എൺപതാം വയസിലും ഹോട്ട്; അസൂയപ്പെട്ട് ന്യൂജെൻ

ദേശുൻ വാങ്

വടിയും കുത്തി നടക്കേണ്ട പ്രായത്തിൽ ക്യാറ്റ് വോക്ക് നടത്തി കിടു അപ്പൂപ്പൻ. 80–ാം വയസിലെ അപ്പൂപ്പന്റെ ബോഡിയും സ്റ്റാമിനയും കണ്ട് അസൂയപ്പെടുന്ന ന്യൂജെൻ പിള്ളേരോട് ഒരു ഉപദേശവും. അവസരം കിട്ടുമ്പോൾ നക്ഷത്രം പോലെ തിളങ്ങുക. ലോകത്തിലെ തന്നെ ഹോട്ട് അപ്പൂപ്പനായി മാറിയിരിക്കുകയാണ് ചൈനയിലെ ദേശുൻ വാങ് എന്ന എൺപതുകാരൻ.

ഫോർബി‍ഡൻ കിങ്ഡം, വാരിയേഴ്സ് ഓഫ് ഹെവൻ ആൻഡ് എർത് എന്നീ ചിത്രങ്ങളിൽ ഉഗ്രൻ പ്രകടനം കാഴ്ചവച്ച ചൈനക്കാരൻ നടൻ വാങ് ദേശുൻ ആണ് യുവാക്കളെപ്പോലും അമ്പരപ്പിക്കുന്ന ക്യാറ്റ് വോക്ക് നടത്തിയത്. ചൈനീസ് ഫാഷൻ വീക്ക് ആയിരുന്നു വേദി. അയഞ്ഞ പാന്റ്സും ഷൂസും മാത്രം ധരിച്ച്, നഗ്നമായ നെഞ്ചു വിരിച്ച് നടന്നങ്ങു വന്നു. അതും അപാര കോൺഫിഡൻസിൽ. ഈ നിമിഷത്തിനു വേണ്ടി താൻ 40 വർഷമായി തയ്യാറെടുക്കുകയായിരുന്നു എന്നായിരുന്നു അപ്പൂപ്പന്റെ പ്രതികരണം. ഫാഷൻ ഷോയുടെ വിഡിയോ വൈറലായതോടെ അപ്പൂപ്പനിപ്പോൾ ആരാധക ശല്യം കാരണം പുറത്തിറങ്ങി നടക്കാൻ വയ്യാതായി. അരികിലെത്തുന്നവരോടെല്ലാം അപ്പൂപ്പനു പറയാനുള്ളതു സ്വന്തം കഥ. ചൈനയിലെ ഓണംകേറാ മൂലയിൽനിന്ന് ലോകത്തിന്റെ നെറുകയിലെത്തിയ ആ അപാര കോൺഫിഡൻസിന്റെ കഥ.

ചൈനയിലെ വടക്കു കിഴക്കൻ പ്രദേശമായ ഷെൻയാങ്ങിലായിരുന്നു ജനനം. 24–ാം വയസിൽ നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം. 44–ാം വയസിൽ ഇംഗ്ലീഷ് പഠിച്ചു. ബെയ്ജിങ്ങിലേക്കു താമസം മാറ്റിയ ശേഷമാണ് ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിച്ചത്. 50–ാം വയസിൽ കടഞ്ഞെടുത്ത പോലെ ഉഗ്രൻ ബോഡിയുമായി രംഗ്രപ്രവേശം ചെയ്ത വാങ് ദേശുന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമകളിലെ ഫൈറ്റ് സീനിലൊക്കെ ഉഗ്രൻ പെർഫോമൻസ്. 80–ാം വയസിലും ആ സ്റ്റാമിനയും ശരീരഭംഗിയും നിലനിർത്തുന്നു. വിജയത്തിന്റെ വഴിയിൽ എന്തെങ്കിലും തടസം ഉണ്ടെങ്കിൽ അതു നിങ്ങളുടെ മടി മാത്രമാണെന്ന് ഉപദേശവും പിള്ളേർക്ക് അപ്പൂപ്പന്റെ വകയായുണ്ട്.