Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹങ്കയില്‍ അതിസുന്ദരിയായി ഇഷ അംബാനി; ചിത്രം പങ്കുവെച്ച് സബ്യസാചി മുഖർജി

isha-ambani-graha-pooja-lehanka-images-viral ഇഷ അംബാനി

ഗൃഹശാന്തി പൂജയ്ക്കായി ഒരുക്കിയ ലഹങ്കയണി‍ഞ്ഞു നിൽക്കുന്ന ഇഷ അംബാനിയുടെ ചിത്രം പങ്കുവെച്ച് ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജി. ഇൻ‍സ്റ്റഗ്രാമിലൂടെയാണ് സബ്യസാചി ചിത്രം പങ്കുവെച്ചത്. 

ഹാന്റ് പെയ്ന്റിംഗും എബ്രോയട്രിയും ചെയ്ത ചുവപ്പു ലഹങ്കയ്ക്കും ബന്ദേജ ദുപ്പട്ടയ്ക്കും ഒപ്പം വജ്രവും മരതകവും പതിപ്പിച്ച നെക്‌ലേസും കമ്മലുമാണ് ഇഷ അണിഞ്ഞിരിക്കുന്നത്. വിവാഹവസ്ത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇരട്ടിപ്പിക്കുന്നതാണ് ഗൃഹശാന്തി പൂജയ്ക്കായി ഒരുക്കിയ ലഹങ്കയെന്നു സബ്യസാചി ആരാധകർ പറയുന്നു. രാജകീയം എന്ന വാക്കുമാത്രം മതി ഈ ലഹങ്കയെ വിശേഷിപ്പിക്കാനെന്നും കമന്റുകളുണ്ട്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഡിസംബർ 12നാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനി വിവാഹിതയാകുന്നത്. മുംബൈയിലെ അംബാനിയുടെ വസതിയിലാണ് വിവാഹം. ബാല്യകാല സുഹൃത്തും വ്യവസായിയുമായ ആനന്ദ് പിരാമലാണ് ഇഷയുടെ പ്രതിശ്രുത വരൻ. മുംബൈയിലെ മുകേഷ് അംബാനിയുടെ വസതിയിൽ പാരമ്പര്യാചാരപ്രകാരമാണ് വിവാഹം നടക്കുക. 

പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകനായ ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇരുകുടുംബംങ്ങളും തമ്മിൽ നാൽപതു വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞ മെയിലാണ് മഹാബലേശ്വർ ക്ഷേത്രത്തിൽ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യാർഥന നടത്തിയത്. അന്ന് കുടുംബാംഗങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞമാസം ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു വിവാഹനിശ്ചയം. പ്രശസ്ത ബോളിവുഡ് താരങ്ങളുൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. 

ലക്ഷങ്ങൾ വിലവരുന്ന വിവാഹക്ഷണക്കത്തും വാർത്തകളിൽ ഇടം നേടി. ഇന്ത്യയിലെ ആഢംബരത്തിന്റെ അവസാനവാക്കായി ഇഷയുടെ വിവാഹം മാറുമെന്നാണ് ആരാധകർ കരുതുന്നത്. ഉദയ്പുരിൽ ഡിസംബർ 8,9 തീയതികളിൽ പ്രീവെഡ്ഡിങ് ആഘോഷങ്ങക്കുശേഷമാണ് വിവാഹം. വസ്ത്രങ്ങളെല്ലാം സബ്യസാചി ഒരുക്കുന്നതിന്റെ സന്തോഷത്തിലാണ് ഫാഷൻ പ്രേമികൾ. ഇതുവരെ കാണാത്ത മായാജാലങ്ങൾ ഇഷയു‌ടെ വസ്ത്രങ്ങളിൽ സബ്യസാചി ഒരുക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ഗൃഹശാന്തി പൂജയ്ക്കായി ഒരുക്കിയ ലഹങ്ക ആ പ്രതീക്ഷകളെ ശക്തമാക്കുന്നു.