Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതാഭ് ബച്ചനു ശബ്ദം കൊടുക്കുന്നത് ഞാൻ; അബി

Abi അബി

തുടർച്ചയായി 45 മിനുറ്റ് ഒരു വേദിയെ ഒറ്റയ്ക്ക് ഒരാൾ പിടിച്ചു നിർത്തുക എന്നത് ശരിക്കും മിമിക്രി കലാകാരനു മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. അങ്ങനെ മിമിക്രി വേദിയിലൂടെ പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ കലാകാരനാണ് അബി മുഹമ്മ. മിമിക്രിയിൽ തന്റേതായ ഇടം കണ്ടെത്തിയ കലാകാരൻ എന്തുകൊണ്ട് സിനിമയിൽ സജീവമായില്ല കാരണം അദ്ദഹം തന്നെ പറയും.

സിനിമയിൽ നിന്ന് മാറി നിൽക്കാൻ കാരണം?

അവസരങ്ങൾ ഇല്ലാത്തതു കൊണ്ടാണ് മാറി നിൽക്കുന്നത്. എനിക്ക് പറ്റിയ കഥാപാത്രങ്ങൾ സംവിധായകരുടെയടുത്ത് ഇല്ലായിരിക്കാം. അതുകൊണ്ടാണ് എന്നെ വേഷങ്ങൾക്കായി വിളിക്കാത്തത്. പിന്നെ ഞാൻ ആരോടും അവസരം ചോദിച്ചുപോകാറില്ല. കിട്ടുന്നത് ചെയ്യും. അതു മാത്രമല്ല എനിക്ക് സിനിമയിൽ കമ്പനി വളരെ കുറവാണ്. കാണുമ്പോൾ ചിരിക്കും വർത്തമാനം പറയും അത്രേ ഉള്ളൂ. ഫാമിലിയിൽ ഒതുങ്ങുന്ന ഒരാളാണ് ഞാൻ.

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിൽ നഷ്ടബോധമുണ്ടോ?

ദൈവം ഒാരോരുത്തർക്കും ഒാരോന്ന് നിശ്ചയിച്ചിട്ടുണ്ട്. അതേ ലഭിക്കൂ. മറ്റുള്ളവർ അഭിനയിക്കുന്നത് കണ്ട് ഞാൻ വിഷമിച്ചിട്ട് കാര്യമില്ല. നഷ്ടബോധമൊന്നുമില്ല. ഞാൻ ആരുടെയടുത്തും വേഷം ചോദിച്ചു പോകാത്തതുകൊണ്ടാണോ ഇനി എന്റെ കുറ്റം കൊണ്ടാണോ എനിക്ക് അവസരം കിട്ടാത്തതെന്ന് എന്നോർത്ത് ആദ്യമൊക്കെ വിഷമിച്ചിരുന്നു. പിന്നീട് മനസിലായി എല്ലാം നമ്മുടെ തലയിലെഴുതിയതുപോലെയേ നടക്കൂ എന്ന്. ഞാനൊരു തികഞ്ഞ വിശ്വാസിയാണ്.

abi-1 അബി

അമിതാഭ് ബച്ചനുമായുള്ള ബന്ധം?

അമിതാഭ് ബച്ചന്റെ പരസ്യങ്ങൾക്കെല്ലാം ശബ്ദം കൊടുക്കുന്നത് ഞാനാണ്. അവസാനമിറങ്ങിയ കല്ല്യാണിന്റെ പരസ്യങ്ങൾക്ക് വരെ മലയാളത്തിൽ ശബ്ദം കൊടുത്തിരിക്കുന്നത് ഞാനാണ്. അദ്ദേഹത്തോട് ചെറുപ്പം മുതലേ എനിക്ക് ഇഷ്ടമാണ്. ചെറുപ്പം മുതലേ അനുകരിക്കാറുണ്ട്. ഒരിക്കൽ നേരിട്ട് ശബ്ദം അനുകരിച്ചു. അദ്ദേഹം നന്നായിട്ടുണ്ടെന്ന് പറഞ്ഞു.

സിനിമാ സംവിധാനം?

സംവിധാന മോഹം പണ്ടേ ഉണ്ട്. ഏകദേശം 20 വർഷമായി ആ സ്വപ്നമുണ്ട്. നല്ല കഥകൾ വേണം. നല്ല നിർമാതാക്കൾ വേണം. വലിയ ആഗ്രഹമുണ്ട്. ചിലർ വന്ന് ഇൗ കഥ ചെയ്യൂ എന്ന് പറയും, അത് എനിക്ക് പറ്റാത്തതുകൊണ്ട് ചെയ്യാറില്ല, നല്ല ഒരു ചിത്രം ഒത്തു വന്നാൽ ചെയ്യും. ഞാൻ ഒരാളുടെയടുത്ത് കഥയുമായി ചെന്നപ്പോൾ പറഞ്ഞു കോമ‍ഡിയുമായി വരാൻ. ഇൗ കോമഡി എന്നു പറയുന്ന സാധനം കുത്തിക്കയറ്റി ചിരിപ്പിക്കാൻ പറ്റില്ല. തമാശ സ്വാഭാവികമായി വരണം.

ഡബ്ബിങ് ആർടിസ്റ്റ് എന്ന നിലയിൽ?

abi-2 അബി

മാളച്ചേട്ടൻ അവസാനമായി അഭിനയിച്ച ചിത്രത്തിൽ അദ്ദേഹത്തിന് വേണ്ടി ശബ്ദം നൽകിയത് ഞാനാണ്. ഇറങ്ങാൻ പോകുന്ന നൂൽപ്പാലം എന്ന ചിത്രത്തിൽ കലാശാലബാബുവിന് ശബ്ദം കൊടുത്തിട്ടുണ്ട്. കല്ല്യാണിസം എന്ന ചിത്രത്തിൽ നീഗ്രോയ്ക്ക് വേണ്ടി വരെ ഡബ്ബുചെയ്തിട്ടുണ്ട്. നൂൽപ്പാലം , കല്ല്യാണിസം, ഇനിയും എത്ര ദൂരം, ഇന്ത്യടുഡേ തുടങ്ങി കുറെ സിനിമകളിൽ ഡബ്ബുചെയ്തിട്ടുണ്ട്. സർജിലൻ സാർ സംവിധാനം സീരിയലിൽ 35 കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. ഒരു സിനിമയിൽ തന്നെ നാലും അ‍ഞ്ചും കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. ഞാൻ ഡബു ചെയ്യുമെന്ന് അധികമാർക്കും അറിയില്ല.

ആമിനാത്താത്തയെക്കുറിച്ച്?

27 ഒാളം കഥാപാത്രങ്ങളെ ഞാൻ മിമിക്രിയിൽ സൃഷ്ടിച്ചിട്ടുണ്ട്. മൂവാറ്റുപുഴയുടെ സംഭാവനയാണ് ആമിനാത്താത്ത. അങ്ങനെയൊരാളില്ല യഥാർഥത്തിൽ. എന്നാൽ ഒരു പാടുപേർ ചേർന്നതാണ് ആമിനാത്താത്ത, എന്റെ കഥാുപാത്രങ്ങളിൽ ഏറ്റവും ഹിറ്റായതും ആമിനാത്താത്തയാണ്.

കുടുംബം?

ഭാര്യ സുനില. മൂന്ന് മക്കൾ. ഷേൻ, അഹാന, അലീന