ബിനാലെ രണ്ടു വർഷത്തിലൊരിക്കൽ ആണെങ്കിൽ 365 ദിവസവും ഫാഷൻ ആഘോഷിക്കുകയാണ് ബോസ് കൃഷ്ണമാചാരി. നിറങ്ങളുടെ അസാമാന്യ ചേരുവയും ഡിസൈനുകളുമായി ഒരോ വസ്ത്രവും ഓരോ പെർഫോമിങ് ആർട് പോലെ. ബോസ് കൃഷ്ണമാചാരിയുടെ വസ്ത്രങ്ങളും വാച്ചുകളും കണ്ണടകളുമെല്ലാം ഓരോ ഫാഷൻ സ്റ്റേറ്റ്മെന്റുകളാണ്. അദ്ഭുതവും അസൂയയും തോന്നിപ്പിക്കുന്ന വെറൈറ്റി പീസുകൾ!
എന്റെ സ്റ്റൈൽ
എല്ലാവർക്കും സ്വന്തമായൊരു സ്റ്റൈൽ വേണമെന്ന പക്ഷക്കാരനാണ് ഞാൻ. ചെറുപ്പത്തിൽ ചെരിപ്പൊക്കെ സ്വന്തമായി ഡിസൈൻ ചെയ്യുമായിരുന്നു. ജോലിയുടെ ഭാഗമായി ഇപ്പോൾ ഒരുപാടു യാത്ര ചെയ്യുന്നുണ്ട്. അങ്ങനെയുള്ള യാത്രകളിൽ സംഘടിപ്പിക്കുന്നതാണ് മിക്ക വസ്ത്രങ്ങളും ആക്സസറീസുകളും. മ്യൂസിയം ഷോപ്പുകൾ എന്റെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. മിലാനിലെ കോർസോ കോമോയിലും ലണ്ടനിലെയും ആംസ്റ്റർഡാമിലെയും കോം ഡി ഗാർസോ ഷോപ്പുകളിലും ഒരുപാടു ഷോപ്പിങ് നടത്തിയിട്ടുണ്ട്. ബ്രിട്ടിഷ് ഡിസൈനർ പോൾ സ്മിത്തിന്റെ ഷർട്ടുകളാണു കൂടുതലും ധരിക്കാറ്. അർമാനി, അലക്സാണ്ടർ മക്‌ക്വീൻ, ഗുച്ചി, സാൽവത്തോർ ഫെരഗാമോ തുടങ്ങിയ ബ്രാൻഡുകളുടെ വസ്ത്രങ്ങളും ബെൽറ്റുകളും ചെരിപ്പുകളും ഉപയോഗിക്കാറുണ്ട്. ഇന്ത്യൻ ഡിസൈനർമാരിൽ മനീഷ് അറോറയെ ഇഷ്ടമാണ്. അസാധ്യ കളർ കോംബിനേഷനാണ് അദ്ദേഹത്തിന്റേത്. രാജേഷ് പ്രതാപ് സിങ്ങിന്റെ മിനിമലിസ്റ്റിക് ഡിസൈനുകളും മികച്ചവയാണ്. പല ഡിസൈനുകളിലും നിറങ്ങളിലുമുള്ള കണ്ണടകളാണ് മറ്റൊരിഷ്ടം. 10,000 രൂപ മുതലുള്ള അൻപതോളം കണ്ണടകളുടെ കലക്‌ഷനുണ്ട്. ജാപ്പനീസ് ഡിസൈനർ ഇസി മിയാക്കേയുടെ ഉൾപ്പെടെ ഇരുപത്തഞ്ചോളം വാച്ചുകളുമുണ്ട്.
മലയാളികൾ
എല്ലാ കാര്യത്തിലും മിനിമലിസത്തിന്റെ ആളാണ് ഞാൻ. ഗാന്ധിജിയാണ് ആദ്യ മിനിമലിസ്റ്റിക് ഡിസൈനർ എന്നു ഞാൻ വിശ്വസിക്കുന്നു. എത്ര ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും വസ്ത്രധാരണവും. നമ്മൾ മലയാളികൾ പലപ്പോഴും അനുകരണത്തിന്റെ ആളുകളാണ്. താടിയായാലും മുടിയായാലും മറ്റൊരാളുടെ ക്രിയേറ്റിവിറ്റി അതേപടി അടിച്ചുമാറ്റും. ചെറുപ്പത്തിൽ ശീലിപ്പിക്കാത്തതിന്റെ പ്രശ്നങ്ങളാണ് ഇതൊക്കെ. ചില വീടുകളിൽ കണ്ടിട്ടില്ലേ... എത്ര ചെറിയ ലിവിങ് റൂമാണെങ്കിലും സോഫകൾ കുത്തിനിറച്ചിടും, അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പറ്റാത്ത അവസ്ഥ. ഇതുപോലെയാണ് ചിലർ വസ്ത്രം ധരിക്കുന്നതും. മൊത്തത്തിൽ ഒരു ബഹളമായിരിക്കും!! കോൺഷ്യസ് അല്ലാത്തതാണു പ്രശ്നം.
മുണ്ടും ഷർട്ടും
വെള്ള മുണ്ടും വെള്ള ഷർട്ടും പോലെ ഇത്ര പ്ലെസന്റായിട്ടുള്ള മറ്റൊരു ഔട്ട്ഫിറ്റില്ല. ഒരു മെതിയടി കൂടി ഉണ്ടെങ്കിൽ പെർഫക്ട്. വീട്ടിൽ മുണ്ടാണ് എന്റെ വേഷം.