ദീപിക–രൺവീർ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്; പണ്ടേ ഹിറ്റ്, ഇപ്പോൾ സൂപ്പർ ഹിറ്റ്

ദീപ്‌വീർ വിവാഹം ആഘോഷിക്കുന്ന തിരക്കിലാണ് സോഷ്യൽമീഡിയയും ആരാധകരും. വിവാഹച്ചിത്രങ്ങൾക്ക് ഒരു മണിക്കൂറിനുള്ളിൽ കിട്ടിയ 26 ലക്ഷം ലൈക്കുകൾ മതി ആവേശം എത്രത്തോളമുണ്ടെന്നറിയാൻ. വിവാഹച്ചിത്രങ്ങളോടൊപ്പംതന്നെ വിവാഹവസ്‌ത്രങ്ങളിലെ സബ്യസാചി മാജിക്കിനും കിട്ടി ബോളിവുഡിന്റെയും ആരാധകരുടെയും നിറഞ്ഞ കൈയടി. 

500 രൂപയുടെ ടീഷർട്ടിലും 10 ലക്ഷത്തിന്റെ സാരിയിലും ഒരുപോലെ പെർഫക്‌ടായ ദീപിക പദുക്കോണും ഏതു വസ്‌ത്രമായാലും ചെറിയൊരു പരീക്ഷണം നിർബന്ധമുള്ള രൺവീർ സിങ്ങിനുമായി ഒരുക്കിയ വിവാഹവസ്‌ത്രങ്ങൾ നിറങ്ങളുടെ ചേർച്ചകൊണ്ടും പ്രൗഡികൊണ്ടും ബോളിവുഡ് താരങ്ങളെപ്പോലും ആസൂയപ്പെടുത്തുന്നതായിരുന്നു.

വിവാഹത്തിനു മുൻപേ തന്നെ ഹിറ്റായ ഇരുവരുടെയും പെയർ ഫാഷൻ ഇപ്പോൾ ആരാധകരേറിയിരിക്കുകയാണ്. കാഷ്വൽ മുതൽ റെഡ് കാർപറ്റ് വെയറിൽ വരെ ഇരുവരും ചേർന്ന് ഒരുക്കിയ ഫാഷൻ വിരുന്ന് ഇനി വരുംദിവസങ്ങളിലും തുടരുമെന്നതിൽ സംശയമില്ല. 

ആർക്കും കോപ്പിയടിക്കാവുന്ന ചില ദീപ്‌വീർ കോസ്‌റ്റ്യൂം ഐഡിയകൾ ഇതാ.

 റോയൽ ലുക്ക്

സാരിയും ഷെർവാണിയുമില്ലാതെ എന്ത് ഇന്ത്യൻ ഫാഷൻ. കടും നിറത്തിലുള്ള ബ്രൊക്കേഡ് ഷെർവാണിയും ഫ്‌ളോറൽ പ്രിന്റഡ് സാരിക്കൊപ്പം ഫുൾസ്ലീവ് ബ്ലൗസും വാർഡ്ര്‌റോബിലുണ്ടെങ്കിൽ ഏതു പ്രായത്തിലും ഏതു ഫങ്‌ഷനിലും ഫാഷൻഫ്‌ളോപ്പെന്ന പഴി കേൾക്കാതിരിക്കാം.

 ഔട്ടിങ്

ഷോപ്പിങ്ങിനോ സിനിമയ്‌ക്കോ പോകണമെങ്കിൽ കാഷ്വൽസ് തന്നെ വേണം. രൺവീറിന്റെ ഡെനിം ഓൺ ഡെനിം ലുക്കും ദീപികയുടെ സ്വെറ്റർ ടോപ്പ്–ലൂസ് ഫിറ്റഡ് ജീൻസ് കോംബോയും എവർ ഗ്രീൻ ഫാഷനായതിനാൽ രണ്ടാമതൊരു ആലോചന വേണ്ട.

 എയർപോർട്ട്

ട്രാക്ക്‌സ്യൂട്ടിലും പവർഫുൾ ഡ്രസിങ്. സ്‌നീക്കേഴ്‌സും ക്യാംപും ചേർത്ത് രൺവീർ വസ്‌ത്രത്തെ കൂൾ ആക്കിയപ്പോൾ ഓവർസൈസ്‌ഡ് ബാഗും ഗ്ലാസുമായി ദീപികയ്‌ക്ക് അൾട്രാ മോഡേൺ ലുക്ക്.

 ഫോട്ടോഷൂട്ട്

വിവാഹ ആൽബത്തിലെ പോസ്‌റ്റ് വെഡ്‌ഡിങ് ചിത്രങ്ങൾ കാണുമ്പോൾ, അൽപംകൂടി ട്രെൻഡി ആകാമായിരുന്നു എന്നു തോന്നിയിട്ടില്ലേ? എങ്കിൽ ഈ ദീപ്‌വീർ ലുക്കിൽ രണ്ടു കിടിലൻ ഫോട്ടോസ് എടുത്തോളൂ. 

ബീഡഡ് സ്വെറ്ററും റിപ്പ്‌ഡ് ജീൻസും സിൽവർ സ്‌നീക്കേഴ്‌സും പോണിടെയ്‌ലും ചേർത്താൽ ട്രെൻഡി ചിക് ദീപികയായി. അടിമുടി ബ്ലാക്ക് ലുക്കിൽ ചെറിയൊരു കൊമ്പൻമീശകൂടി സെറ്റ് ചെയ്‌താൽ രൺവീറിനെപ്പോലെ ഭാര്യയുടെ കട്ടയ്‌ക്കു നിൽക്കാം.

 ട്രഡീഷനൽ   വെഡ്‌ഡിങ്

സുഹൃത്തിന്റെയോ ബന്ധുവിന്റെയോ വിവാഹച്ചടങ്ങിനു യോജിച്ച വേഷം. ഇറ്റലിയിലെ വിവാഹച്ചടങ്ങുകൾക്കുശേഷം തിരികെ നാട്ടിലേക്കുള്ള യാത്രയിലും ദീപികയും രൺവീറും ധരിച്ചത് സബ്യസാചി ഡിസൈനുകൾ തന്നെ. ബെയ്‌ജ് നിറത്തിലുള്ള കുർത്ത പൈജാമയ്‌ക്കൊപ്പം പിങ്ക് നിറത്തിലുള്ള നെഹ്‌റു ജാക്കറ്റിൽ രൺവീറിന് ക്ലീൻ ആൻഡ്

റിച്ച് ലുക്ക്. ബെയ്‌ജ് ചുരിദാറിനൊപ്പം സ്വർണനിറത്തിൽ നിറയെ ചിത്രപ്പണി ചെയ്‌ത ചുവന്ന ദുപ്പട്ടകൂടി ചേർന്നപ്പോൾ ദീപികയ്‌ക്ക് ആരും കൊതിക്കുന്ന എലഗന്റ് ലുക്ക്. കൂടെ സബ്യസാചിയുടെ മാച്ചിങ് ജൂത്തിയും.

 പാർട്ടി

റെഡ് മിനി ഡെസ്സും ത്രെഡ് വർക്ക് ചെയ്‌ത വെൽവറ്റ് ജാക്കറ്റും– നൈറ്റ് പാർട്ടിക്ക് ഇതിലും മികച്ച വസ്‌ത്രമില്ല.