കേരള സാരിയും അന്നനടയും. രണ്ടും റോമയ്ക്കു ശീലമില്ല. ഹൈ ഹീൽ ചെരുപ്പണിഞ്ഞു റാംപിൽ നടന്നു പരിചയവുമില്ല. ആകെ കയ്യിലുള്ളതു പച്ച മലയാളവും കട്ട ആത്മവിശ്വാസവും. രണ്ടും തരാതരം ഉപയോഗിച്ച റോമ മൻസൂറിന് (32) മിസിസ് കേരള പുരസ്കാരം. മുംബൈയിൽ നിന്ന് 25 കൊല്ലം മുൻപു കുടുംബത്തോടൊപ്പം തൃശൂരിലേക്കു ജീവിതം പറിച്ചുനട്ട സിന്ധി പെൺകുട്ടി, മലയാളി പെൺകൊടികളെ മറികടന്നു മിസിസ് കേരളയായി. വിവാഹശേഷം വീട്ടിൽ കുത്തിയിരിക്കുന്നതിൽ ‘ത്രിൽ’ ഇല്ലെന്നു തോന്നിയ നിമിഷത്തിനു റോമ ഇപ്പോൾ നന്ദി പറയുന്നു.
വസ്ത്രവ്യാപാരിയായ അച്ഛൻ സുന്ദറിനും അമ്മ ലതയ്ക്കുമൊപ്പമാണ് റോമയും കേരളത്തിലേക്കു ജീവിതം പറിച്ചുനട്ടത്. തൃശൂർ ഹോളിഫാമിലി, കാൽഡിയൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വൃത്തിയായി മലയാളം പറയാനും എഴുതാനും ശീലിച്ചതോടെ മാതൃഭാഷ മലയാളവും മാതൃനാട് കേരളവുമായി. നർത്തകിയെന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയപ്പോഴേക്കും 2011ൽ വിവാഹം കഴിഞ്ഞു. കുടുംബവും നോക്കി കുട്ടികളെയും വളർത്തി റോമയെ വീട്ടിലിരുത്താൻ മൻസൂർ തയാറായിരുന്നില്ല. ആക്ടീവ് ആകൂ എന്ന ഭർത്താവിന്റെ ഉപദേശം സ്വീകരിച്ച് സൂംബ നൃത്തം ആരംഭിച്ചു.
രണ്ടരവർഷം മുൻപ് നൃത്തപരിശീലനത്തിൽ ലൈസൻസ് എടുത്തു. പൂങ്കുന്നത്തെ ജോഷീസ് അൾട്ടിമേറ്റ് ജിമ്മിൽ സൂംബ നൃത്ത ക്ലാസെടുത്തു തുടങ്ങി.
ഒപ്പം ഫിറ്റ്നസ് പരിശീലനവും. മിസിസ് കേരള ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ മത്സരത്തെക്കുറിച്ചു കേട്ടതോടെ രണ്ടും കൽപ്പിച്ചിറങ്ങി. കേരള സാരിയുടുക്കാൻ പഠിച്ചു, ഷൂസ് ധരിച്ചു ശീലിച്ച കാലുകളിൽ ഹൈ ഹീൽ ചെരുപ്പണിഞ്ഞ് അന്നനടത്തം പരിശീലിച്ചു. ഫലം ഒന്നാം സ്ഥാനം ഒപ്പം പോന്നു. റോമയുടെ മകൾ മെഹക് ബേബി ക്വീൻ മത്സരത്തിൽ ജേത്രിയാണ്.