ശരിക്കും ‘നാച്വറൽ’ ഈ സൗന്ദര്യമത്സരം

ബ്രസീലിൽ വേൾഡ് ഇൻഡിജെനസ് ഒളിംപിക്സിനോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രകൃതിദത്ത ഫാഷൻ ഷോയിൽ നിന്ന്

പലനിറങ്ങളിലുള്ള തൂവലുകൾ കൊണ്ട് കിരീടവും വളകളും, കാട്ടുചെടികളുടെ വിത്തുകൾ കോർത്ത് മാലയും അരഞ്ഞാണവും, ഇലകളും ഉണക്കഓലയും കൊണ്ടുള്ള കമ്മലുകൾ, ചുള്ളിക്കമ്പുകൾ കൊണ്ടും വേരുകൾ കൊണ്ടും തീർത്ത വസ്ത്രാലങ്കാരം, ചാക്ക് കൊണ്ടുള്ള ഉടുപ്പ്...പ്രകൃതിയുടെ ഒരു കഷണം അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി മുന്നിലേക്കിറങ്ങി വന്ന പോലെയായിരുന്നു അത്. പ്ലാസ്റ്റിക് ഇലകളും തൂവലുകളുമൊക്കെ ഉപയോഗിച്ചുള്ളതല്ല, നൂറു ശതമാനവും ‘പ്രകൃതിദത്തമായ’ ഫാഷൻ ഷോയാണ് കഴിഞ്ഞ ദിവസം ബ്രസീലിൽ നടന്നത്. തദ്ദേശീയരായ ഗോത്ര വിഭാഗക്കാർക്കു വേണ്ടി ഇതാദ്യമായി സംഘടിപ്പിച്ച വേൾഡ് ഇൻഡിജെനസ് ഒളിംപിക്സിനോടനുബന്ധിച്ചുള്ള സൗന്ദര്യമത്സരത്തിലായിരുന്നു ഈ കാഴ്ചകൾ.

അർജന്റീന, ന്യൂസിലന്റ്, മംഗോളിയ, ഇത്യോപ്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ള ഗോത്രവിഭാഗക്കാരാണ് ഒളിംപിക്സിനെത്തിയത്. അതുകൊണ്ടു തന്നെ ഫാഷനിലുമുണ്ടായിരുന്നു വൈവിധ്യം. പക്ഷേ സൗന്ദര്യമത്സരത്തിൽ നിറഞ്ഞുനിന്നത് ബ്രസീൽ തന്നെയായിരുന്നു. ബ്രസീലിയൻ ഗോത്രങ്ങളിലെ 24 വിഭാഗക്കാരാണ് പങ്കെടുക്കാനെത്തിയിരുന്നത്. ബ്രസീൽ ഗോത്രവിഭാഗക്കാർ തനതുചമയങ്ങളുമായി റാംപ് കീഴടക്കിയപ്പോൾ മറ്റു രാജ്യക്കാർ അൽപം ‘ആധുനിക’മായി. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് മുത്തുമണികൾ കോർത്ത മാലകളും പുതുപുത്തൻ രീതിയിലുള്ള വസ്ത്രങ്ങളുമൊക്കെയായിരുന്നു പലരും ധരിച്ചത്. എന്നാൽ ബ്രസീലുകാരാകട്ടെ അമ്പും വില്ലുമെല്ലാമായി തനിഗോത്ര രീതിയിലും. ചിലരാകട്ടെ വസ്ത്രത്തിനു പകരം ദേഹമാകെ പലതരത്തിലുള്ള നിറങ്ങളുപയോഗിച്ച് ഡിസൈനുകൾ തീർത്തായിരുന്നു മത്സരിച്ചത്. ആയിരക്കണക്കിനു പേരാണ് സൗന്ദര്യമത്സരം കാണാനായെത്തിയത്. ചിലർ മത്സരിക്കാനെത്തിയതാകട്ടെ കുട്ടികളുമായിട്ടും. പക്ഷേ കാഴ്ചക്കാരിൽ പലരും കൂളിങ് ഗ്ലാസൊക്കെ വച്ച് തകർപ്പൻ ലുക്കിലായിരുന്നു. ചിലർ സ്മാർട് ഫോണിൽ കാഴ്ചകൾ പകർത്തുന്ന തിരക്കിലും. അതായത് പഴയകാലത്തെ അനുകരിച്ചാണ് പലരും റാംപിലൂടെ നടന്നതെങ്കിലും ജീവിതത്തിൽ അതൊന്നും അധികമാരും പ്രാവർത്തികമാക്കുന്നില്ലെന്നർഥം. ഇന്നത്തെ കാലത്ത് പല ഗോത്രങ്ങൾക്കും ആധുനിക ജീവിതരീതിയോടാണത്രേ ആഭിമുഖ്യം.

ഒക്ടോബർ 23 മുതൽ നവംബർ ഒന്നു വരെയാണു ഗോത്ര ഒളിംപിക്സ് നടക്കുക. വടംവലി, കുന്തമേറ്, അമ്പെയ്ത്ത്, ഫുട്ബോളിനു സമാനമായ ഗോത്രവിഭാഗക്കാരുടെ മത്സരം, കൂറ്റൻ തടി ചുമന്നുകൊണ്ടുള്ള ഓട്ടം തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങളായ മത്സരങ്ങളാണ് സ്പോർട്സ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ഇത്രയും വർഷങ്ങൾ ബ്രസീലുകാർക്കു വേണ്ടി മാത്രമായിരുന്നു മത്സരം. ഇത്തവണ ആദ്യമായാണ് രാജ്യാന്തര തലത്തിൽ നടത്തുന്നത്. അതുകൊണ്ടാണ് ഇൻഡിജെനസ് ഗെയിംസ് എന്നത് മാറ്റി ഒളിംപിക്സ് എന്നാക്കിയതും. 23 രാജ്യങ്ങളിൽ നിന്നുള്ള 1800 പേരാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്. പ്രതീക്ഷിക്കുന്നതാകട്ടെ മുപ്പതിനായിരത്തോളം കാണികളെയും. റിയോ ഡി ജനീറോയിൽ അടുത്തവർഷം നടക്കാനിരിക്കുന്ന ഒറിജിനൽ ഒളിംപിക്സിനു മുന്നോടിയായുള്ള ട്രയൽ എന്ന രീതിയിലും ഗംഭീരമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.