Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിൽ തരംഗമായി ചിയർ അമ്മൂമ്മമാർ!

ഫ്യുമി ടാക്കിനോ

വയസുകാലത്ത് ബൈബിളും വായിച്ചു വീട്ടിലിരിക്കാനുള്ളതിനു തുള്ളാൻ നടക്കുന്നു–   ഫ്യുമി ടാക്കിനോ 84–ാം വയസിൽ ചിയർ (ഗേൾ) ലീഡറായി ഇറങ്ങിയപ്പോൾ കേട്ടവരൊക്കെ മൂക്കത്തു വിരൽ വച്ചു പറഞ്ഞതിങ്ങനെ. പക്ഷേ ഫ്യുമിയും കൂട്ടരും ഉണ്ടോ അടങ്ങുന്നു. പിങ്ക് കുട്ടിയുടുപ്പും വെള്ള ബൂട്ടും കയ്യിൽ പൂക്കുലയും പിടിച്ച് അവർ ഒന്നാന്തരമായി ഡാൻസ് ചെയ്തു. അതും ഹൈസ്കൂളിലും യൂണിവേഴ്സിറ്റി തലത്തിലും പഠിക്കുന്ന പെൺകുട്ടികളോടു മൽസരിച്ച്. 

ജപ്പാനിൽ യുണൈറ്റഡ് സ്പിരിറ്റ് അസോസിയേഷൻ നടത്തിയ ചിയർ ലീഡിങ് ആൻഡ് ഡാൻസ് പരിപാടിയിലാണ് ടാക്കിനോയുടെ സംഘം ആടിത്തിമിർത്തത്. പ്രായമേറിയതുകൊണ്ട് അതി കഠിനമായ മെയ് വഴക്കങ്ങളിലേക്കൊന്നും കടന്നില്ല. പക്ഷേ അവരുടെ വേഷവും സന്തോഷം തുടിക്കുന്ന മുഖവും പ്രായത്തെ വെല്ലുന്ന പ്രകടനവും മതിയായിരുന്നു ലോകത്തിന്റെ മുഴുവൻ കയ്യടി നേടാൻ. 

ഫ്യുമി ടാക്കിനോയുടെ ജീവിതം തന്നെ ഉഗ്രനൊരു കഥയാണ്. ഭർത്താവും മക്കളുമായി അടങ്ങി വീട്ടിൽ കഴിയുമ്പോൾ 53–ാം വയസിൽ ടാക്കിനോയ്ക്കൊരു മോഹം. പഠിച്ച് ഡിഗ്രിയെടുക്കണം. മേലാതെ കിടക്കുന്ന അമ്മയുടെ എതിർപ്പൊന്നും വകവയ്ക്കാതെ നേരെ പറന്നു   യൂണിവേഴ്സിറ്റി ഓഫ് നോർത്ത്  ടെക്സാസിലേക്ക്. മക്കൾ സപ്പോർട്ടാണ് എന്നായിരുന്നു ന്യായം. അവിടെച്ചെന്നപ്പോഴാണ്  സ്വാതന്ത്ര്യം എന്തെന്ന് അവർ മനസിലാക്കുന്നത്. 

പഠനവും കുറച്ചുകാലത്തെ ജോലിയും കഴിഞ്ഞു തിരിച്ചെത്തിയ ഉടൻ ഒരു സംഘടനയ്ക്കുരൂപം നൽകി–  ജപ്പാൻ പോം പോം . 55 വയസെങ്കിലും  ഉള്ളവർക്കു മാത്രമാണ് അംഗത്വം. 55 മുതൽ 85 വയസുവരെയുള്ളവർ സംഘടനയിൽ അംഗങ്ങളായി. സംഘാംഗങ്ങളുടെ ആവറേജ് പ്രായം നോക്കിയാൽ ഏതാണ്ട് 70 വരും. 

20 വർഷം അങ്ങനെ കടന്നു പോയി. സംഘാംഗങ്ങൾ ഒത്തു കൂടി വെറുതെ സൊറ പറഞ്ഞിരിക്കുമ്പോഴാണ് ഫ്യൂമി ടാക്കിനോയ്ക്ക് ആ ഐഡിയ തോന്നിയത്. ചിയർ ലീഡിങ് ആൻഡ് ഡാൻസ് പരിപാടിയിൽ ചിയർ ഗേൾസ് ആയി പരിപാടി അവതരിപ്പിച്ചാലോ. പിന്നെ ദിവസേന പ്രാക്ടീസായി. അങ്ങനെയാണ് ലോകത്തെ വൃദ്ധജനങ്ങൾക്കു മുഴുവൻ പ്രചോദനമായി ആ ആറുപേർ അരങ്ങിലെത്തിയത്. അടുത്ത വർഷവും പരിപാടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘം. 

 പ്രായമാകുന്നതോടെ വീട്ടുകാർക്കു സ്നേഹം കുറയും. ഭർത്താവുമായി വെറുതെ വഴക്കുണ്ടാക്കും. കൂട്ടുകാർ പോലും ഇല്ലാതാകും. ഈ അവസ്ഥയൊക്കെ മാറണം. പ്രായമായവർക്കും ലോകത്തെ പ്രചോദിപ്പിക്കാൻ കഴിവുണ്ട്. അവർക്കും സംഘം ചേരാനും ആഘോഷിക്കാനും സ്വാതന്ത്ര്യമുണ്ട്. ജപ്പാൻ പോം പോം സംഘടനയുടെ ലക്ഷ്യം ഇതൊക്കെയെന്നാണ് ചുവന്നു തുടുത്ത കവിളുകളോടെ ടാക്കിനോ പറയുന്നു. 

Your Rating: