പോഴും എംബ്രോയ്ഡറി ചെയ്യാത്ത വളരെ ചുരുക്കം ബ്രാൻഡുകളിലൊന്നാണ് ‘അകാരോ’. പക്ഷേ മറ്റൊന്നുണ്ട് എംബ്രോയ്ഡറി നമ്മുടെ നാടിന്റെ സ്കിൽ ആണ്. അതു ചെയ്യാതിരിക്കേണ്ട. മറ്റൊന്ന് ആളുകള്‍ വസ്ത്രങ്ങളുടെ മൂല്യം മനസിലാക്കുന്നത് എംബ്രോയ്ഡറിയുടെ പേരിലാണ്. എംബ്രോയ്ഡറിയുണ്ടോ, എങ്കിൽ വില കൂടും എന്നാണ് വിശ്വാസം. പക്ഷേ ഒരു പ്ലെയിൻ ഫാബ്രിക്കിന്റെ സൗന്ദര്യം മനസിലാക്കുന്നവർ കുറവാണ്. കേരള കൈത്തറി ഉൾപ്പെടെയുള്ള തുണിത്തരങ്ങൾക്ക് ഒട്ടേറെ പ്രാധാന്യമുണ്ട്. പക്ഷേ ഇതു മനസിലാക്കുന്നവർ കുറവാണ്. ഇതു മാർക്കറ്റ് ചെയ്യണം. ഉപഭോക്താക്കളെ ബോധവൽക്കരിക്കണം
ബോളിവുഡ് ഫാഷൻ
എന്തുകൊണ്ട് മാറ്റങ്ങള്‍ വരുന്നില്ല എന്നതിന്റെ ഒരു കാരണം ബോളിവുഡ് ആണ്. ഉത്തരേന്ത്യയിൽ ഫാഷൻ നിര്‍ണയിക്കുന്നതിൽ ബോളിവുഡിന് വലിയൊരു പങ്കുണ്ട്. ചിലപ്പോഴൊക്കെ ഇത് ഒകെയാണ്, പക്ഷേ എപ്പോഴും ഇത് ഒകെയല്ല. എന്തുകൊണ്ടാണ് അവരെ ദൈവങ്ങളായി കാണുന്നതെന്ന് എന്ന് എനിക്കു മനസിലാകാറില്ല. സ്വന്തം ഡിസൈനുമായി ബോളിവുഡ് താരങ്ങളുടെ പിന്നാലെ ഓടേണ്ടി വരുന്നത് എന്തൊരു നാണക്കേടാണ്. ഞാൻ എന്റെ ബ്രാൻഡിന്റെ വസ്ത്രങ്ങൾ ധരിക്കാനാവശ്യപ്പെട്ട് താരങ്ങളുടെ പിന്നാലെ പോകാറില്ല. വേണമെങ്കിൽ നിങ്ങൾ വാങ്ങി ധരിക്കൂ എന്നേ അവരോടു പറയൂ. അവർ കലാകാരന്മാരാണ്, ഞാനുമതേ. അവര്‍ ജോലിയാണ് ചെയ്യുന്നത്, ഞാനും ചെയ്യുന്നതു ജോലി തന്നെ. ഈ രംഗത്തെ പവർ പ്ലേ മാറിയേ പറ്റൂ. എന്തിനവരെ ദൈവങ്ങളായി വാഴിക്കണം.
ഡിസൈനർമാരല്ല; നെയ്ത്തുകാരാണ് രക്ഷകർ
നെയ്ത്തുകാരെ ശാക്തീകരിക്കാൻ ഡിസൈനർമാർ ആളല്ല. അവരാണ് ഡിസൈനർമാരുടെ രക്ഷകർ. എന്റെ അറിവിൽ നെയ്ത്ത് അറിയുന്ന ഡിസൈനർമാർ വിരളമാണ്. പരിശീലനം നേടിയ ചില ഡിസൈനർമാരുണ്ടാകാം, എനിക്ക് നെയ്യാനറിയാം. പക്ഷേ എനിക്ക് വീവേഴ്സിന്റെ സഹായം കൂടിയേ തീരു. ഞങ്ങള്‍ നെയ്ത്തുകാരെ സഹായിക്കുകയാണ് എന്നു പറയുന്ന ഈ ഡിസൈനർമാർ എന്താണു ചെയ്യുന്നത്.
നോക്കൂ, മനീഷ് മൽഹോത്രയെന്ന ഡിസൈനർ ജീവിതത്തിലൊരിക്കലും ഹാൻഡ്‌ലൂം ചെയ്തിട്ടില്ല. പക്ഷേ ഇപ്പോഴിതാ ഹാൻഡ്‌ലൂം കൊണ്ടുവരുന്നു. സാഹചര്യത്തിന്റെ ആനൂകൂല്യം മുതലാക്കുകയാണ്. ഞാൻ തുടക്കം മുതൽ ഹാൻഡ് ലൂം മാത്രമാണ് ചെയ്യുന്നത്. അക്കാരോ എന്ന ബ്രാൻഡിന്റെ ഡിഎൻഎ തന്നെ ലൂം ആണ്. എന്റെ ഓഫിസിൽ തറിയുണ്ട്.
കൂട്ടായ പ്രവർത്തനം വേണം
നെയ്ത്തുകാരുടെ ശാക്തീകരണത്തിന് കൂട്ടായ പ്രവർത്തനങ്ങൾ വേണം–ഡിസൈനർമാരുടെയും സർക്കാരിന്റെയും ഉപഭോക്താക്കളുടെയും ശ്രമം വരണം. നോക്കൂ, ഒരു മീറ്റർ ഖാദിക്ക് 2000 രൂപ മുടക്കാൻ നിങ്ങൾ തയാറാവില്ല. നെയ്ത്തുകാർക്ക് ഒരുമാസം കിട്ടുന്നത് 3000 –6000 രൂപയായിരിക്കും. ഒരു സെക്യൂരിറ്റി ഗാർഡിന് ഒരുപക്ഷേ 15,000 രൂപ കിട്ടും. (ഡൽഹിയിലെ കാര്യമാണ് ഞാൻ പറയുന്നത്, ഇവിടത്തേത് എനിക്കറിയില്ല) ഒരു നെയ്ത്തുകാരന്‍ രാവിലെ ആറു മുതൽ രാത്രിവരെ സ്വന്തം പുറം പൊളിയുന്ന വേദനയിലാണ് ജോലി ചെയ്യുക. അവരുടെ മക്കൾ ഈ ജോലിയിലേക്കു തിരിയില്ല.
കൈത്തറിക്കായി ചെയ്യാനുള്ളത് അതിനു വേണ്ടിയുള്ള ആവശ്യം/ആഗ്രഹം സൃഷ്ടിക്കുക, ബോധവൽക്കരണം നടത്തുക, ഒപ്പം നെയ്ത്തുകാരുടെ ആത്മവിശ്വാസം ഉയർത്തുക. അവർ ചെയ്യുന്നതിന്റെ മൂല്യം അവർക്കു ബോധ്യപ്പെടുത്തണം. ഹാഷ്ടാഗുകളിലും ഹാൻഡ്‌ലൂം ഡേ ആഘോഷിക്കുന്നതിലും മാത്രം കാര്യമില്ല. കൃത്യമായി മാർക്കറ്റ് ചെയ്യണം, രാജ്യത്തിനകത്തും പുറത്തും
കാഴ്ചകളുടെ കൊച്ചി
ഫാഷൻ കൺസൽട്ടന്റ് രമേശ് മേനോനുമായുള്ള പരിചയമാണ് എന്നെ കൊച്ചിയിലെത്തിച്ചത്. അദ്ദേഹമാണ് ചേന്ദമംഗലത്തെ നെയ്ത്തുകാരുടെ പ്രശ്നങ്ങൾ അറിയിച്ചതും. കൊച്ചിക്ക് സ്വന്തമായ വ്യക്തിത്വമുണ്ട്. വികസനമുണ്ട്, വൃത്തിയുണ്ട്, എല്ലാം ഇവിടെയുണ്ട്. ഞാനിവിടത്തെ പുരുഷന്മാരെയും സ്ത്രീകളെയും കണ്ടു. ഈ നാടിനൊരു ചരിത്രമുണ്ട്. നിങ്ങൾക്കിവിടെ എല്ലാം ഉണ്ട്, പക്ഷേ അതിന്റെ പേരിൽ Don’t take it for granted!