ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും പോപ്പ് ഗായകൻ നിക് ജോനസിന്റെയും വിവാഹം വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു ചടങ്ങുകൾ. ക്രിസ്തീയ, ഇന്ത്യൻ ആചാരപ്രകാരങ്ങൾ പ്രകാരമായിരുന്നു ചടങ്ങുകൾ.
ഡിസംബർ 1ന് ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിനു പ്രിയങ്ക ധരിച്ച ഗൗൺ ഫാഷനിസ്റ്റുകൾ വളരെ കൗതുകത്തോടെയാണു നോക്കിയത്. ലോക പ്രശസ്ത ഡിസൈനർ റാൽഫ് ലൗറൻ ഒരുക്കിയ ഗൗണിൽ അതിസുന്ദരിയായാണു പ്രിയങ്ക നിക്കിന്റെ കൈപിടിച്ച് എത്തിയത്.
ഗൗൺ തയാറാക്കുന്നതിന്റെയും പ്രിയങ്കയെ അണിയിച്ചു ട്രയൽ നടത്തുന്നതിന്റെയും വിഡിയോ പങ്കുവെച്ചിരിക്കുകയാണു റാൽഫ് ലൗറൻ. വിഡിയോയിൽ വളരെയേറെ സന്തോഷത്തോടെ പ്രിയങ്കയെ കണ്ടതിന്റെ സന്തോഷത്തിലാണു ആരാധകർ. പാരിസിലായിരുന്നു ഗൗണിന്റെ ട്രയൽ നടന്നത്. ഗൗൺ മാതൃക തയാറാക്കുന്നതിന്റെയും നെറ്റിൽ ഷെല്ലുകൾ തുന്നിപ്പിടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.
50 വർഷത്തിനിടെ റാൽഫ് ലോറെൻ 3 വെഡ്ഡിങ് ഗൗൺ മാത്രമേ ചെയ്തിട്ടുള്ളു. മകൾ ഡൈലനും വേണ്ടിയും മരുമകൾ ലോറെൻ ബുഷ് ലോറെനു വേണ്ടിയും പിന്നെ നീസിനു വേണ്ടിയും. നിക്കും പ്രിയങ്കയും ആദ്യമായി കാണുമ്പോൾ ധരിച്ചതും ലോറെൻ കോസ്റ്റ്യൂം ആയിരുന്നുവെന്നതും പ്രത്യേകതയാണ്.
പ്രിയങ്കയുടെ ഗൗൺ– ഹാൻഡ് ബീഡഡ്, ഹാൻഡ് എംബ്രോയ്ഡേഡ്, ഫ്ലോറൽ – സ്ക്രോൾ മോട്ടിഫുകൾ നിറഞ്ഞ, സ്കാലെപ്ഡ് സ്‌ലീവ്സും ട്യൂൾ ആപ്ലിക്സും ചേരുന്ന ഗൗണിൽ തുന്നിച്ചേർത്തത് 23 ലക്ഷം പേൾസ്. ഒപ്പം 75 അടിയുള്ള ട്രെയിൽ.സിഗ്നേച്ചർ സ്പർശമായി വിവാഹ ഗൗണിൽ ആറു പ്രത്യേക വാക്കുകളും തുന്നിച്ചേർത്തിട്ടുണ്ട്.. നിക്കിന്റെ മുഴുവൻ പേര്, പ്രിയങ്കയുടെ മാതാപിതാക്കളുടെ പേര്, വിവാഹ തീയതി എന്നിവയുൾപ്പെടായാണിത്. ഭർതൃമാതാവിന്റെ വിവാഹ ഗൗണിന്റെ ഒരുഭാഗവും പ്രിയങ്കയുടെ വിവാഹവസ്ത്രത്തിലുണ്ട്.
നിക്ക് ജോനാസ് ധരിച്ചത് ഡബിൾ ബ്രസ്റ്റഡ് ബ്ലാക്ക് tuxedo. ജാക്കറ്റിൽ പ്രിയങ്കയുടെ വിവാഹഗൗണിന്റെ തുണി തുന്നിച്ചേർത്തിട്ടുണ്ട്, ഇതിലുള്ളത് ‘മൈ ജാൻ’ എന്ന അലങ്കാരത്തുന്നൽ.
മധുവിധു ആഘോഷത്തിനായി സ്വിറ്റ്സർലാന്റിലാണു നിക്കും പ്രിയങ്കയുമിപ്പോൾ.