അമൃതയുടെ സ്വന്തം അർജുൻ

ഈ അർജുന് എന്താ അമൃതയെ സ്നേഹിച്ചാൽ? അർജുന് ഇത്രനാളിയിട്ടും ശീതളിനെ മറക്കാറായില്ലേ? ഇയാൾ എന്താ ഇങ്ങനെ പെരുമാറുന്നത്? ചന്ദനമഴയിലെ അർജുനെക്കുറിച്ചുള്ള സ്ത്രീപ്രേക്ഷകരുടെ സംശയങ്ങൾ ഇങ്ങനെ പോകുന്നു. അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചുരുങ്ങിയകാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചു പറ്റി തമിഴ്നടനായ സുബ്രഹ്മണ്യൻ ഗോപാലകൃഷ്ണൻ. ദീപാവലി പ്രമാണിച്ച് ദേശായി കുടുംബത്തിലെ അർജ്ജുന്റെ വിശേഷങ്ങൾ സുബ്രഹ്മണ്യൻ മലയാളി പ്രേക്ഷകരുമായി പങ്കുവെക്കുന്നു.

തമിഴിൽ നിന്നും മലയാളത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

അഭിനയം ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. അസിസ്റ്റന്റ് ഡയറകട്റായി ജോലിചെയ്യവേയാണ് ആവണി തിങ്കൾ എന്ന ആദ്യ സിനിമയിൽ അഭിനയിക്കുന്നത്. അതിനുശേഷം ഡബ്ബിംഗ് ആർട്ടിസ്റ്റായി ഒരു കമ്പനിയിൽ ജോലി ലഭിച്ചു. അവിടെ നിന്നാണ് മെഗാസീരിയലിലേക്ക് അവസരം ലഭിക്കുന്നത്. വാലിയാണ് ആദ്യ സീരിയൽ. അതിൽ അഭിനയിക്കുമ്പോഴാണ് ചന്ദനമഴയുടെ പ്രൊഡ്യൂസറെ പരിചയപ്പെടുന്നത്. ചന്ദനമഴയുടെ തമിഴ് ദൈവം തന്ദവീടിൽ നായകനായി ആദ്യം എന്നെയാണ് നിശ്ചയിച്ചത്. എന്നാൽ ദൈവം തന്ദവീടിൽ അഭിനയിക്കുന്നതിനു മുമ്പ് മറ്റൊരു സീരിയലിൽ അവസരം കിട്ടി ഡേറ്റ് പ്രശ്നമായി. പിന്നീട് ചന്ദനമഴ മലയാളത്തിൽ ആരംഭിക്കുന്ന സമയത്ത് പ്രൊഡ്യൂസർ ചോദിച്ചു നിനക്ക് മലയാളത്തിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന്? രണ്ടിൽ ഒന്ന് ആലോചിക്കാതെ യെസ് പറഞ്ഞു. അങ്ങനെയാണ് മലയാളത്തിൽ എത്തുന്നത്.

ആരെങ്കിലും അർജുന് എന്താ അമൃതയെ ഇഷ്ടപ്പെട്ടാൽ എന്ന് ചോദിച്ചിട്ടുണ്ടോ?

അയ്യോ ഒരുപാടുപേർ. ഷൂട്ടിങ്ങ് സ്ഥലത്തിന്റെ അടുത്ത് ഒരു അമ്പലമുണ്ട്. എല്ലാദിവസവും ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുമ്പ് ഞാൻ അവിടെ പോകും. അവിടെവെച്ച് ഒരുപാടുപേർ തടഞ്ഞു നിർത്തി ചോദിച്ചിട്ടുണ്ട് നിനക്ക് എന്താ അമൃതയെ ഇഷ്ടപെട്ടാൽ? എന്തിനാ അതിനെ ഇങ്ങനെ അടിക്കുന്നത് എന്നൊക്കെ? അമൃതയെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ ആളുകളുടെ പ്രതികരണവും അതുപോലെയായി.

സീരിയൽ താരങ്ങളോട് കുടുംബപ്രേക്ഷകർക്ക് ആരാധന കൂടുതലുള്ള നാടാണ് കേരളം. അതിനാൽ മറക്കാനാവാത്ത എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ?

ഉണ്ട്. ഒറ്റപാലത്ത് നിന്നും കൊല്ലത്തു നിന്നുമുള്ള രണ്ടു വയസ്സായ അമ്മമാർ എന്നെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഒറ്റപാലത്തെ അമ്മയുടെ മകൾക്ക് സുഖമില്ലാതെ കിടക്കുന്ന അവസരത്തിൽ പോലും അവർ എന്നെ കാണണമെന്ന് വാശിപിടിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപുറപ്പെടാൻ ഒരുങ്ങിയിട്ടുണ്ട്. അവരുടെ മക്കൾ എങ്ങനെയോ എന്റെ ഫോൺനമ്പർ സംഘടിപ്പിച്ച് വിളിച്ച് എന്നോട് കാര്യം പറഞ്ഞു. ഞാൻ എന്നിട്ട് ആ അമ്മയെ നേരിട്ട് വിളിച്ച് സംസാരിച്ചു. ഞാൻ അമ്മയെ കാണാൻ നേരിട്ട് വരാമെന്ന് സമ്മതിച്ചതിനു ശേഷമാണ് അവർ അടങ്ങിയത്. കൊല്ലത്തു നിന്നും സാമാനമായ അനുഭവം ഉണ്ടായി. കൊല്ലത്തുള്ള അമ്മയെ ഞാൻ നേരിട്ട് പോയി കണ്ടിരുന്നു.

മലയാളത്തിൽ ഇത്രത്തോളം സ്വീകാര്യത ലഭിക്കുമെന്ന് വിചാരിച്ചിരുന്നോ?

അർജുന് എന്ന കഥാപാത്രത്തിന് ഇത്രയധികം സ്വീകാര്യത കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. സാധാരണ നായകന് എല്ലാ നല്ലഗുണങ്ങളും ഉള്ള ആളാണ്. എന്നാൽ ഇതിൽ തുടകത്തിൽ അൽപ്പം നെഗറ്റീവ് ടച്ച് ഉണ്ടായിരുന്നു. പ്രവചിക്കാനാവാത്ത സ്വഭാവമുള്ള കഥാപാത്രമാണ്. ഇയാൾഎന്താണ് ഇങ്ങനെയൊക്കെ, വട്ടാണോ? എന്ന് എനിക്ക് വരെ തോന്നിയിട്ടുണ്ട്. എനിക്ക് കിട്ടിയ സ്വീകാര്യത ആ കഥാപാത്രത്തിന്റെ മിടുക്കാണ്.

വ്യക്തിജീവിതവും കഥാപാത്രവും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ?

അർജുന്റെ പോലെ മൂഡ്ഒൗട്ട് സ്വഭാവം ഒന്നുമല്ല എന്റേത്. എപ്പോഴും കളിച്ച് ചിരിച്ചുള്ള രീതിയാണ്. പക്ഷെ ദേഷ്യം വന്നാൽ അർജുനേക്കാൾ കഷ്ടമാണ്. പ്രണയവിവാഹമാണ് എന്റേത്. സുഹൃത്തിന്റെ സഹോദരിയാണ് ഭാര്യ സൗമ്യ. പ്രണയിച്ചുകൊണ്ടിരുന്ന സമയത്ത് ഒരിക്കൽ സൗമ്യയോട് ദേഷ്യപ്പെട്ട് ഫോൺ സ്വിച്ച്ഓഫ് ചെയ്ത് നേരെ തിരുപ്പതിക്ക് വിട്ടു. രണ്ടുദിവസം കഴിഞ്ഞാണ് ഫോൺ ഓൺചെയ്തതു തന്നെ.

ഇപ്പോൾ ഭാര്യയ്ക്കാണ് ചിലനേരം അർജുന്റെ സ്വഭാവം. ഒന്നരവയസ്സുള്ള മകളുണ്ട് ഞങ്ങൾക്ക്. അവൾ എന്തെങ്കിലും കുറുമ്പുകാണിച്ചാൽ നിങ്ങൾ കാണിച്ചുകൊടുക്കുന്നത് കണ്ടാണ് അവൾ വഷളാകുന്നത് എന്നുപറഞ്ഞ് ഭാര്യ ദേഷ്യപ്പെടും.

ഭാഷ അറിയാൻ വയ്യാത്തത് പ്രശ്നമായിട്ടുണ്ടോ?

ഒരു നടന് ഭാഷയുടെ അതിർത്തികൾ പാടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരുപാട്പേർ പറഞ്ഞിട്ടുണ്ട് മലയാളം പഠിക്കാൻ ബുദ്ധിമുട്ടാണെന്ന്. പക്ഷെ നമുക്ക് താൽപ്പര്യമുണ്ടെങ്കിൽ എന്തും നടക്കും. എനിക്ക് ഇപ്പോൾ നന്നായി മലയാളം വായിക്കാനും സംസാരിക്കാനും അറിയാം.

സഹതാരങ്ങളുടെ സഹകരണം എത്രത്തോളം സഹായകമായിട്ടുണ്ട്?

ഒരു കുടുംബം പോലെ തന്നെയാണ് ഞങ്ങൾ എല്ലാവരും തമ്മിലുള്ള അടുപ്പം. ടി.ആർ.ഓമന അമ്മയ്ക്കൊഴിച്ച് ബാക്കി എല്ലാവർക്കും ഞാൻ അവരുടെ സഹോദരനെപ്പോലെയാണ്. ഓമനഅമ്മയ്ക്ക് സ്വന്തം മകനോടുള്ള വാത്സല്യമാണ്. അമൃത (മേഘ്ന), വർഷ (ശാലുകുര്യൻ) എല്ലാവരും എന്നെ അണ്ണാ എന്നാണ് വിളിക്കുന്നത്. എന്റെ അമ്മയായി അഭിയിക്കുന്ന രൂപശ്രീചേച്ചിയും തമിഴാണ്. ചേച്ചിയെ ഞാൻ അക്ക എന്നാണ് വിളിക്കാറുള്ളത്. സീരിയലിൽ വന്ന ശേഷം എനിക്ക് കിട്ടിയ ബെസ്റ്റ്ഫ്രണ്ടാണ് എന്റെ അനിയന്റെ വേഷം ചെയ്യുന്ന പ്രദീഷ്. ഭാഷ അറിയാതിരുന്ന സമയത്തൊക്കെ അവന് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

അഭിനയം അല്ലാതെ എന്താണ് മറ്റുതട്ടകങ്ങൾ?

ഒരു നിർമാണ കമ്പനി തുടങ്ങണമെന്നാണ് ആഗ്രഹം. ഇതിനു മുന്നോടിയായി തേഡ് ഐ വിഷ്വൽസ് എന്നൊരു ഫേസ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ഷോർട്ട്ഫിലിം ചെയ്യാൻ ആഗ്രഹമുള്ളവരുടെ കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. അവർക്ക് വേണ്ട ടെക്നിക്കൽ സപ്പോർട്ടും നിർമാണത്തിനുള്ള സഹായവും ചെയ്തുകൊടുക്കുയാണ് ലക്ഷ്യം. തേഡ് ഐ വിഷ്വലിന്റെ ബാനറിൽ ഇതിനോടകം ഒരു ഷോട്ട്ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ഷോട്ട്ഫിലിം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഭാഷയുടെ അതിർവരമ്പുകളില്ലാതെ തേഡ് ഐ വിഷ്വൽസിന്റെ എല്ലാസഹായവും ലഭിക്കും. കഴിവുള്ള പുതിയ ആളുകളെ പ്രമോട്ട് ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം. ഷോട്ട്ഫിലിമിലൂടെയാണ് തുടക്കമെങ്കിലും ഈ കൂട്ടായ്മ വിജയിച്ചാൽ അടുത്തപടിയായി സിനിമാനിർമാണവും സംവിധാനവും ചെയ്യണമെന്ന് വിചാരിക്കുന്നു.

ബിഗ്സ്ക്രീനിലേക്ക് വീണ്ടും പ്രതീക്ഷിക്കാമോ?

ചില പ്രോജക്ടുകൾ വന്നിട്ടുണ്ട്. പക്ഷെ 99% കൈയ്യിൽ കിട്ടിയിട്ടും അവസരങ്ങൾ കൈവിട്ടു പോയ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അഭിനയിച്ചുകഴിഞ്ഞിട്ടേ അതിനെക്കുറിച്ച് പറയാൻ പറ്റൂ.