ലോകസുന്ദരീ കിരീടം ചൂടുമ്പോൾ ധരിച്ച ഗൗൺ തയാറാക്കിയത് രണ്ടു ദിവസം കൊണ്ടെന്നു വെളിപ്പെടുത്തി മാനുഷി ഛില്ലർ. പുതിയ ലോക സുന്ദരിയെ കണ്ടെത്താനുള്ള മത്സരം ആരംഭിക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മാനുഷി സമൂഹമാധ്യമത്തിൽ ഓർമകൾ പങ്കുവെച്ചത്. ലോകസുന്ദരീ കിരീടത്തിലേക്കുള്ള യാത്രയിൽ കൂടെ നിന്നവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് ഗൗണിന്റെ രഹസ്യം വെളിപ്പെടുത്തിയത്.
തന്റെ പ്രിയപ്പെട്ട നിറം പിങ്ക് ആണെന്ന് അറിഞ്ഞ് ഡിസൈനർമാരായ ഫൽഗുനിയും ഷെയ്നും രണ്ടു ദിവസം കൊണ്ടു ഗൗൺ ഒരുക്കുകയായിരുന്നുവെന്ന് മാനുഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മത്സരത്തിന്റെ അവസാന റൗണ്ടിൽ മാനുഷി ധരിച്ച ഗൗണിന്റെ വില അഞ്ചു ലക്ഷം രൂപയായിരുന്നു. പിങ്ക് ലേസ് അണ്ടർലൈനിങ്ങോടെ സോഫ്റ്റ് പിങ്ക് ടുളിൽ ഒരുക്കിയ ഓഫ് ഷോൾഡർ ഗൗണിൽ നിറയെ സ്വരോസ്‌കി ക്രിസ്റ്റലുകളാണ്. മാനുഷിയുടെ സൗന്ദര്യത്തിനു മിഴിവേറ്റും വിധമുള്ള കട്ടിങ്ങും പാറ്റേണും ഗൗണ്‍ മനോഹരമാക്കി. വേയ്സ്റ്റ് െബൽറ്റും, ക്രിസ്ക്രോസ് രീതിയിലുള്ള ഗൗണിലെ വരകളും മാനുഷിയ്ക്ക് അലങ്കാരമായി. ഗൗണിനു ട്രെൽ ഉണ്ടായിരുന്നെങ്കിലും കിരീടധാരണ വേദിയിൽ ഇതു ധരിച്ചിരുന്നില്ല.
ഗോള്‍ഡ് ആന്റ് പിങ്ക് ഓപ്ഷനുകളായിരുന്നു മാനുഷിക്ക് ഫൈനല്‍ റൗണ്ടില്‍ ധരിക്കുന്നതിനുള്ള വസ്ത്രത്തിനു വേണ്ടി മനസില്‍ ഉണ്ടായിരുന്നതെന്നും പിങ്ക് കളര്‍ വേണമെന്നായിരുന്നു മാനുഷിയുടെ ആഗ്രഹപ്രകാരമാണ് ആ ഗൗൺ ഒരുക്കിയതെന്നും ഡിസൈനർമാർ മത്സരശേഷം പറഞ്ഞിരുന്നു. എന്നാൽ ഫാഷൻ ചരിത്രത്തിന്റെ ഭാഗമായ ആ ഗൗൺ രണ്ടു ദിവസം കൊണ്ടാണ് ഒരുക്കിയതെന്നു മാനുഷി വ്യക്തമാക്കി.
ലോകസുന്ദരീ പട്ടത്തിലേക്കുള്ള കുതിപ്പിൽ തുടക്കം മുതൽ അവസാനം വരെ കൂടെ നിന്ന എല്ലാവരുടെയും പേര് എടുത്തു പറഞ്ഞായിരുന്നു മാനുഷി പോസ്റ്റിട്ടത്. 2017ലാണ് ഹരിയാനക്കാരി മാനുഷി ചൈനയിലെ സന്‌യ സിറ്റി അരീനയിൽ നടന്ന മത്സരത്തിൽ ലോകസുന്ദരീ കിരീടം ചൂടിയത്. 17 വർഷങ്ങള്‍ക്കുശേഷമായിരുന്നു ഒരു ഇന്ത്യക്കാരി ഈ നേട്ടം സ്വന്തമാക്കുന്നത്.
ചൈനയിലെ സന്‌യ സിറ്റി അരീനയാണ് 2018 ലോക സുന്ദരീ മത്സരത്തിനും വേദിയാകുന്നത്. ഡിസംബർ 8നാണ് മത്സരം.