പ്രിയാമണി വിവാഹ നിശ്ചയ ഫോട്ടോ പിൻവലിച്ചു, കാരണം?

മുസ്തഫാ രാജും പ്രിയാമണിയും

നടി പ്രിയാമണിയ്ക്ക് ഇത് സന്തോഷത്തിന്റെ നാളുകളാണ്. കഴി​ഞ്ഞ ദിവസമാണ് പ്രിയാമണിയും കാമുകൻ മുസ്തഫാ രാജും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എന്നാൽ ആരാധകർക്കായി വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ച താരത്തിന് നിരാശയാണുണ്ടായത്. ഫോട്ടോയ്ക്കു താഴെ നെഗറ്റീവ് കമന്റുകളുമായി നിരവധി പേരെത്തിയതാണ് താരത്തെ വിഷമിപ്പിച്ചത്. ഇതോടെ ചിത്രം നീക്കിയ പ്രിയാമണി ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുകയും ചെയ്തു.

വിവാഹ നിശ്ചയ വാർത്തയുമായി ബന്ധപ്പെട്ട നെഗറ്റീവ് കമന്റുകൾ കേട്ടു മടുത്തു. ഫോട്ടോ പോസ്റ്റു ചെയ്യുമ്പോൾ എല്ലാവരും തന്റെ പുതിയ യാത്രയിൽ പങ്കുകൊള്ളുമെന്നും നല്ലവാക്കുകൾ കൊണ്ട് അനുഗ്രഹിക്കുമെന്നുമാണ് കരുതിയിരുന്നത്. പക്ഷേ നെഗറ്റീവ് പ്രതികരണങ്ങളാൽ തളരുകയാണുണ്ടായത്. ഇതെന്റെ ജീവിതമാണ് തന്റെ രക്ഷിതാക്കളെയോ പ്രതിശ്രുത വരനെയോ മാത്രമേ എല്ലാം ബോധ്യപ്പെടുത്തേണ്ടതുള്ളൂവെന്നും നിങ്ങൾ പക്വതയാർജിക്കൂ എന്നുമാണ് പ്രിയാമണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

താരങ്ങളുടെ വ്യക്തി ജീവിതങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്കൊരു പാഠം കൂടിയാണ് പ്രിയാമണിയുടെ ഫേസ്ബുക് പോസ്റ്റ്. മുസ്തഫാ രാജും പ്രിയാമണിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇൗവൻ മാനേജ്മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. വർഷങ്ങൾക്കുമുമ്പുള്ള ഐപിഎൽ ചടങ്ങിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.