Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് നടി, ആ ഒറിജിനാലിറ്റിക്ക് ബിഗ് സല്യൂട്ട്!

nisha-sarang നിഷ ശാരംഗ്

‘ഉപ്പും മുളകും’ കോമഡി സീരിയലിലെ നീലിമയെ അവതരിപ്പിച്ച നടിയെക്കുറിച്ചു പറയുമ്പോള്‍ കുടുംബപ്രേക്ഷകര്‍ക്ക് ഒരായിരം നാവാണ്. സിനിമയിലായാലും സീരിയലിലായാലും അടുത്തകാലത്തൊന്നും ഇത്രയും സ്വാഭാവികതയോടെ അനായാസമായ അഭിനയം തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് അവരുടെയെല്ലാം സാക്ഷ്യപ്പെടുത്തല്‍! ശരിയാണ്, ആ ഒറിജിനാലിറ്റി കണ്ടവര്‍ക്കാര്‍ക്കും ഇതു നിഷേധിക്കാനാവുമെന്നു തോന്നുന്നില്ല. അതുകൊണ്ട്, ‘ഉപ്പും മുളകി’ലെ നീലിമയെ അതിഗംഭീരമാക്കിയ അനുഗൃഹീത നടി നിഷ ശാരംഗിനു ഹൃദയപൂര്‍‍വം നല്‍കാം, ഒരു ബിഗ് സല്യൂട്ട് ! 

കോമഡിയുടെ അകമ്പടിയോടെ സീരിയസ്സായ ഒരു വീട്ടമ്മയെയാണു നിഷ ഈ സീരിയലില്‍ അവതരിപ്പിക്കുന്നത്.  ഒരിക്കല്‍പോലും അമിതാഭിനയത്തിലേക്കു നിഷ വഴുതിപ്പോകുന്നില്ല. ഒാരോ ചലനത്തിലും ഭാവത്തിലുമുണ്ട് പത്തരമാറ്റിന്‍റെ ഒറിജിനാലിറ്റി ! മലയാളത്തിലെ പ്രശസ്തരായ താരങ്ങള്‍ നേരിട്ടും ഫോണ്‍ മുഖേനയും നിഷയെ അഭിനന്ദനം അറിയിച്ചുകഴിഞ്ഞു. ആ അപൂര്‍‍വ നിമിഷങ്ങളെക്കുറിച്ചു നിഷ: ‘അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് ഇന്നസെന്‍റ് ചേട്ടനും സത്യന്‍ അന്തിക്കാട് സാറും ആശംസകള്‍ അറിയിച്ചത്. അഭിനയത്തിലെ നാച്വറാലിറ്റിയെക്കുറിച്ചാണ് അവരും പറഞ്ഞത്. അതു കേട്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. ഒരു അവാര്‍ഡ് കിട്ടിയതുപോലെ... ദിലീപ്, അനൂപ്, നന്ദു, ദേവന്‍, കലാരഞ്ജിനി എന്നിവരും അഭിനന്ദനം അറിയിച്ചിരുന്നു. ഇതിനെല്ലാം നന്ദി പറയേണ്ടത് സംവിധായകന്‍ ആര്‍. ഉണ്ണിക്കൃഷ്ണന്‍ സാറിനോടാണ്. എന്നെ നീലിമയായി മാറ്റിയെടുത്തത് അദ്ദേഹമാണ്.’തൊണ്ണൂറു സിനിമകളിലും പതിനഞ്ചിലധികം സീരിയലുകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് എറണാകുളം പള്ളുരുത്തിക്കാരി നിഷ ശാരംഗ്. പക്ഷേ, അതിലൊന്നും കിട്ടാത്ത സ്വീകാര്യതയും സ്നേഹവുമാണു നീലിമയിലൂടെ നിഷയ്ക്കു ലഭിച്ചിരിക്കുന്നത്. 

nisha-sarang2 നിഷ ശാരംഗ്

‘പത്ത് സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചു നടത്തിയ കുട്ടിക്കലവറ എന്ന ഷോയാണ് ഉപ്പും മുളകും എന്ന സീരിയലിലേക്കു എനിക്കു വഴിയൊരുക്കിയത്. ഷോ കണ്ട പ്രൊഡ്യൂസര്‍ അനില്‍, നീലിമയാകാന്‍ എന്നെ വിളിക്കുകയായിരുന്നു. അതാകട്ടെ, ആയിരക്കണക്കിന് ആരാധകരെ എനിക്കു നേടിത്തന്നു. ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും മെസേജുകളുടെ പ്രവാഹമാണ്.’ നിഷ ശാരംഗ് ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിച്ചത് ഒരു സിനിമയ്ക്കുവേണ്ടിയാണ്. ശ്യാമപ്രസാദിന്‍റെ ‘അഗ്നിസാക്ഷി.’ അതിനുശേഷം നീണ്ട ഒരു ഗ്യാപ്പ്. ആ ഇടവേളയില്‍ വിവാഹവും കഴിഞ്ഞു. നാളുകള്‍ക്കുശേഷം നിഷ ശാരംഗിനെ പ്രേക്ഷകര്‍ കാണുന്നതു ‘ദുര്‍ഗ’ സീരിയലിലൂടെയാണ്. പിന്നെ തിരക്കൊഴിഞ്ഞ സമയമുണ്ടായിട്ടില്ല. 

അരനാഴികനേരം, ജനുവരി, കുടുംബയോഗം, വീണ്ടും ജ്വാലയായ്, ആലിലത്താലി, ഇന്ദുമുഖി ചന്ദ്രമുഖി, വധു, ബന്ധുവാര് ശത്രുവാര് തുടങ്ങിയ സീരിയലുകള്‍... ആദാമിന്‍റെ മകന്‍ അബു, പോത്തന്‍ വാവ, ഷേക്സ്പിയര്‍ എംഎ മലയാളം, െെമ ബോസ്, ആമേന്‍ തുടങ്ങിയ സിനിമകള്‍...

നിഷ ശാരംഗി ഉപ്പും മുളകും പരിപാടിയിൽ നിന്ന്

പള്ളുരുത്തി എസ്ഡിപിെെവ സ്കൂളിലാണു പത്തുവരെ നിഷ പഠിച്ചത്. ഒന്നാം ക്ലാസ് മുതലേ പാട്ടും ഡാന്‍സും പഠിച്ചിരുന്നു. ഭരതനാട്യത്തിലാണ സ്പെഷ‍െലെസ് ചെയ്തത്. സുഗന്ധി ടീച്ചറും ആനന്ദവല്ലി ടീച്ചറുമായിരുന്നു ഗുരുക്കന്മാര്‍. സ്പോര്‍ട്സിലും നിഷ കഴിവു തെളിയിച്ചിരുന്നു. അത്‌ലറ്റിക്സിലായിരുന്നു താല്‍പര്യം.  100 മീറ്റര്‍ ഒാട്ടത്തിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും ജില്ലാ സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കല്യാണത്തിനുശേഷമാണു ഡിഗ്രി പഠനം ആരംഭിച്ചത്. 

പള്ളുരുത്തി തുണ്ടില്‍പറമ്പില്‍ ശാർങധരന്‍റെയും ശ്യാമളയുടെയും മകളാണു നിഷ ശാരംഗ്. അമ്മയായിരുന്നു നിഷയ്ക്ക് എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കിയിരുന്നത്. ബിസിനസ്സുകാരനായ അച്ഛന്‍ മകളുടെ അരങ്ങേറ്റം കണ്ടതിനുശേഷമാണു പ്രോല്‍സാഹിപ്പിക്കാന്‍ തുടങ്ങിയത്. രണ്ടു മുതിര്‍ന്ന പെണ്‍കുട്ടികളുടെ അമ്മയാണു മിനിസ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ കലാകാരി. മൂത്തമകള്‍ രേവതി എംകോം പൂര്‍ത്തിയാക്കി. അടുത്ത ജനുവരിയില്‍ രേവതിക്കു കല്യാണമാണ്. രണ്ടാമത്തെ മകള്‍ രേവിത ബെംഗളൂരുവില്‍ ഫാഷൻ ഡിസൈനിങ് പഠിക്കുന്നു. അമ്മയ്ക്കു ഫുള്‍ സപ്പോര്‍ട്ടാണു മക്കള്‍ രണ്ടുപേരും. കാക്കനാട്ട് പണികഴിപ്പിച്ച വീട്ടിലാണു നിഷയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.

Your Rating: