' ഞാനെന്തിനു നാണിക്കണം, ഇതെന്റെ പ്രഫഷനാണ് '

ഫോർവാഡ് മാഗസിനു വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിൽ നിന്നും. ചിത്രം: ജിൻസൺ എബ്രഹാം

വശ്യമാണ് ആ കണ്ണുകൾ.. പോസിറ്റിവിറ്റി നിറഞ്ഞൊഴുകുന്ന ചിരി.. സംസാരിക്കുമ്പോഴുള്ള ചടുലത.. ഏതു കാര്യം ചെയ്യുമ്പോഴും അതിൽ നൂറുശതമാനവും ആത്മാർഥതയുണ്ടായിരിക്കണം എന്നു പറഞ്ഞു തുടങ്ങിയ ആ പെൺകുട്ടിയുടെ പേരാണു കനി. മോഡലിങ്ങിന്റെയും അഭിനയത്തിന്റെയും ഗ്ലാമർ ലോകത്തേക്കു ചുവടുവച്ചെങ്കിലും കനി എന്ന കുസൃതിപ്പെണ്ണിന് എന്നും ഇഷ്ടം കേരളവും ഇവിടുത്തെ പച്ചപ്പുമൊക്കെയാണ്. ഇപ്പോൾ ഫോർവാഡ് മാഗസിനു വേണ്ടി കനിയുടേതായി പുറത്തു വന്ന ഫോട്ടോഷൂട്ട് ആണ് പുത്തൻ വിശേഷം. ഫോട്ടോഷൂട്ടിൽ ഹോട്ട് ലുക്കിലാണല്ലോ കനി എന്ന് ആരെങ്കിലും ചോദിച്ചാൽ അപ്പോ വരും മറുപടി അല്ലാ ഈ ഹോട്ട് എന്നുവച്ചാൽ? അല്‍പം ശരീരഭാഗങ്ങൾ കാണുന്നതിനാണോ ഹോട്ട് എന്നും ഗ്ലാമറസ് എന്നുമൊക്കെ പറയുന്നത്? ഇതെന്റെ പ്രഫഷൻ ആണു ഹേ... ബോള്‍ഡ് ആയി തീരുമാനങ്ങളെ‌ടുക്കാനും അതു പറയാനുമുള്ള മനസാണ് കനിയെ കൂടുതൽ കരുത്തയാക്കുന്നത്. കനി സംസാരിക്കുന്നു

ഫോർവാഡ് മാഗസിനു വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിൽ നിന്നും. ചിത്രം: ജിൻസൺ എബ്രഹാം

മോഡലിങ്ങിലേക്കുള്ള വരവിനെക്കുറിച്ച്?

മോഡലിങ് ഒരു പ്രഫഷൻ ആക്കണമെന്നൊന്നും ആലോചിച്ചിട്ടേയില്ല. മോഡലിങ്ങിലേക്കു പറ്റിയ ഫീച്ചേഴ്സ് ആണെന്നു തോന്നിയതു കൊണ്ടായിരിക്കാം പലരും പറയുമായിരുന്നു ഒരു കൈ നോക്കിക്കൂടെയെന്ന്. ഫ്രീലാൻസ് ആയി ചെയ്യുന്ന ഫോ‌ട്ടോഗ്രാഫേഴ്സ് സുഹൃത്തുക്കളുടെ ക്യാമറയ്ക്കു മുന്നിലൊക്കെ പോസ് ചെയ്യുമായിരുന്നു. പതിയെ ചെറിയ പ്രൊഡക്റ്റുകളുടെയും മോഡലായിത്തുടങ്ങി, അതൊരിക്കലും ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടേതായിരുന്നില്ല. എന്റെ കംഫർട്ട് സോണിൽ നിന്നുകൊണ്ടുള്ളവ മാത്രമായിരുന്നു അത്. പിന്നീടു വനിതയ്ക്കു വേണ്ടിയും വോഗ് ഇന്ത്യയ്ക്കു വേണ്ടിയുമൊക്കെ ഫോ‌‌‌ട്ടോഷൂട്ട് ചെയ്തിരുന്നു. അങ്ങനെ ടിവി കൊമേഴ്സ്യലും ചെയ്തു തുടങ്ങി. ഇപ്പോ ദാ ഫോർവാഡ് മാഗസിനു വേണ്ടി ജിൻസണിന്റെ ക്യാമറയ്ക്കു മുന്നിലും പോസ് ചെയ്തു. ഫോർവാഡ് മാഗസിൻ ലോഞ്ച് ചെയ്ത സമയത്തുതന്നെ ജിൻസൺ എന്നെ വിളിച്ചിരുന്നു പക്ഷേ ഇപ്പോഴാണ് നടന്നതെന്നു മാത്രം. വളരെയധികം സന്തോഷമുണ്ട്, കാരണം ഫെമിന, വോഗ് ഇന്ത്യ പോലൊരു ക്വാളിറ്റി സ്റ്റഫ് പുലർത്തുന്ന മാഗസിൻ ആണത്. ആരെന്തു ചിന്തിക്കും എന്നതു പ്രശ്നമാക്കാതെ മുന്നോട്ടു പോകുന്നതാണ് അവരുടെ വിജയവും.

ഫോർവാർഡ് മാഗസിന്റെ ചിത്രങ്ങൾ പുറത്തിറങ്ങിയപ്പോൾ വിമർശനങ്ങളുണ്ടായോ?

ഇല്ല, കൂടുതൽ പേരും അഭിനന്ദിക്കുകയാണു ചെയ്തത്. ഞാൻ ഒരിക്കലും വിമർശനങ്ങൾക്കെതിരല്ല, ഒരു ഫോട്ടോഷൂട്ട് വന്നാൽ അതിന്റെ ലൈറ്റിങ് മുതൽ ഞാന്‍ പോസ് ചെയ്തതു വരെ ശരിയായിട്ടില്ലെന്ന് അഭിപ്രായം പറയാൻ കാണുന്നവർക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതൊരിക്കലും അവളുടെ വസ്ത്രം കുറഞ്ഞു പോയി എന്ന രീതിയിലേക്കാവരുത്. ഓരോരുത്തരും അവനവന്റെ കംഫർട്ടബിളിനനുസരിച്ച വസ്ത്രങ്ങളാണു ധരിക്കുക, അതിൽ ആരെയും ചോദ്യം ചെയ്യാന്‍ ആർക്കും അധികാരമില്ല. ചില സിനിമകൾക്കു വേണ്ടി ഞാൻ ന്യൂഡ് ആയി അഭിനയിച്ചിട്ടുണ്ട്. അതെന്റെ ജോലിയാണ്, അതിനോടു നൂറുശതമാനവും ആത്മാർഥത പുലർത്തേണ്ടതുകൊണ്ടാണ്. ഒരാളുടെ വ്യക്തിപരവും തൊഴിൽപരവും ഒക്കെയായ കാര്യങ്ങൾ ആണതെന്നു മനസിലാക്കുകയാണു വേണ്ടത്. അല്ലാത്ത തരത്തിലുള്ള വിമർശനങ്ങൾക്കൊന്നും മറുപടി കൊടുക്കേണ്ട കാര്യമേയില്ല.

ഫോർവാഡ് മാഗസിനു വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിൽ നിന്നും. ചിത്രം: ജിൻസൺ എബ്രഹാം

നേരത്തെ പല ടോപ്‌ലെസ് ചിത്രങ്ങളും വിവാദങ്ങൾക്കു വഴിവച്ചിരുന്നല്ലോ?

പുറത്തു ജോലി ചെയ്യുന്ന സമയത്ത് ഒരിക്കൽ ‌ടൈമർ വച്ചെടുത്ത ഫോട്ടോയുടെ പേരിൽ ചില്ലറ പഴികളൊന്നുമല്ല കേട്ടത്. പക്ഷേ അന്നെന്നെ പരസ്യമായി ഫേസ്ബുക്കിലൂടെ ചീത്തവിളിച്ചിരുന്നയാൾ ഒരുമാസം മുമ്പ് താൻ അന്നു പ്രതികരിച്ച രീതി ശരിയായില്ലെന്നും അതത്ര വലിയ കാര്യമാക്കേണ്ടതായിരുന്നില്ലെന്ന് ഇന്നയാള്‍ മനസിലാക്കിയെന്നു പറഞ്ഞു. സത്യം പറഞ്ഞാൽ അയാൾക്കു വന്ന മാറ്റം കണ്ടു സന്തോഷം തോന്നി. എനിക്കെന്റെ മുഖം പോലെ തന്നെയാണ് കൈകാലുകളും മറ്റു ശരീരഭാഗങ്ങളുമൊക്കെ, അതു ഫോട്ടോയാക്കി പോസ്റ്റു ചെയ്യാൻ ഞാനെന്തിനു നാണിക്കണം. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ പരമാവധി ബഹുമാനിക്കണമെന്നു പറഞ്ഞാണ് മൈത്രേയനും ചേച്ചിയും എന്നെ വളർത്തിയത്.

നാടകത്തോടു പ്രണയം തോന്നിത്തുടങ്ങിയത് എപ്പോൾ മുതലാണ്?

സത്യത്തിൽ ​എനിക്ക് ഏറ്റവും ഇഷ്ടം സയന്‍സിനോടായിരുന്നു. മാത്‌സും ഫിസിക്സുമൊക്കെ അത്രയ്ക്കും ഭ്രാന്തായിരുന്നു. സ്കൂളിൽ ചെറിയ നാടകങ്ങളിൽ അഭിനയിച്ചതാണ് ഈ മേഖലയിലെ തു‌ടക്കം. പതിനഞ്ചാം വയസിൽ അഭിനയ എന്നൊരു നാടകസംഘത്തിൽ നിന്ന് ക്ഷണം ലഭിച്ചു. എനിക്കാദ്യം വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ചേച്ചിയും മൈത്രേയനും പറഞ്ഞു വെറുതെ ഒന്നു പോയി നോക്കൂ, ഇഷ്ടമാണെങ്കിൽ തുടർന്നാൽപ്പോരെ എന്ന്. അവർ ഇക്കാലമത്രയും എന്നെ ഒന്നിനും നിർബന്ധിച്ചിട്ടില്ല. നാടകം എന്നിലെ വ്യക്തിയുടെ വളർച്ചയെ ഒരുപാടു സഹായിച്ചിട്ടുണ്ട്. എന്നിലുണ്ടായിരുന്ന പൊള്ളത്തരങ്ങൾ ഒക്കെ മാറി ഞാൻ കൂടുതൽ ഞാനായി. ആദ്യമൊക്കെ പല കാര്യങ്ങളും ചെയ്യുന്നതിനു മുമ്പ് മറ്റുള്ളവർ എന്തു വിചാരിക്കും എന്നൊക്കെ ചിന്തിക്കുമായിരുന്നു, അതൊക്കെ മാറി. പിന്നെ അഭിനയത്തേക്കാളും മോഡലിങ്ങിനേക്കാളുമൊക്കെ എനിക്കിഷ്ടം ഡാൻസ് ആണ്, ഭരതനാട്യവും കഥകും പഠിച്ചിട്ടുണ്ട്.

എനിക്കെന്റെ മുഖം പോലെ തന്നെയാണ് കൈകാലുകളും മറ്റു ശരീരഭാഗങ്ങളുമൊക്കെ, അതു ഫോട്ടോയാക്കി പോസ്റ്റു ചെയ്യാൻ ഞാനെന്തിനു നാണിക്കണം.

രാപകൽ ഭേദമില്ലാതെ യാത്ര ചെയ്യുമ്പോൾ തുറിച്ചുനോട്ടങ്ങളും കമന്റടികളും സ്വാഭാവികമായിരിക്കുമല്ലോ?

തീർച്ചയായും. പക്ഷേ ആ സന്ദർഭങ്ങളിൽ തന്നെ നമുക്കു രണ്ടുരീതിയിൽ പ്രതികരിക്കാമെന്നാണു ഞാൻ കരുതുന്നത്. പട്ടാപ്പകൽ ആരെങ്കിലും മോശമായി പെരുമാറിയാൽ ഞാൻ തീർച്ചയായും പ്രതികരിക്കും. ചീത്ത വിളിക്കുമെന്നല്ല പകരം എ​നിക്കു താൽപര്യമില്ലെന്നോ ഒക്കെ പറയുമായിരിക്കും. നേരെമറിച്ച് രാത്രിയിൽ ഞാനൊറ്റയ്ക്ക് ആകുന്ന സമയത്ത് ഒരു സംഘം ആളുകൾ ചുറ്റിനിന്നാൽ കുറച്ചു മയത്തിലാകും സംസാരിക്കുക, കാരണം ജീവനല്ലേ വലുത്, നാളെ ഇക്കാര്യം സമൂഹത്തോടു തുറന്നു പറയണമെങ്കിലും ഞാൻ ജീവിച്ചിരിക്കണ്ടേ.

അച്ഛനെപ്പോലെ ഫോട്ടോഗ്രാഫിയോടു കമ്പമില്ലേ?

ഫോട്ടോഗ്രാഫി ഇഷ്ടമൊക്കെയാണ്. പണ്ടൊക്കെ ചെറിയ പടങ്ങളൊക്കെ എടുത്തിട്ടുണ്ട്. പക്ഷേ മൈത്രേയനെപ്പോലെ ഫോട്ടോഗ്രാഫിയോടു ഭ്രാന്തമായ സ്നേഹമൊന്നുമില്ല.

ഓരോരുത്തരും അവനവന്റെ കംഫർട്ടബിളിനനുസരിച്ച വസ്ത്രങ്ങളാണു ധരിക്കുക, അതിൽ ആരെയും ചോദ്യം ചെയ്യാന്‍ ആർക്കും അധികാരമില്ല.

അച്ഛനെ എന്തേ പേര് വിളിക്കുന്നു?

മൈത്രേയൻ എന്നോടു മാത്രമല്ല ഞങ്ങളുടെ വീട്ടിലെ എല്ലാവരോടും പേരു വിളിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അതുപോലെ സർ എന്നുള്ള വിളിയൊന്നും ഇഷ്ടമേയല്ല, എന്നെ സുഹൃത്തായി കണ്ടാൽ മതിയെന്നാണ് പറയാറുള്ളത്. എനിക്ക് അച്ഛൻ മാത്രമല്ല എന്റെ ഏറ്റവും അടുത്ത സുഹൃത്തു കൂടിയാണ് അദ്ദേഹം. അമ്മ എനിക്കു ചേച്ചി ആണ്. ചേച്ചിയും ജയശ്രീ എന്നു വിളിക്കാനാണു പറഞ്ഞിരുന്നത്, പക്ഷേ എപ്പോഴോ അതു ചേച്ചി ആയി. പലർക്കും ഇപ്പോഴും ഉൾക്കൊള്ളാനാവില്ല അമ്മയെ ചേച്ചിയെന്നും അച്ഛനെ പേരു വിളിക്കുന്നതുമൊക്കെ.

രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിൽ ഇടപെടാറുണ്ടോ?

ഒരാൾക്ക് അവരവരുടേതായ രാഷ്ട്രീയം ഉണ്ടായിരിക്കണമെന്നു കരുതുന്നയാളാണു ഞാൻ. രാഷ്ട്രീയം എന്നതു പാർട്ടിയോടുള്ള ആഭിമുഖ്യം മാത്രമല്ലല്ലോ, നിലനിൽപ്പിനു വേണ്ടി ഒരു പൗര എന്ന നിലയിൽ ലോകത്തോട് ഉത്തരവാദിത്തമുള്ളയാളായിരിക്കണം. പലരും പറയുന്നത് കേട്ടിട്ടുണ്ട്, പാർട്ടിയോ അയ്യേ എനിക്കതിലൊന്നും താൽപര്യമില്ല എന്ന്. എ​ല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്ക് അവബോധമുണ്ടായിരിക്കണം. എ​നിക്കും എന്റേതായ ഒരു നിലപാടുണ്ട്. ചിലപ്പോൾ അതു തെറ്റാകാറുണ്ട്, ആ സമയങ്ങളില്‍ അക്കാര്യത്തിൽ വ്യക്തമായ ധാരണകളുള്ളവരുടെ വാക്കുകൾ കേള്‍ക്കാറുമുണ്ട്.

അഭിനയത്തേക്കാളും മോഡലിങ്ങിനേക്കാളുമൊക്കെ എനിക്കിഷ്ടം ഡാൻസ് ആണ്, ഭരതനാട്യവും കഥകും പഠിച്ചിട്ടുണ്ട്.

‌കനിയുടെ അഭിപ്രായത്തിൽ ഒരു സ്ത്രീയുടെ ആത്യന്തികമായ സ്വാതന്ത്ര്യം എന്താണ്?

അത് ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കും. ഇന്ത്യയുടെ കാര്യം എടുത്താൽ ഇവിടുത്തെ സ്ത്രീകൾക്ക് ആത്യന്തികമായി ലഭിക്കേണ്ട സ്വാതന്ത്ര്യം ​എന്നത് സാമ്പത്തികമായ സുരക്ഷിതാവസ്ഥ ആണ്. പലരും പ്രഫഷണലിൽ നല്ല പദവികളിൽ ഇരിക്കുന്നവരൊക്കെയാകും. പക്ഷേ സാമ്പത്തിക കാര്യം വരുമ്പോൾ അതിന്റെ ചുമതല മുഴുവൻ വീട്ടിലെ ഭർത്താവിനോ അച്ഛനോ ഒക്കെയായിരിക്കും. അത്തരം ഒരവസ്ഥയിൽ ഒരു സ്ത്രീക്ക് എങ്ങനെയാണു തന്റെ ഇഷ്ടങ്ങളെക്കുറിച്ചു തുറന്നു പറയാനാവുക. അവൾക്കെന്തു പഠിക്കണം, എന്തു തൊഴിൽ ചെയ്യണം എന്നൊക്കെ പറയണമെങ്കിൽ അവൾ ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആയേ തീരൂ. അതു കഴി‍ഞ്ഞേ ബാക്കി സ്വാതന്ത്രങ്ങളൊക്കെ വരൂ.

സിനിമകള്‍ കുറച്ചേ ചെയ്തുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ടു. പിന്നെ എന്തേ സജീവമായില്ല?

ഈ ചോദ്യം സംവിധായകരോടാണു ചോദിക്കേണ്ടത്(ചിരി). ചില സമയത്തൊക്കെ എന്റെ സാഹചര്യങ്ങൾ അനുകൂലമാകാതെ വന്നിട്ടുണ്ട്. ചെറുപ്പം മുതലേ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണമെന്നു ചേച്ചിയും മൈത്രേയനും പറയുമായിരുന്നു. അങ്ങനെ സിനിമകള്‍ ചെയ്താൽ എന്താ എന്നു തോന്നിത്തുടങ്ങി. ആദ്യമൊന്നും സിനിമയോടു വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു, കാരണം സിനിമയുടെയും നാടകത്തിന്റെയും പ്രോസസ് വേറെയാണ്. പക്ഷേ ഇപ്പോൾ ഒരു മൂന്നാലു വർഷമായിട്ട് ഇഷ്ടമുള്ള തരത്തിലുള്ള ചിത്രങ്ങളൊക്കെ മലയാള സിനിമയിൽ വരുന്നുണ്ട്. പഴയ പത്മരാജൻ സിനിമകളൊക്കെ കാണുമ്പോൾ ചിന്തിക്കാറുണ്ട്, ആ കാലത്തു ഞാനുണ്ടായിരുന്നെങ്കിൽ എന്ന്. ഇപ്പോൾ രണ്ടു വർഷമായിട്ട് ബോംബെയിലാണ്, അതുകൊണ്ട് ഇങ്ങോ‌ട്ടുള്ള വരവുകൾ ഇത്തരം അവസരങ്ങളിലൊക്കെയാണ്. എനിക്കിഷ്ടം ഈ കേരളം തന്നെയാണ്, എപ്പോഴും.

പലർക്കും ഇപ്പോഴും ഉൾക്കൊള്ളാനാവില്ല അമ്മയെ ചേച്ചിയെന്നും അച്ഛനെ പേരു വിളിക്കുന്നതുമൊക്കെ.

മോഡലിങ്ങിലേക്കു വരാനാഗ്രഹിക്കുന്ന പെൺകുട്ടികളോട് എന്താണു പറയാനുള്ളത്?

ഫോർവാഡ് മാഗസിന്റെ ഫോട്ടോഷൂട്ട് കൂടി പുറത്തിറങ്ങിയതോടെ ഒത്തിരി പേരായി എന്നോട് മോഡലിങ് ടിപ്സൊക്കെ ചോദിക്കുന്നു. പക്ഷേ ടെക്നിക്കലി അത്തരം കാര്യങ്ങൾ പറയാൻ മാത്രമുള്ള പ്രാഗത്ഭ്യമൊന്നും എനിക്കീ രംഗത്തില്ല. പിന്നെ ഇതൊരു ജോലിയാണ്, അതു നൂറുശതമാനം ആത്മാർഥതയോടെ വൃത്തിയായി ചെയ്യാൻ പഠിക്കുക. നമ്മളെ ആരൊക്കെ എന്തൊക്കെ പറയുമെന്നൊന്നും ആലോചിക്കാനേ പാടില്ല.

പ്രണയത്തെയും വിവാഹത്തെയുംകുറിച്ച്?

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ചേച്ചിയും മൈത്രേയനും പറയുമായിരുന്നു 'നിനക്ക് ആരോടെങ്കിലും പ്രണയം തോന്നിയാൽ അതൊരിക്കലും തെറ്റല്ല, പക്ഷേ അതാണ് ആത്മാർഥ പ്രണയം അയാളെ മാത്രമേ വിവാഹം കഴിക്കൂ എന്നൊന്നും ധരിച്ചുവെക്കരുത്, അതു തെറ്റാണ്' എന്ന്. രണ്ടുവർഷമായി ഞാനൊരാളുമായി പ്രണയത്തിലാണ്. ഫിലിം മേക്കറും പ്രൊഡ്യൂസറുമൊക്കെയായ ആനന്ദ് ഗാന്ധിയാണ് പാർട്നർ(ആനന്ദിന്റെ ഷിപ് ഓഫ് തീസിയസ് എന്ന ഫീച്ചർ ചിത്രത്തിനു ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്). പല കാര്യങ്ങളിലും ഒരുപോലെ ചിന്തിക്കുന്നവരാണു ഞങ്ങൾ. വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. മൈത്രേയനും ചേച്ചിയും വിവാഹം കഴിച്ചവരല്ല, അതുകൊണ്ട് അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പിന്നെ യാത്രകളൊക്കെ ചെയ്യുമ്പോൾ ചിലപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം വന്നേക്കാം. ഒരു കുട്ടിയൊക്കെ ആകുന്ന സമയത്ത് വേണമെന്നു തോന്നിയാല്‍ അപ്പോ ചെയ്യാം.

രണ്ടുവർഷമായി ഞാനൊരാളുമായി പ്രണയത്തിലാണ്. ഫിലിം മേക്കറും പ്രൊഡ്യൂസറുമൊക്കെയായ ആനന്ദ് ഗാന്ധിയാണ് പാർട്നർ.

ഭാവി പദ്ധതികൾ?

അങ്ങനെ എണ്ണിത്തിട്ടപ്പെടുത്തിയുള്ള പദ്ധതികളൊന്നുമില്ല. ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണു ഞാൻ. സമ്പാദിക്കണം, സേവ് ചെയ്യണം എന്നൊന്നുമില്ല, പക്ഷേ എന്റെ കാര്യങ്ങൾ ചെയ്യാൻ ആരെയും ആശ്രയിക്കരുത് എന്നുണ്ട്. കേരളത്തെ പൂർണമായും വിട്ടുകൊണ്ടൊരു ജീവിതം എനിക്കു സങ്കൽപ്പിക്കേനായാവില്ല. ഈ പച്ചപ്പും മരങ്ങളുമൊക്കെ തരുന്നൊരു സന്തോഷമുണ്ട്. തീരെ ബഹളം ആഗ്രഹിക്കാത്തൊരു വ്യക്തിയായതുകൊണ്ട് ഇവിടെ ചുറ്റിപ്പറ്റി നിൽക്കാൻ തന്നെയാണിഷ്ടം. അതുകൊണ്ടാണ് ബോംബെയിൽ ആയിരുന്നിട്ടും ഇടയ്ക്കു വരുന്ന ചെറിയ പ്രൊജക്റ്റുകള്‍ പോലും ഏറ്റെടുക്കുന്നത്. പിന്നെ ആനന്ദിന്റെ പ്രൊഡക്ഷൻ കമ്പനിക്കൊപ്പം വർക് ചെയ്യണം. അല്ലാതെ പ്രത്യേകിച്ചു പദ്ധതികള്‍ ഒന്നുമില്ല.