മാറ്റങ്ങൾ പിന്തുടരുന്നതും അതിനനുസരിച്ച് വസ്ത്രം ധരിക്കുന്നതും സർവസാധാരണം: അഭയ ഹിരൺമയി
നൂഡ് ഫോട്ടോഷൂട്ട് ഉൾപ്പടെ ചെയ്യുന്നവരാണവര്‍. ശരീരം എന്നത് മനോഹരമായ ചിത്രങ്ങൾ പകര്‍ത്താനുള്ള ഒരിടം എന്നതിനപ്പുറം എന്തെങ്കിലും മോശം താല്‍പര്യങ്ങള്‍ അവര്‍ക്കുള്ളതായി എനിക്കു തോന്നിയിട്ടില്ല. എല്ലാ മേഖലയിലുമുള്ള പ്രശ്‌നങ്ങളേ ഫാഷന്‍ രംഗത്തുമുള്ളൂ എന്നു തോന്നുന്നു....
നൂഡ് ഫോട്ടോഷൂട്ട് ഉൾപ്പടെ ചെയ്യുന്നവരാണവര്‍. ശരീരം എന്നത് മനോഹരമായ ചിത്രങ്ങൾ പകര്‍ത്താനുള്ള ഒരിടം എന്നതിനപ്പുറം എന്തെങ്കിലും മോശം താല്‍പര്യങ്ങള്‍ അവര്‍ക്കുള്ളതായി എനിക്കു തോന്നിയിട്ടില്ല. എല്ലാ മേഖലയിലുമുള്ള പ്രശ്‌നങ്ങളേ ഫാഷന്‍ രംഗത്തുമുള്ളൂ എന്നു തോന്നുന്നു....
നൂഡ് ഫോട്ടോഷൂട്ട് ഉൾപ്പടെ ചെയ്യുന്നവരാണവര്‍. ശരീരം എന്നത് മനോഹരമായ ചിത്രങ്ങൾ പകര്‍ത്താനുള്ള ഒരിടം എന്നതിനപ്പുറം എന്തെങ്കിലും മോശം താല്‍പര്യങ്ങള്‍ അവര്‍ക്കുള്ളതായി എനിക്കു തോന്നിയിട്ടില്ല. എല്ലാ മേഖലയിലുമുള്ള പ്രശ്‌നങ്ങളേ ഫാഷന്‍ രംഗത്തുമുള്ളൂ എന്നു തോന്നുന്നു....
സംഗീത ലോകത്ത് എഴുതിച്ചേർക്കപ്പെട്ട പേരാണ് അഭയ ഹിരൺമയി. എന്നാല്‍ ആ പേരിപ്പോൾ ഫാഷന്‍ ലോകത്തിനും പ്രിയങ്കരമാണ്. അഭയയുടെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുന്നു. ഇതൊരു മോഡലല്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക എന്ന തീരുമാനം നടപ്പിലാക്കുക മാത്രമാണ് താന്‍ എന്നായിരിക്കും ഇതേക്കുറിച്ച് ചോദിച്ചാൽ അഭയ പറയുന്നത്. ചെറുപ്പം മുതലേ മനോഹരമായി വസ്ത്രം ധരിക്കുമായിരുന്നു. ഗായിക എന്ന ലേബലാണ് ഫോട്ടോഷൂട്ടിലേക്കും എത്തിച്ചത്. അത് ശ്രദ്ധിക്കപ്പെടുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. ഫാഷന്‍ സങ്കൽപങ്ങളും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും അഭയ ഹിരൺമയി മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.
∙ ഫാഷൻ = കംഫർട്ട്
എല്ലാവരും പറയുന്നതു പോലെ എന്നെ സംബന്ധിച്ചും ഫാഷന്‍ എന്നാൽ കംഫര്‍ട്ട് ആണ്. അതിനപ്പുറം ഒരുത്തരം ഇല്ല. ഔട്ട്ഫിറ്റ് അള്‍ട്രാ മോഡേണോ ട്രെഡീഷനലോ ആകട്ടെ, ഇടുന്നയാൾക്ക് ആത്മവിശ്വാസവും സന്തോഷവും ലഭിക്കുന്നില്ലെങ്കിൽ അതു ഫാഷനബിള്‍ ആകില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഫാഷന്‍ എന്ന ചോദ്യത്തിന് കംഫര്‍ട്ട് എന്ന് ഉത്തരം നൽകുന്നത്. വസ്ത്രത്തിന്റെ വിലയെക്കാളും ബ്രാൻഡിനെക്കാളും പ്രാധാന്യം ഭംഗിക്കും കംഫര്‍ട്ടിനുമാണ്. ധരിക്കുമ്പോൾ സന്തോഷവും ഭംഗിയും അനുഭവപ്പെടുന്ന വസ്ത്രം മാത്രം അണിയുന്ന ആളാണു ഞാന്‍.
അടുത്തിടെ വൈറലായ ഫോട്ടോ പോലും ആ ചിന്താഗതിയിൽ നിന്നുണ്ടായതാണ്. ആറു മാസം മുന്‍പുവരെ എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. അന്ന് എന്തു ധരിച്ചാലും കംഫർട്ടബിളായി തോന്നിയിരുന്നില്ല. ഇപ്പോൾ വര്‍ക്കൗട്ട് ചെയ്തു വണ്ണംകുറച്ച സമയമാണ്. എന്തു ധരിച്ചാലും ചേരുന്നില്ല എന്ന തോന്നൽ ഇപ്പോഴില്ല. ഫോട്ടോഷൂട്ടിനായി സമീപിച്ചവർ നൽകിയ വസ്ത്രം ധരിച്ചു നോക്കിയപ്പോൾ എനിക്ക് ഇഷ്ടമായി. അതുകൊണ്ടാണ് ഷൂട്ടിനു സമ്മതിച്ചത്.
ചെറുപ്പം മുതലേ മുടി കെട്ടുന്നതിലും വസ്ത്രങ്ങളുടെ കാര്യത്തിലും എന്റേതായ ചെറിയ പരീക്ഷണങ്ങൾ ചെയ്യുമായിരുന്നു. വളര്‍ന്നപ്പോള്‍ സ്‌റ്റൈലിങ് ഒരു ഹരമായി മാറി. ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം ഒരു വസ്ത്രവും ധരിക്കാറില്ല. എനിക്ക് എന്ത് ചേരും, ചേരില്ല എന്നത് എന്റെ മാത്രം തീരുമാനമാണ്.
∙ അന്ന് ധൈര്യമില്ലായിരുന്നു
വസ്ത്രധാരണത്തില്‍ ഇന്നു പിന്തുടരുന്ന രീതി തന്നെയായിരുന്നു അഞ്ചു വര്‍ഷം മുന്‍പും. ഡീപ് നെക്ക് ഡ്രസ്സുകള്‍ അന്നും ധരിച്ചിരുന്നു. പക്ഷേ അതൊന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുളള ധൈര്യം ഇല്ലായിരുന്നു. പക്ഷേ കാലംമാറി. ചുറ്റിലും നോക്കൂ, ഇപ്പോൾ എത്ര മനോഹരമായാണ് പുതുതലമുറ വസ്ത്രം ധരിക്കുന്നത്. ഇഷ്ടമുള്ളത് അണിയുക എന്ന കാര്യത്തില്‍ അവരാരും വിട്ടുവീഴ്ചയ്ക്കില്ല. ആരെന്തു പറയുന്നു എന്നതൊന്നും അവര്‍ക്കു വിഷയമല്ല. ഫാഷനിലെ മാറ്റങ്ങൾ പിന്തുടരുന്നതും അതിനനുസരിച്ച് വസ്ത്രം ധരിക്കുന്നതും ഇന്ന് സര്‍വസാധാരണമാണ്. എനിക്ക് ഏറ്റവുമിഷ്ടമുള്ള കാര്യങ്ങളിലൊന്നായി അതു മാറിക്കഴിഞ്ഞു. ഫാഷനബിള്‍ ആയി നടക്കുന്നത് പാപമാണെന്നോ അധികപ്പറ്റാണെന്നോ ചിന്തിക്കാത്ത സമൂഹമായി കേരളം വളരെ വേഗം മാറുന്നുണ്ട്. ഇനിയും മാറും.
ഞാന്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ ഇന്‍ബോക്‌സില്‍ വരുന്ന കമന്റുകളെല്ലാം പോസിറ്റീവ് ആണ്. ‘ചേച്ചി, ആ ഡ്രസ്സ് എനിക്കിഷ്ടപ്പെട്ടു. നല്ല ഭംഗിയുണ്ട്. ചേച്ചി ഇത്തരം ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് വലിയ പ്രചോദനമാണ്’ എന്നിങ്ങനെ സന്ദേശങ്ങൾ ലഭിക്കാറുണ്ട്. വലിയ ആത്മസംതൃപ്തിയാണ് ഇതു നൽകുന്നത്. നമുക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ മറ്റുള്ളവര്‍ തുറന്ന മനസ്സോടെ കാണുന്നുണ്ടെന്നും അത് അവര്‍ക്ക് സന്തോഷമേകുന്നുവെന്നും അറിയുന്നത് വലിയ കാര്യമല്ലേ.
∙ ഇഷ്ടവേഷം
വസ്ത്രങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ച് വേര്‍തിരിവൊന്നുമില്ല. നിറങ്ങളോടും അങ്ങനെ തന്നെ. ഫ്രോക്കുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അതതു ദിവസത്തെ മനോനിലയ്ക്ക് അനുസരിച്ച് വസ്ത്രം ധരിക്കുന്ന ആളാണു ഞാന്‍. വീട്ടില്‍ നില്‍ക്കുമ്പോൾ ആയാലും രാവിലെ ധരിച്ച വസ്ത്രം പോലെയുള്ളതാകില്ല വൈകുന്നേരത്തെ കുളി കഴിഞ്ഞ് ധരിക്കുക. അന്നേരത്തെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഒരെണ്ണം തിരഞ്ഞെടുക്കും. അതൊരു സന്തോഷമാണ്.
∙ നിലപാടുകളുടെ പ്രതിഫലനം
എല്ലാത്തരം വസ്ത്രങ്ങളും ഇണങ്ങുന്ന ആൾ എന്ന അഭിപ്രായം സന്തോഷം നല്‍കുന്ന കാര്യമാണ്. എന്റെ വസ്ത്രധാരണം എന്റെ നിലപാടുകളുടെ പ്രതിഫലനമാണ്. വസ്ത്രത്തിന്റെ കാര്യത്തില്‍ എല്ലാം സ്വീകരിക്കാനും ധരിക്കാനും താൽപര്യമുള്ള ആളാണു ഞാന്‍. വേര്‍തിരിവുകള്‍ക്കപ്പുറം വൃത്തിയായി കാണപ്പെടുക എന്നതാണ് എന്നെ സംബന്ധിച്ച് മുഖ്യം. അങ്ങനെ ചെയ്യുമ്പോള്‍ നമ്മെ കാണുന്നവര്‍ക്കും സന്തോഷമാകും. നമുക്ക് ആത്മവിശ്വാസം തോന്നും. മറ്റുള്ളവരും വൃത്തിയായി ഒരുങ്ങി നടക്കുന്നതു കാണാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. വസ്ത്രങ്ങളും ആഭരണങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഇഷ്ടമാണ്.
വീട്ടിലിടുന്നത്, പുറത്തിടുന്നത് എന്ന വേർതിരിവും വസ്ത്രത്തിന്റെ കാര്യത്തിലില്ല. എല്ലായ്പ്പോഴും നല്ല വസ്ത്രം ധരിച്ച് അതിന് യോജിച്ച ആഭരണങ്ങള്‍ അണിഞ്ഞ് മുടി കെട്ടിവച്ചാണ് ഇരിക്കാറുള്ളത്. അതുകൊണ്ടു തന്നെ വീട്ടില്‍ നില്‍ക്കുമ്പോള്‍ കാണുന്നവരൊക്കെ അഭയ പുറത്തു പോകാന്‍ നില്‍ക്കുകയാണോ എന്നു ചോദിക്കാറുണ്ട്. ഇതാണ് എന്റെ രീതി.
ഫാഷൻ അപ്ഡേറ്റിനായി ചില വെബ്സൈറ്റുകളും മാഗസികകളും നോക്കാറുണ്ട്. വലിയ മാലയ്ക്കൊപ്പം ചെറിയ കമ്മല്‍, ചെറിയ കമ്മലിനൊപ്പം വലിയ മാല, വളയ്ക്കൊപ്പം വാച്ച് കെട്ടുക എന്നിങ്ങനെയുള്ള ചെറിയ പരീക്ഷണങ്ങള്‍ക്കേ മുതിരാറുള്ളൂ.
∙ ഇവരെ ശ്രദ്ധിക്കും
ഫാഷന്‍ എന്നതിലുപരി വസ്ത്രധാരണം കൊണ്ട് ശ്രദ്ധിക്കാന്‍ തോന്നിയ കുറച്ചുപേരേയുള്ളൂ. പ്രിയങ്ക ഗാന്ധിയാണ് അതിൽ ഒരാൾ. സാരി മാത്രമാണ് ധരിക്കുക. ആഭരണങ്ങളില്ല. ആ ഒരൊറ്റ സാരിയുടെ പ്രൗഢി അപാരമാണ്. മലയാളത്തില്‍ നടിമാരായ റിമ കല്ലിങ്കല്‍, അപര്‍ണ നായര്‍, പൂര്‍ണിമ, ഗായികമാരായ സയനോര, കാവ്യ അജിത് എന്നിവരും മികച്ച വസ്ത്രധാരണ ശൈലിയുള്ളവരാണെന്നു തോന്നിയിട്ടുണ്ട്.
ബോളിവുഡിൽ ദീപിക പദുകോൺ, സോനം കപൂര്‍, റിയാ കപൂര്‍, മസാബ ഗുപ്ത എന്നിവരുടെ വസ്ത്രധാരണമാണ് ആകര്‍ഷിച്ചിട്ടുള്ളത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും ഫാഷനബിള്‍ ആയ വ്യക്തിയാണ് സോനം കപൂര്‍ എന്നു തോന്നിയിട്ടുണ്ട്.
ബോളിവുഡിലെയും ഹോളിവുഡിലെയും എല്ലാ ഡിസൈനര്‍മാരെയും പിന്തുടരാറുണ്ട്. അതിലൂടെ പുതിയ ആശയങ്ങൾ ലഭിക്കും. അവരുടെ വസ്ത്രധാരണ രീതികളും ഫാഷനും പക്ഷേ ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നമ്മുടെ ശൈലിയിൽ അവരുടെ ഫാഷന്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്താറുള്ളത്.
സബ്യസാചി മുഖർജിയാണ് പ്രിയപ്പെട്ട ഡിസൈനര്‍. അനവിലയേയും ഇഷ്ടമാണ്. അനിത ഡോംഗ്രെയുടെ ഡിസൈനുകള്‍, ആയുഷ് കെജ്രിവാളിന്റെ ഡിസൈനര്‍ സാരികള്‍, ഗുച്ചിയുടെ വസ്ത്രങ്ങള്‍... അങ്ങനെ ഇഷ്ടങ്ങൾ വേറെയുമുണ്ട്.
∙ വീട്ടില്‍ നിന്നു കിട്ടിയത്
ചെറുപ്പം മുതലേ നല്ല ഭംഗിയോടും വിവേകത്തോടും വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. ആ ശീലം വീട്ടില്‍ നിന്നു കിട്ടിയതാണെന്നു പറയാം. അമ്മ നന്നായി വസ്ത്രം തുന്നുന്ന ആളാണ്. ആ ക്രിയാത്മകത കുറച്ചൊക്കെ നമുക്കും കിട്ടുമല്ലോ. അച്ഛൻ ഓഫിസില്‍ പോകുമ്പോള്‍ വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അച്ഛന്റെ സഹോദരങ്ങളും അങ്ങനെയായിരുന്നു. വല്യച്ഛന്‍ ഖാദി വസ്ത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. കൊച്ചച്ചന്‍ കരയുള്ള മുണ്ടും അതിനിണങ്ങുന്ന ഷര്‍ട്ടും. അവരെല്ലാം അവരെ അവതരിപ്പിച്ചിരുന്ന ആ വസ്ത്രധാരണ രീതി കണ്ടു വളര്‍ന്നതുകൊണ്ട് ഞാനും അതു ജീവിതത്തിന്റെ ഭാഗമായി കരുതി. എല്ലാത്തിനുമുപരിയായി ഇതൊരു സന്തോഷമാണ്. ജീവിതമെന്നത് സന്തോഷങ്ങളിലേക്കുള്ള യാത്രയാണല്ലോ. അത് കണ്ടെത്താന്‍ ഓരോരുത്തരും ഓരോ കാര്യങ്ങൾ ചെയ്യും. അനുയോജ്യമായ നല്ല വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ കാണുന്നവരില്‍ ഒരു മതിപ്പുണ്ടാകും എന്നത് വാസ്തവമാണ്. ജീവിതത്തില്‍ നമുക്കിഷ്ടമുള്ളതു ചെയ്യുക എന്ന എന്റെ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് എനിക്ക് വസ്ത്രധാരണം.
∙ ഫാഷൻ പ്രശ്നങ്ങൾ
ഗായിക എന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങിയതിനുശേഷം മാത്രമാണ് ഫാഷന്‍ ഫോട്ടോഷൂട്ടിലേക്കുളള എന്റെ കടന്നുവരവ്. ആ ലേബലിൽ തന്നെയാണ് എന്നെ ഫോട്ടോഷൂട്ടിനായി സമീപിച്ചതും. അതുകൊണ്ട് ഫാഷന്‍ മേഖലയെ കുറിച്ചോ അതിലെ പ്രശ്‌നങ്ങളെ കുറിച്ചോ ആധികാരികമായി സംസാരിക്കാന്‍ ഞാന്‍ ആളല്ല. ഇതുവരെ സഹകരിച്ച ഫാഷന്‍ ഫൊട്ടോഗ്രഫര്‍മാരെല്ലാം അങ്ങേയറ്റത്തെ പ്രഫഷനല്‍ മര്യാദയും പരസ്പര ബഹുമാനവും പ്രകടിപ്പിച്ചവാണ്. നൂഡ് ഫോട്ടോഷൂട്ട് ഉൾപ്പടെ ചെയ്യുന്നവരാണവര്‍. ശരീരം എന്നത് മനോഹരമായ ചിത്രങ്ങൾ പകര്‍ത്താനുള്ള ഒരിടം എന്നതിനപ്പുറം എന്തെങ്കിലും മോശം താല്‍പര്യങ്ങള്‍ അവര്‍ക്കുള്ളതായി എനിക്കു തോന്നിയിട്ടില്ല. എല്ലാ മേഖലയിലുമുള്ള പ്രശ്‌നങ്ങളേ ഫാഷന്‍ രംഗത്തുമുള്ളൂ എന്നു തോന്നുന്നു.
∙ പരീക്ഷണം മുടിയിൽ
ചർമത്തിന്റെ നിറവും അതിന്റെ പ്രത്യേകതകളും ജന്മനായുള്ളതാണ്. അതു മിനുക്കിയെടുക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. ഭക്ഷണത്തിലും ആരോഗ്യകാര്യത്തിലും ആവശ്യത്തിന് ശ്രദ്ധ പുലര്‍ത്താറുണ്ട്. എന്നാൽ കഠിനമായ ചിട്ടവട്ടങ്ങളോ പിന്തുടരലുകളോ ഇല്ല. വേറെ ഒരുപാട് ഇഷ്ടങ്ങൾ ഉള്ളൊരാളാണു ഞാന്‍. ഡയറ്റിലും വര്‍ക്കൗട്ടിലും അമിതമായി ശ്രദ്ധിച്ചാല്‍ മറ്റ് ഇഷ്ടങ്ങൾക്ക് സമയം കണ്ടെത്താനാകില്ല. മുടിയുടെ കാര്യത്തിലാണ് അൽപം വ്യത്യാസം. മുടിക്കു വേണ്ടി സമയം ചെലവിട്ടിരുന്നു. ചെറുപ്പം മുതലേ നീണ്ട മുടിയുണ്ടെനിക്ക്. വെട്ടിയാലും പെട്ടെന്നു വളരും. അതുകൊണ്ട് പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നിരുന്നു. അങ്ങനെയാണ് കളർ ചെയ്തത്. അതുപക്ഷേ മുടി ചീത്തയാക്കുമെന്ന് മനസ്സിലായപ്പോൾ ബോയ് കട്ട് ചെയ്തു. അധികം വൈകാതെ മുടി വളര്‍ന്നിറങ്ങി. അപ്പോൾ ബോറായി തോന്നി. അന്നേരം വീണ്ടും മുറിച്ചു. മുടിയുടെ സ്‌റ്റൈലിങും ചെറുപ്പം മുതലേ ഞാന്‍ തന്നെയാണു ചെയ്തിരുന്നത്.
∙ മാറ്റങ്ങളാണ് ജീവിതം
ഒരു കപ്പ് കാപ്പിയിലും പത്രം വായനയിലുമാണ് ജീവിതം തുടങ്ങുന്നത്. അതിനു മാത്രം മാറ്റമില്ല. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അതതു ദിവസം ഒരു ധാരണയുണ്ടാക്കും. അത്രേയുള്ളൂ. പതിവ് കാര്യങ്ങള്‍ എന്നൊന്നില്ല. അതു ബോറിങ് ആണ്. മാത്രമല്ല ഹൈദരാബാദിലാണ് ഞാന്‍ താമസിക്കുന്നത്. ഒരാഴ്ച നാട്ടിലുണ്ടാകും. എറണാകുളത്തും തിരുവനന്തപുരത്തുമായിരിക്കും അപ്പോൾ. വീണ പഠനം തൃശൂരിലാണ്. ക്ലാസും പരിശീലനവുമായി കുറേ നേരം പോകും. അങ്ങനെയൊക്കെയാണ് ദിവസങ്ങള്‍.
കുക്കിങ് വളരെ ഇഷ്ടമുള്ള കാര്യമാണ്. അതുപോലെ ചന്തകളിലേക്കുള്ള യാത്ര ഒത്തിരി ഇഷ്ടമാണ്. ഒരു സാധാരണ മാര്‍ക്കറ്റില്‍ പോയി മീനും പച്ചക്കറിയും വാങ്ങിക്കൊണ്ടു വന്നു പാചകം ചെയ്യുന്നത് സന്തോഷമാണ്.
∙ എന്നും പാട്ടുകാരി
സംഗീതമാണ് എനിക്കെല്ലാം. സംഗീതജ്ഞ എന്ന് അറിയപ്പെടാനാണു താൽപര്യം. അതിനപ്പുറം ചെയ്യുന്ന ഫാഷനും ഫോട്ടോഷൂട്ടുമെല്ലാം ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക എന്ന തീരുമാനത്തില്‍ നിന്നു വരുന്നതാണ്. ഹിരണ്‍മയ എന്ന എന്റെ ബ്രാന്‍ഡും അങ്ങനെ ഒന്നാണ്. ക്ലോത്തിങ് ലൈനുകളുടെ ഓണ്‍ലൈന്‍ സ്‌റ്റോറാണത്. ബ്രൈഡല്‍ കലക്‌ഷനുകളാണ് ഇപ്പോഴുള്ളത്.
∙ നാലു പേർ സന്തോഷം
എന്റെ വളര്‍ത്തു നായകളാണ് ഇതല്ലാതെയുള്ള സന്തോഷം. ശിവാജി എന്നു പേരുള്ളൊരു ലാബ്, പുരുഷു എന്ന ഡാഷ് ഹണ്ട്, ഷിറ്റ്സു പപ്പിയായ മാഷ, പഗ് ഇനത്തില്‍പ്പെട്ട തങ്കപ്പന്‍ എന്നീ നാലു പേരാണവര്‍. ഞാനുണ്ടാക്കുന്ന ഭക്ഷണം ആദ്യം ടേസ്റ്റ് ചെയ്യുന്നത് അവരാണ്. ഞാൻ ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം അവരോടൊപ്പമാണ്.
English Summary: Singer Abhaya Hiranmayi on her viral fashion photoshoots