ആസിഫ് മച്ചാൻ കൂളാണ്; സ്റ്റൈലിഷ് ലുക്കിനു പിന്നിൽ

ഒരു നടനെന്ന നിലയിൽ ആസിഫ് അലിയുടെ വളര്‍ച്ചയാണു മുൻവര്‍ഷങ്ങളിൽ കണ്ടത്. എങ്ങനെ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടണമെന്നു കൃത്യമായി അറിയുന്ന ന്യൂജെൻ താരങ്ങളിലൊരാളാണ് അദ്ദേഹം. കറുപ്പും ചുവപ്പും വരകളുള്ള വെള്ള ഷർട്ടും കറുത്ത ലീൻ ഫിറ്റ് ജിൻസുമണിഞ്ഞ് മഴവിൽ മനോരമയിലെ ‘ഒന്നും ഒന്നും മൂന്നിന്റെ’ ഷൂട്ടിന് തയാറായി നിൽക്കുന്ന ആസിഫ് അലി ഓൺ മനോരമയോട് മനസ്സു തുറന്നു. 

വേദിയിൽ നിൽക്കുമ്പോൾ ആസിഫിന്റെ വെളുത്ത സ്പോർട്സ് ഷൂവിലാണ് ആദ്യം കണ്ണുടക്കുക. അനുയോജ്യമായതു വേണം ധരിക്കണം എന്നതാണ് ആസിഫിന്റെ സ്റ്റൈൽ മന്ത്ര. ‘‘സിനിമയിൽ കഥാപാത്രത്തിനും തിരക്കഥയ്ക്കും അനുസരിച്ചാണ് സ്റ്റൈൽ. അല്ലാത്തപ്പോൾ ടി–ഷർട്ടായിരിക്കും വേഷം. ഔദ്യോഗിക പരിപാടികള്‍ക്ക് ഷർട്ടും’’.

ഷൂട്ടില്ലാത്ത അവസരങ്ങളിൽ ട്രെന്റി സ്നീക്കേഴ്സും സൺഗ്ലാസും ധരിച്ച് കൂൾ ലുക്കിലായിരിക്കും ആസിഫ് പ്രത്യക്ഷപ്പെടുക. ‘‘ഷൂസും സൺഗ്ലാസും ശേഖരിക്കുന്നത് എനിക്കിഷ്ടമാണ്.’’ ഇഷ്ടപ്പെട്ട ബ്രാന്റുകളെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഒരു ലിസ്റ്റ് തരാൻ മടിയില്ല’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പ്രതികരണം. 

ഒരു നിറത്തോടും താരത്തിനു പ്രത്യേക ഇഷ്ടമുണ്ട്. ‘‘എന്റെ വസ്ത്രങ്ങളിൽ ഭൂരിഭാഗവും നീല ഷേഡുകളിലുള്ളവയാണ്. വളരെ സിംപിളായ, വ്യക്തിത്വത്തിന് അനുയോജ്യമായ സ്റ്റൈലാണു ഞാൻ പിന്തുടരുന്നത്. ഒരുപാട് പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ പരീക്ഷിക്കാൻ മടിയുമില്ല’’– ആസിഫ് പറഞ്ഞു.

ആസിഫ് അലിയുടെ പുതിയ ചിത്രം വിജയ് സൂപ്പറും പൗർണമിയും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. താരത്തിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണു പ്രേക്ഷകർ നൽകുന്നത്.