കോവിഡിൽ വെർച്വലായി ഇംപ്രസാരിയോ മിസ് കേരള 2020; വെല്ലുവിളികളെ അതിജീവിച്ചത് ഇങ്ങനെ
ഇത് മിസ് കേരളയുടെ 22 ാം വര്‍ഷമാണ്. ആദ്യമായാണ് കാണികളോ മാധ്യമങ്ങളോ ഇല്ലാതെ മത്സരം നടത്തേണ്ടി വന്നത്. ഇക്കാര്യത്തിലാണ് അൽപം പ്രയാസം തോന്നിയത്. എന്നാൽ മറ്റു വഴികളില്ലല്ലോ. കോവിഡ് വ്യാപിച്ചതോടെ മത്സരം എങ്ങനെ നടത്തും എന്ന ചിന്ത വന്നു. ഒടുവിൽ ഡിജിറ്റൽ സാധ്യത പ്രയോജനപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു....
ഇത് മിസ് കേരളയുടെ 22 ാം വര്‍ഷമാണ്. ആദ്യമായാണ് കാണികളോ മാധ്യമങ്ങളോ ഇല്ലാതെ മത്സരം നടത്തേണ്ടി വന്നത്. ഇക്കാര്യത്തിലാണ് അൽപം പ്രയാസം തോന്നിയത്. എന്നാൽ മറ്റു വഴികളില്ലല്ലോ. കോവിഡ് വ്യാപിച്ചതോടെ മത്സരം എങ്ങനെ നടത്തും എന്ന ചിന്ത വന്നു. ഒടുവിൽ ഡിജിറ്റൽ സാധ്യത പ്രയോജനപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു....
ഇത് മിസ് കേരളയുടെ 22 ാം വര്‍ഷമാണ്. ആദ്യമായാണ് കാണികളോ മാധ്യമങ്ങളോ ഇല്ലാതെ മത്സരം നടത്തേണ്ടി വന്നത്. ഇക്കാര്യത്തിലാണ് അൽപം പ്രയാസം തോന്നിയത്. എന്നാൽ മറ്റു വഴികളില്ലല്ലോ. കോവിഡ് വ്യാപിച്ചതോടെ മത്സരം എങ്ങനെ നടത്തും എന്ന ചിന്ത വന്നു. ഒടുവിൽ ഡിജിറ്റൽ സാധ്യത പ്രയോജനപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു....
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ വെർച്വൽ പ്ലാറ്റ്ഫോമിന്റെയും സോഷ്യൽ മീഡിയയുടെയും സാധ്യതകൾ ഫലപ്രദമായി ഉപയോഗിച്ചാണ് ഇംപ്രസാരിയോ മിസ് കേരള 2020 സൗന്ദര്യ മത്സരം അരങ്ങേറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു മത്സരാർഥികൾ മാറ്റുരച്ചപ്പോൾ പരിമിതകൾക്കുള്ളിലും മിസ് കേരള മത്സരം ആവേശകരമായി.
എറണാകുളം സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളജിലെ അവസാനവർഷ മെഡിക്കൽ വിദ്യാർഥിയുമായ എറിൻ ലിസ് ജോൺ ആണ് മിസ് കേരള 2020 ആയി തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ മലയാളി ആതിര രാജീവ് ഫസ്റ്റ് റണ്ണറപ്പും കണ്ണൂർ സ്വദേശി അശ്വതി നമ്പ്യാർ സെക്കൻഡ് റണ്ണറപ്പും ആയി.
1999 ൽ ആരംഭിച്ച ഇംപ്രസാരിയോ മിസ് കേരള മത്സരം ഡിജിറ്റിൽ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോഴും വിജയമായതിന്റെ പ്രധാന കാരണം സംഘാടന മികവാണ്. വെർച്വൽ മിസ് കേരള മത്സരം നൽകിയ അനുഭവങ്ങളെക്കുറിച്ച് ഇംപ്രസാരിയോ സഹസ്ഥാപകൻ രാം സി. മേനോനും വിജയികളും മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
ഏറെ വെല്ലുവിളികൾ മറികടന്ന് നടത്തിയ മത്സരം : രാം സി. മേനോൻ
ഇത് മിസ് കേരളയുടെ 22 ാം വര്‍ഷമാണ്. ആദ്യമായാണ് കാണികളോ മാധ്യമങ്ങളോ ഇല്ലാതെ മത്സരം നടത്തേണ്ടി വന്നത്. ഇക്കാര്യത്തിലാണ് അൽപം പ്രയാസം തോന്നിയത്. എന്നാൽ മറ്റു വഴികളില്ലല്ലോ. കോവിഡ് വ്യാപിച്ചതോടെ മത്സരം എങ്ങനെ നടത്തും എന്ന ചിന്ത വന്നു. ഒടുവിൽ ഡിജിറ്റൽ സാധ്യത പ്രയോജനപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
ഡിജിറ്റൽ മത്സരത്തിന് തീർച്ചയായും പരിമിതികളുണ്ട്. എന്നാൽ ഗുണങ്ങളുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മത്സരത്തിന്റെ ഭാഗമായതാണു പ്രധാന നേട്ടം. എല്ലാ വൻകരകളിൽനിന്നും മത്സരാർഥികളുണ്ടായിരുന്നു. 400 എൻട്രികളാണ് ലഭിച്ചത്. അതിൽനിന്ന് 200 പേരെ ആദ്യ ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. അവരിൽനിന്നു തിരഞ്ഞെടുത്ത 100 പേർക്ക് ടാസ്ക്കുകള്‍ നൽകി. അതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഫൈനൽസിലേക്ക് 50 പേരെ കണ്ടെത്തി. അവർക്ക് ഓൺലൈനിലൂടെ ഗ്രൂമിങ് നൽകി. വ്യക്തിപരമായ കാരണങ്ങളാൽ ചിലർ പിന്മാറി. 45 പേരാണ് ഫൈനലിൽ മത്സരിച്ചത്.
എത്‌നിക്, ആത്മൻ, ബാസ്ക്, കേരളീയം എന്നിങ്ങനെ നാല് റൗണ്ടുകളാണ് മിസ് കേരളയ്ക്ക് ഉണ്ടായിരുന്നത്. എല്ലാവരും അവരുടെ അടുത്തുള്ള സ്റ്റുഡിയോയിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചത്. സാങ്കേതികമായ ബുദ്ധിമുട്ടുള്ളവർക്കായി എറണാകുളത്ത് ആവശ്യമായ സൗകര്യങ്ങളൊരുക്കി. ചോദ്യോത്തര റൗണ്ടുകളെല്ലാം ഓൺലൈനിലൂടെ തത്സമയം ആണു നടത്തിയത്. നടന്മാരായ സിജോയ് വർഗീസ്, രാജീവ് പിള്ള, നടി സിജ റോസ്, ഇന്റർനാഷനൽ ഗ്രൂമർ നൂതൻ മനോഹർ എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരാർഥികളെ വ്യക്തമായി കാണാനും സുഖമമായി ആശയവിനിമയം നടത്താനും ആവശ്യമായ സൗകര്യം ഒരുക്കി വിധികർത്താക്കളെ എറണാകുളത്ത് എത്തിച്ചിരുന്നു.
സാങ്കേതികമായും സമയ സംബന്ധമായും ഒരുപാട് വെല്ലുവിളികൾ നേരിട്ടെങ്കിലും മത്സരം ഭംഗിയായി നടത്താനായി എന്നാണ് വിശ്വാസം. നാലു മാസത്തോളം സമയം എടുത്താണ് മത്സരം നടത്തിയത്. എല്ലാം ഭംഗിയായി നടന്നതിൽ സന്തോഷവും അഭിമാനവും ഉണ്ട്.
∙ ആദ്യമായി പങ്കെടുത്ത സൗന്ദര്യ മത്സരം, ജേതാവായതിൽ ഒരുപാട് സന്തോഷം : എറിൻ ലിസ് ജോൺ (മിസ് കേരള 2020)
ജേതാവാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ ?
നമ്മൾ എന്തു കാര്യത്തിന് ഒരുങ്ങുമ്പോഴും അത് വിഷ്വലൈസ് ചെയ്യണം, പക്ഷേ അതേക്കുറിച്ച് ഒരിക്കലും ആശങ്കപ്പെടരുത് എന്നു പപ്പ പറയാറുണ്ട്. എന്റെ വിജയം ഞാൻ മനസ്സിൽ സങ്കൽപിച്ചിരുന്നു.
റാംപിൽ കാഴ്ചക്കാരുടെ മുന്നിലല്ലാതെ നടന്ന മത്സരം. എന്താണു തോന്നിയത് ?
ഞാൻ ആദ്യമായാണ് ഒരു സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. ഇംപ്രസാരിയോ വെർച്വലായി മിസ് കേരള നടത്തുന്നതായി അമ്മയാണ് പറഞ്ഞത്. അന്നതു കേട്ടപ്പോൾ എത്രമാത്രം പോസിബിൾ ആണെന്നു ചിന്തിച്ചിരുന്നു. അമ്മയാണ് മത്സരിക്കാൻ പ്രചോദനം നൽകിയത്. ആത്മവിശ്വാസവും അനുകമ്പയുമാണ് ഒരാളുടെ സൗന്ദര്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാണികളില്ലാത്തതും വിധികർത്താക്കളെയും സഹമത്സരാർഥികളെയും നേരിട്ടു കാണാൻ സാധിക്കാത്തതുമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വളരെ മികച്ച രീതിയിലാണ് ഇംപ്രസാരിയോ മത്സരം സംഘടിപ്പിച്ചത്.
തയാറെടുപ്പുകൾ എങ്ങനെയെല്ലമായിരുന്നു ?
വളരെയധികം ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എന്റെ സ്റ്റൈലിസ്റ്റ് അരുണിമ ഗുപ്തയാണ് വളരെയധികം സഹായിച്ചത്. ഒരുപാടു കാര്യങ്ങൾ ഞാൻ പഠിച്ചു. സത്യം പറഞ്ഞാൽ പുതിയൊരു ലോകം തന്നെയായിരുന്നു ഈ മത്സരത്തിലൂടെ തുറന്നു കിട്ടിയത്. എന്റെ മാതാപിതാക്കൾ ആർമിയിൽ മെഡിക്കൽ ഓഫിസേഴ്സ് ആയിരുന്നു. ഇതിന്റെ ഭാഗമായി ലഭിച്ച ഒരു പാൻ ഇന്ത്യ എക്സ്പോഷർ ഈ ബ്യൂട്ടി പേജന്റിൽ സഹായകരമായിട്ടുണ്ടെന്നും ഞാൻ കരുതുന്നു.
ഏതു റൗണ്ടിലെ പ്രകടനമാണ് മികച്ചതായി തോന്നിയത് ?
ഫൈനൽസിലെ ആദ്യത്തെയും അവസാനത്തെയും റൗണ്ടുകളാണ് എനിക്ക് പ്രിയപ്പെട്ടത്. എത്‌നിക്, കേരളീയം റൗണ്ടുകളായിരുന്നു അവ. വളരെയധികം ആത്മവിശ്വാസവും സന്തോഷവും സംതൃപ്തിയും ആ റൗണ്ടുകളിൽ അനുഭവപ്പെട്ടു.
ഫൈനലിലെ പ്രിയപ്പെട്ട ചോദ്യം ?
ലോക്ഡൗണില്‍ ബന്ധങ്ങൾ ദുർബലമാവുകയാണോ ശക്തമാവുകയാണോ ചെയ്തത് എന്നതായിരുന്നു ആ ചോദ്യം. ലോക്ഡൗൺ കാലത്ത് കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമായി. അതിലുപരി നമ്മുടെ സ്വപ്നങ്ങൾ, ഇഷ്ടങ്ങൾ എന്താണ് എന്നു ചിന്തിക്കാനും മനസ്സിലാക്കാനും സാധിച്ചു. അങ്ങനെ നമുക്ക് നമ്മോട് തന്നെയുള്ള ബന്ധവും കൂടുതൽ ദൃഢമായി എന്നായിരുന്നു എന്റെ മറുപടി.
ഭാവി പദ്ധതികൾ ?
കോഴിക്കോട് മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥിനിയാണ് ഞാൻ. പഠിച്ച് ഡോക്ടറാകുക എന്നതിനാണ് പ്രഥമ പരിഗണന. അതോടൊപ്പം മോഡലിങ് ചെയ്യണമെന്നും ആഗ്രഹമുണ്ട്.
∙ എല്ലാം ഒറ്റയ്ക്കാണു ചെയ്തത്, വളരെയധികം കഷ്ടപ്പെട്ടു : ആതിര രാജീവ് (ഫസ്റ്റ് റണ്ണർഅപ്)
ലൊസാഞ്ചലസിൽ ഇരുന്നാണ് മിസ് കേരള മത്സരത്തില്‍ പങ്കെടുത്തത്. എന്തു തോന്നുന്നു ?
ഇങ്ങനെയൊരു മത്സരം നടന്നത് വളരെയധികം സന്തോഷിപ്പിക്കുന്ന കാര്യമാണ്. ടെക്നിക്കലി വളരെയധികം പുരോഗമിച്ച പല രാജ്യങ്ങളും വെർച്വൽ ബ്യൂട്ടി പേജന്റ് സംഘടിപ്പിക്കാൻ ശ്രമിച്ചു പോലും നോക്കുന്നില്ല. അപ്പോഴാണ് നമ്മുടെ നാട്ടിൽ ഇത്തരമൊരു മത്സരം ഉണ്ടാകുന്നത്. അതറിഞ്ഞപ്പോൾ എനിക്ക് വളരെയധികം അഭിമാനം തോന്നി. അങ്ങനെയാണ് പങ്കെടുക്കാൻ തീരുമാനിച്ചത്. ഒരുപാട് പ്രതീക്ഷകളുമായിട്ടൊന്നുമല്ല പങ്കെടുത്തത്. അതുകൊണ്ടുതന്നെ ഫസ്റ്റ് റണ്ണർഅപ് ആയപ്പോൾ വളരെയധികം സന്തോഷം തോന്നി.
എന്തൊക്കെയായിരുന്നു വെല്ലുവിളികൾ ?
ഏറ്റവും ബുദ്ധിമുട്ടിയത് ഔട്ട്ഫിറ്റുകൾ സംഘടിപ്പിക്കാനായിരുന്നു. നമ്മുടെ ട്രഡീഷനൽ വെയറുകൾ ഇവിടെ അത്ര സുലഭമല്ലല്ലോ. പിന്നെ ഞാൻ ഇവിടെ ഒറ്റയ്ക്കാണ് താമസം. അതുകൊണ്ടുതന്നെ സഹായിക്കാനും ആരുമുണ്ടായിരുന്നില്ല. മേക്കപ്പും ഔട്ട്ഫിറ്റ് ഡിസൈനിങ്ങും ഒക്കെ തനിയെ ആണു ചെയ്തത്. അങ്ങനെ കഷ്ടപ്പെട്ട് ജയിച്ചത് ഏറെ അഭിമാനം നൽകുന്നു.
എപ്പോഴാണ് കല കരിയറായി തിരഞ്ഞെടുക്കുന്നത് ?
ചെറുപ്പത്തിൽ വളരെയധികം നിർബന്ധിച്ചാണ് എന്നെ ഭരതനാട്യം പഠിക്കാൻ അയച്ചത്. പക്ഷേ പിന്നീട് നൃത്തം എനിക്ക് വളരെയേറെ പ്രിയപ്പെട്ടതായി. 9 വർഷത്തോളം ഭരതനാട്യം പഠിച്ചു. അതിനുശേഷം ഹിപ്പ്ഹോപ്പിലേക്ക് തിരിഞ്ഞു. പിന്നീട് ലാറ്റിൻ, കണ്ടംപ്രററി, ബോളിവുഡ് എന്നിങ്ങനെ വ്യത്യസ്തമായ പല സ്റ്റൈലുകളും പഠിച്ച് എക്സ്പേർട്ട് ആയി. അച്ഛനും അമ്മയ്ക്കും എനിക്കൊരു സോളിഡ് ഡിഗ്രി വേണമെന്നുണ്ടായിരുന്നു. അങ്ങനെ ഇന്റീരിയൽ ഡിസൈനിങ്ങിൽ ബാച്ചിലേഴ്സ് ഡിഗ്രി ചെയ്തു.
അതിനുശേഷമാണ് ഞാൻ അമേരിക്കയിലേക്കു വന്നത്. ബ്രോഡ് വേ ഡാൻസ് സെന്റർ ന്യൂയോർക്കിൽനിന്ന് സർട്ടിഫിക്കേഷൻ നേടുകയായിരുന്നു ലക്ഷ്യം. എന്റെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു. അവിടെ ബാലെ പഠിക്കണമെന്നതു നിർബന്ധമാണ്. ബാലെ ബോഡിക്ക് വളരെ കഠിനമായ നൃത്തരൂപമാണ്. നമുക്കാണേല്‍ അതിനെക്കുറിച്ച് അധികമൊന്നും അറിയില്ലല്ലോ. പരിശീലകനോട് എനിക്കു ബേസിക്സ് മുതൽ എല്ലാം പഠിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതൊന്നുമുണ്ടായില്ല. കാൽമുട്ടിനു പരുക്കേൽക്കുന്ന അവസ്ഥയിലാണ് ഇത് എത്തിച്ചത്.
എന്നെ ഞാൻ നൃത്തത്തിൽ മാത്രമായി ലിമിറ്റ് ചെയ്യാൻ പാടില്ലെന്നാണ് അപ്പോൾ ചിന്തിച്ചത്. എന്നിലുള്ള മറ്റു കഴിവുകൾ കൂടി വളർത്താൻ തീരുമാനിച്ചു. അങ്ങനെ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ചേർന്ന് ആക്ടിങ്ങിൽ മാസ്റ്റേഴ്സ് ചെയ്തു. അവിടെവച്ച് ഒരു ഫൊട്ടോഗ്രഫറുടെ ആവശ്യപ്രകാരമാണ് മോഡലിങ് ചെയ്യുന്നത്.
ഭാവി പദ്ധതികൾ ?
മോഡലിങ് ചെയ്ത് അതിന്റെ ഫോട്ടോസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചപ്പോൾ കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ബ്രാൻഡുകളുടെ മോഡലായി, ബ്യൂട്ടി പേജന്റുകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു, പ്രശസ്ത പ്രൊഡ്യൂസർമാരുടെ മ്യൂസിക് വിഡിയോകളുടെ കൊറിയോഗ്രഫറായി, ടിവി ഷോകളിൽ പങ്കെടുത്തു. ഇനി ഹോളിവുഡിന്റെ ഭാഗമാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് ഫ്യൂച്ചർ പ്ലാൻ.
∙ സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടിന് അനുസരിച്ചല്ല വളർന്നത് : അശ്വതി നമ്പ്യാർ (സെക്കൻഡ് റണ്ണർഅപ്)
സൗന്ദര്യ മത്സരത്തിൽ ആദ്യമായാണോ പങ്കെടുക്കുന്നത് ?
അതെ. ഇങ്ങനെ ഒരു മത്സരത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. പഠിക്കുന്ന സമയത്ത് റാംപ് വാക്ക് ചെയ്തിട്ടുണ്ട്. പിന്നെ ജോലി സ്ഥലത്ത് ടീം ഔട്ടിങ്ങിന്റെ ഭാഗമായി ഒരു ഫാഷൻ ഷോയുടെ കൊറിയോഗ്രഫറായിട്ടുണ്ട്. ഇതല്ലാതെ മത്സരപരിചയമൊന്നുമില്ല.
തയാറെടുപ്പുകൾ ?
ഞാന്‍ എങ്ങനെയാണോ അതായിത്തന്നെ തുടരാനാണ് ശ്രമിച്ചത്. ഈ മത്സരത്തിനായി പ്രത്യേകിച്ച് പരിശീലനം ഒന്നും ചെയ്തിരുന്നില്ല. ജഡ്ജസിനും കാണുന്ന മറ്റുളളവർക്കും എല്ലാം കൃത്യമായി മനസ്സിലാക്കാനായി ഒരു ഫൊട്ടോഗ്രഫറുമായി സംസാരിച്ച് എന്തൊക്കെയാണു വേണ്ടതെന്ന വ്യക്തമായ ധാരണയിൽ എത്തിയിരുന്നു. ടോപ് 50 യിൽ എത്തിയപ്പോൾ ഒരു ഗ്രൂമിങ് സെഷൻ ഉണ്ടായിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ അതു സഹായകമായി.
വെർച്വൽ മത്സരം നൽകിയ അനുഭവം ?
ടോപ് 50 വരെ ടാസ്ക്കുകൾ ചെയ്യലായിരുന്നു. നമുക്കൊരു നിശ്ചിത സമയം തരും, അതിനുള്ളിൽ ചെയ്തു തീർക്കണം. ജഡ്ജസ് ആരാണെന്നോ, നമ്മൾ ചെയ്യുന്നത് ആരൊക്കെ കാണുന്നുണ്ടെന്നോ ഒന്നും അറിയില്ല. ആ ടാസ്ക് ചെയ്തു തീരുന്നതു വരെ വല്ലാത്ത സ്ട്രസ്സ് ആയിരിക്കും. ടാസ്ക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ നെഗറ്റീവ് കമന്റ്സ് വരുമോ എന്നുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ നല്ല പിന്തുണയാണ് എല്ലാവരിൽനിന്നും ലഭിച്ചത്.
ഇഷ്ടപ്പെട്ട റൗണ്ട് ?
‘ആത്മൻ’ എന്നൊരു റൗണ്ട് ഉണ്ടായിരുന്നു. നമ്മൾ എന്താണെന്ന് വ്യക്തമാക്കുന്ന കോസ്റ്റ്യൂമാണ് അതിൽ ധരിക്കേണ്ടത്. ആ കോസ്റ്റ്യൂം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നും ജഡ്ജസ്സിന് വിവരിച്ചു കൊടുക്കണം. എനിക്ക് ഒരുപാട് കംഫർട്ട് നൽകിയ റൗണ്ട് ആയിരുന്നു അത്. തലയിൽ ഒരു കസവിന്റെ ലൈനുള്ള ടർബൻ, ടോപ്പ്, ഷോർട്ട്സ്, ഒരു ലോങ് ഷ്രഗ്സ് എന്നിവയാണ് ധരിച്ചത്. എല്ലാം വൈറ്റ് ആയിരുന്നു.
പ്രഫഷൻ കൊണ്ടും യോഗ്യത കൊണ്ടും ഞാനൊരു മെക്കാനിക്കൽ എൻജിനീയർ ആണ്. സാധാരണയായി പുരുഷന്മാർ തിരഞ്ഞെടുക്കുന്ന ഒരു പ്രഫഷനാണത്. അവിടെ സ്വന്തമായ സ്ഥാനം കണ്ടെത്താൻ എനിക്ക് സാധിച്ചു. അതാണ് ടർബൻ കൊണ്ട് ഉദ്ദേശിച്ചത്. ടർബന്റെ അറ്റത്തുള്ള കസവ് കേരളത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആക്സസറിയായി ഉപയോഗിച്ച മാലകൾ സീ ഷെൽ, പേൾ എന്നിവ കൊണ്ടുള്ളതായിരുന്നു. സ്വദേശമായ കണ്ണൂരിന്റെ കടൽത്തീരവും എനിക്ക് ബീച്ചുകളോടുള്ള പ്രിയവുമായിരുന്നു ഇതിലൂടെ പറഞ്ഞത്.
ടോപ്പും ഷോർട്ട്സും എനിക്ക് കംഫർട്ടബിൾ ആയ കോസ്റ്റ്യൂം ആണ്. ഓടിച്ചാടി നടക്കുന്ന എന്റെ സ്വഭാവത്തിന് അതാണ് കൂടുതൽ അനുയോജ്യം. ഷ്രഗ്സ് എന്നത് എന്റെ വിങ്സ് ആണ്. സമൂഹത്തിന്റെ യാഥാസ്ഥികമായ കാഴ്ചപ്പാടിലുള്ള പെൺകുട്ടി ആയല്ല ഞാൻ വളർന്നത്. സ്വന്തം വ്യക്തിത്വവും ആഗ്രഹങ്ങളും അനുസരിച്ച് വളരാനും പറന്നുയരാനും സാധിച്ചെന്നാണ് ഇതിലൂടെ ഉദ്ദേശിച്ചത്.
എന്തുകൊണ്ടാണ് മെക്കാനിക്കൽ എൻജിനീയറിങ് തിരഞ്ഞെടുത്തത് ?
സ്കൂളിൽ പഠിക്കുമ്പോൾ ബാസ്കറ്റ് ബോളിനോടും അത്‌ലറ്റിക്സിനോടും ഒക്കെയായിരുന്നു ഇഷ്ടം. അങ്ങനെയുള്ള എനിക്ക് ഡെസ്ക് ജോബ് തീരെ താൽപര്യമുണ്ടായിരുന്നില്ല. മെക്കാനിക്കൽ എൻജിനീയറിങ് ചെയ്യാൻ താൽപര്യമുണ്ടെന്ന് വീട്ടിൽ പറഞ്ഞു. പഠനവും പ്രഫഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിപൂർണ പിന്തുണയാണ് കുടുംബം എന്നും നൽകിയിട്ടുള്ളത്. അങ്ങനെ മെക്കാനിക്കൽ എൻജിനീയറിങ്ങിന് ചേർന്നു. അന്ന് ഞാനുൾപ്പടെ രണ്ട് പെൺകുട്ടികളാണ് ക്ലാസിൽ ഉണ്ടായിരുന്നത്. പഠനം കഴിഞ്ഞ് അതേ ഫീൽഡിൽ തന്നെ ജോലിക്കും കയറി.
ഭാവി പദ്ധതികൾ ?
ഉന്നത പഠനത്തിനായി ന്യൂസീലൻഡിൽ പോകാനിരിക്കുമ്പോഴാണ് കോവിഡ് വന്നത്. അതിനിടയിൽ അപ്രതീക്ഷിതമായാണ് മിസ് കേരളയിൽ പങ്കെടുക്കുന്നതും വിജയിക്കുന്നതും. നന്നായി കഷ്ടപ്പെട്ടതിന്റെ ഫലമാണിത്. കൂടുതൽ അവസരം കിട്ടുകയാണെങ്കിൽ ഉപയോഗിക്കും. എങ്കിലും പ്രഫഷനാണ് കൂടുതല്‍ പ്രാധാന്യം നൽകുന്നത്.
English Summary : Interview with Impresario Miss Kerala 2020 winners