10000 കോടിയുടെ വിവാഹവസ്ത്ര വിപണി; താരമായി സബ്യസാചി

ബ്രൈഡൽ കൗച്ചർ എന്നാൽ സബ്യസാചി എന്നാണ് ബോളിവുഡ് പക്ഷം. സബ്യസാചി ബ്രൈഡ് ആകാൻ വേണ്ടിമാത്രം വിവാഹം കഴിക്കാൻ മോഹമുണ്ട് എന്നുപറയുന്ന പെൺകൊടികളുണ്ട്. ബ്രൈഡ്സ് ഓഫ് സബ്യസാചി എന്ന സ്വകാര്യ ചാനൽ പരിപാടി ഹിറ്റ് ചാർട്ടിലെത്തിയതും പെൺകൊടികളുടെ ഈ മോഹം കയ്യിലെടുത്താണ്. 

ഇതേ ആഗ്രഹം നേരത്തെ പങ്കുവച്ചിട്ടുണ്ട് ദീപിക പദുക്കോണും.. വിവാഹവസ്ത്രം ഒരുക്കാൻ ഏതു ഡിസൈനറെ തിരഞ്ഞെടുക്കും, സബ്യസാചിയോ, മനീഷ് മൽഹോത്രയോ എന്നു ചോദിച്ചപ്പോൾ സംശയമില്ലാതെ സബ്യസാചിയെന്നാണു ദിപ്പി അഭിമുഖത്തിൽ പറഞ്ഞത്.

പറഞ്ഞതു പോലെ തന്നെ വിവാഹനാളില്‍ സബ്യസാചി ബ്രൈഡായി ദീപിക. വിവാഹ ഒരുക്കം മുതൽ എയർപോർട്ട് ലുക്കും, വിവാഹപാർട്ടിയും ഉൾപ്പെടെ തിരഞ്ഞെടുത്തതെല്ലാം സബ്യസാചി ബ്രാൻഡ്. 

പക്ഷേ ഇക്കുറി ‘head to toe’ സബ്യസാചി എന്ന ബ്രാൻഡിങ്ങിനു ചിലതു പിഴച്ചു. ദീപികയുടെ വെഡ്ഡിങ് സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കാത്തിരുന്നവർ കണ്ടത് ആവർത്തന വിരസതയുള്ള വസ്ത്രങ്ങളും, നിറങ്ങളും, സ്റ്റൈലിങ്ങും. ഒപ്പം സബ്യസാചിയുടേത് എന്ന പേരിൽ ആദ്യം പ്രസിദ്ധീകരിച്ച ചിത്രങ്ങളിലെ വസ്ത്രം മറ്റൊരു ബ്രാൻഡിന്റേതാണെന്ന വിവരം പുറത്തുവന്നതോടെ വിശദീകരണക്കുറിപ്പ് ഇറക്കേണ്ടിയും വന്നു ഡിസൈനർക്ക്. ഒപ്പം വിമർശനങ്ങളും പഴികളും തുടർന്നു.

ബ്രൈഡൽ ഫാഷൻ

ഒരു ലക്ഷം കോടിയലധികം രൂപയുടെ വ്യവസായമാണ് ‘ദ് ബിഗ് ഫാറ്റ് ഇന്ത്യൻ വെഡ്ഡിങ്’. വിവാഹമാമാങ്കത്തിനായി എത്രവേണമെങ്കിലും ചെലവിടാൻ തയാറാകുന്ന ഒരു വിഭാഗമുള്ളപ്പോൾ വിവാഹത്തോടനുബന്ധിച്ചുള്ള വ്യവസായങ്ങളും വളർച്ചയുടെ പാതയിലാണ്. ഇതിൽ വിവാഹവസ്ത്രങ്ങളുടെ വിപണിയാകട്ടെ 10,000 കോടിയുടേതാണ്. ഇന്ത്യൻ ഫാഷൻ രംഗത്തിന്റെ നെടുംതൂൺ തന്നെ ബ്രൈഡൽ വെയർ ആണെന്നു പറയണം.

‘‘ ഇന്ത്യൻ ഫാഷൻ എന്നാൽ ലെഹംഗയും ലാച്ചയും സർദോസിയും എംബ്രോയ്ഡറിയും ആണെന്നു പരിഹസിച്ചാലും ഉപഭോക്താക്കൾക്ക് വേണ്ടത് അതാകുമ്പോൾ മറ്റുവഴിയില്ല. ബോളിവുഡ് സിനിമകൾക്കും ഇതിലൊരു പങ്കുണ്ട്. സിനിമയിലൂടെ കാണുന്നതാണ് ട്രെൻഡ് എന്നും ഫാഷൻ എന്നും മനസിലാക്കുന്നവർ അതു തന്നെ പകർത്താനാണു ശ്രമിക്കുക. പിന്നെ, ഫാഷൻ രംഗം ഒരു വ്യവസായം കൂടിയാണ്, അതുകൊണ്ട് പണം വരുന്ന വഴിയിൽ ജോലി ചെയ്യേണ്ടതുണ്ട്’’, ഇന്ത്യൻ ഫാഷൻ രംഗം ബ്രൈഡൽ വെയറിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് കന്റംപ്രറി ഫാഷൻ രംഗത്തു ശ്രദ്ധേയനായ ഡിസൈനർ ഗൗരവ് ജയ് ഗുപ്ത പറയുന്നു.

‘‘ വിവാഹമാണ് നമ്മുടെ നാട്ടിലെ വലിയ ആഘോഷം. അതുകൊണ്ടു തന്നെ മികച്ച വസ്ത്രങ്ങൾ, മികച്ച ഡിസൈനുകൾ എല്ലാം ബ്രൈഡൽ ഫാഷന്റെ ഭാഗമാകുന്നു. നമ്മുടെ സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യൻ couture കലക്‌ഷൻ വസ്ത്രങ്ങളിൽ നിറയുന്നത്. അവ ധരിക്കാൻ മറ്റൊരു വേദിയില്ല. പ്രധാന ഫാഷൻ അരങ്ങ് വിവാഹവേദിയാകുന്നുവെന്നു മാത്രം.’’, ഡിസൈനർ തരുൺ തഹിലിയാനി പറയുന്നതിങ്ങനെ.

ഇഷ അംബാനി ( ഗൃഹ പൂജയ്ക്കു വേണ്ടി സബ്യസാചി ഒരുക്കിയ ലഹങ്കയിൽ )

പിഴവുവന്ന ബ്രാൻഡിങ് 

“Head to Toe” സബ്യസാചിയെന്നാൽ അടിമുടി സബ്യസാചിയാണ്. വിരുഷ്ക (വിരാട് കോലി – അനുഷ്ക) വിവാഹത്തിൽ ഈ ബ്രാൻഡിങ് വിജയം നേടിയിരുന്നു. ചിലകോണുകളിൽ നിന്നു വിമർശനങ്ങൾ ഉയർന്നെങ്കിലും അനുഷ്കയുടെ വിവാഹവസ്ത്രങ്ങളും സ്റ്റൈലിങ്ങും ഏറെ പ്രശംസ നേടി. പക്ഷേ ഇക്കുറി ദീപ്–വീർ വിവാഹത്തിൽ ആദ്യം മുതലേ  വിമർശന ശരങ്ങളാണ് ഡിസൈനറെ തേടിയെത്തിയത്.

സൗത്ത് ഇന്ത്യൻ ബ്രൈഡ് ആയി ദീപികയെ കാണാൻ കാത്തിരുന്നവർ കണ്ടത് ‘ഖുംഖട്’ ധരിച്ച വധുവിനെ. കാ‍ഞ്ചീപുരം സാരിയുടുത്തു മുടിഒതുക്കിവച്ചു പൂക്കൾ ധരിച്ച വധു എന്തിനു ഖുംഖട് ധരിക്കണമെന്ന് ഒരുവിഭാഗം ഫാഷനിസ്റ്റകൾ നെറ്റിചുളിച്ചു. ഗോട്ടാപട്ടി ഹാൻഡ് വർക്ക് നിറഞ്ഞ,  ‘സദാ സൗഭാഗ്യവതി ഭവഃ’ എന്നു സംസ്കൃതത്തിൽ രേഖപ്പെടുത്തിയ സബ്യാസാചി ഡിസൈനർ വെയ്‌ല്‍ ആണു ദീപിക ധരിച്ചത്. പക്ഷേ ഈ നീളൻ ശിരോവസ്ത്രത്തിനിടയിൽ പാരമ്പര്യത്തിന്റെ പകിട്ടുള്ള ചുവപ്പും സ്വർണവും നൂലിഴകളുള്ള കാ‍‍ഞ്ചീപുരം സാരി മറഞ്ഞുപോയി.

ഇറ്റലിയിലെ ലേ കോമോയിലെ വിവാഹവേദിയിൽ നിന്നു മടങ്ങിയെത്തിയ ശേഷം ബെംഗളൂരുവിൽ നടന്ന വിവാഹസൽക്കാരത്തിനും ദീപിക ധരിച്ചത്  കാഞ്ചീപുരം സാരി തന്നെ. ഇക്കുറി ഗോൾഡർ കാ‌‍ഞ്ചീപുരം സാരിക്ക് ഓഫ് വൈറ്റ് ഫുൾ സ്‌ലീവ് ബ്ലൗസ് നൽകിയാണ് സബ്യസാചി സ്റ്റൈൽ ചെയ്തത്. ചിത്രം കണ്ടതോടെ വീണ്ടും സോഷ്യൽ മീഡിയ ഫാഷനിസ്റ്റകൾ ഇളകി. നേരത്തെ മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനായി  നടി കങ്കണ റനൗത്തിനെ ഇതേ കളർ പാലറ്റിലാണ് സബ്യസാചി ഒരുക്കിയിരുന്നത്. ആവർത്തനം ചൂണ്ടിക്കാട്ടിയാണ് പലരും കൈ ചൂണ്ടിയത്. 

ഇതിന്റെ ചിത്രങ്ങൾക്കും സബ്യസാചി ബ്രാൻഡിങ് വന്നപ്പോഴാണ് യഥാർഥ ബ്രാൻഡ് മറനീക്കി പുറത്തുവന്നത്. ദീപിക ധരിച്ച സാരി ബെംഗളൂരുവിലെ ഡിസൈൻ ഹൗസിന്റേതാണെന്ന് ഒരു ഫാഷൻ മാഗസിൻ എഡിറ്റർ ആണ് ചൂണ്ടിക്കാട്ടിയത്. ബെംഗളൂരുവിലെ കെ. രാധാരണന്റെ ആദവ ഹൗസ് ഓഫ് അങ്കാദിയുടേതാണ് സാരിയെന്നു പിന്നീട് സ്ഥിരീകരിച്ചു. ഉടൻ സബ്യസാചിയും തിരുത്തി – ‘‘കൊങ്കണി ചടങ്ങുകൾ അനുസരിച്ച് വധുവിന്റെ അമ്മ നൽകുന്ന സാരിയാണ് വിവാഹത്തിന് ധരിക്കേണ്ടത്. ഉജ്ജ്വല പദുക്കോൺ സമ്മാനിച്ച സാരിയാണ് വിവാഹദിനത്തിൽ ദീപിക ധരിച്ചത്. ബെംഗളൂരുവിലെ ഡിസൈനർ ഹൗസിന്റെതാണ് സാരി.’’ 

എല്ലാ ചടങ്ങുകളിലും ദീപികയുടെ മുടി ബൺ ചെയ്തു വലിച്ചുകെട്ടിയതും ഫാഷനിസ്റ്റകളുടെ അതൃപ്തി ക്ഷണിച്ചു വരുത്തി. ‘‘ഇനിയെങ്കിലും എന്തെങ്കിലും മാറ്റം വരുത്തൂ’യെന്നാണ് പലരും  ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ കമന്റ് ചെയ്തത്. 

മുംബൈയിൽ നടന്ന വിവാഹവിരുന്നിന് ഡ്രാമാറ്റിക് ലുക്കുള്ള വസ്ത്രങ്ങളിലാണ് വരനും വധുവും പ്രത്യക്ഷപ്പെട്ടതെങ്കിലും  ദീപികയുടെ വസ്ത്രം ഡിസൈനറുടെ നേരത്തെ തന്നെ പുറത്തുവന്ന കലക്ഷനിലേതായതിനാൽ പുതുമ അവകാശപ്പെടാനായില്ല. ഫ്രീദ കാലോയുടെ സിഗ്നേച്ചർ ലുക്കിൽ പ്രത്യക്ഷപ്പെടാൻ ചുവന്ന റോസാപൂക്കളുടെ ഹാലോ ചേർത്തുള്ള സ്റ്റൈലിങ് നടത്തിയെങ്കിലും ഫാഷനിസ്റ്റകളുടെ ഫുൾമാർക്ക് നേടാനായില്ല. ഇക്കുറി ഹെയർസ്റ്റൈലിൽ ചെറിയ മാറ്റം വരുത്തി മുടിപിന്നിക്കെട്ടി ക്രൗൺ ചെയ്തെന്നതു മാത്രമാണ് ശ്രദ്ധിക്കപ്പെട്ടതും.