ക്ലിയോപാട്രയുടെ സൗന്ദര്യസംരക്ഷണ വിദ്യകളില്‍ പ്രധാനം ആയിരുന്നത്രെ നൈല്‍നദിക്കരയിലെ കളിമണ്ണ്. ആധുനിക സൗന്ദര്യ ശാസ്ത്രത്തിലും കളിമണ്ണിനു പൊന്നുവിലയാണ് നല്‍കിയിരിക്കുന്നത്. കാരണം സൗന്ദര്യസംരക്ഷണത്തിന് അത്രയേറെ ഫലപ്രദമാണ് കളിമണ്ണ് . കളിമണ്ണ് ചേര്‍ത്ത പല ഫേസ്പായ്ക്കുകൾ വമ്പന്‍ കമ്പനിക്കാര്‍ ഇറക്കുന്നുണ്ട്. ഏറെ വിലകൂടിയ ഇത്തരം പായ്ക്കുകളുടെ പകിട്ടില്ലെങ്കിലും ഗുണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കളിമണ്ണ് ആണ് മുള്‍ട്ടാണി മിട്ടി. പാകിസ്ഥാനിലെ മുള്‍താന്‍ പ്രവശ്യയില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം. കമ്പനി പരസ്യങ്ങളുടെ അകമ്പടിയില്ലാതെ വിപണിയില്‍ കിട്ടുന്ന മുള്‍ട്ടാണി മിട്ടിയില്‍ മറ്റു രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ല മാത്രമല്ല വളരെ വിലക്കുറവും ആണ്.
എണ്ണമയം അകറ്റാം
അമിതമായ എണ്ണമയമകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് മുള്‍ട്ടാണി മിട്ടി ചേര്‍ത്ത ഫേസ്പാക്ക്. എണ്ണമയം വലിച്ചെടുക്കുന്നതിനോടൊപ്പം രോമകൂപങ്ങളില്‍ അടിഞ്ഞു കൂടിയ അഴുക്കു വരെ നീക്കാന്‍ ഇത് സഹായിക്കും . ചന്ദനപൊടിയും പനീനീരും ചേര്‍ത്ത് കുഴച്ചു പുരട്ടിയിട്ട് ഉണങ്ങുമ്പോള്‍ ചെറു ചൂട് വെള്ളത്തില്‍ കഴുകി കളയാം. അമിതമായ എണ്ണമയം ഉണ്ടെങ്കില്‍ എല്ലാ ദിവസവും അല്ലെങ്കിൽ ആഴ്ചയില്‍ രണ്ടു ദിവസവും ഈ ഫേസ്പായ്ക്ക് ഉപയോഗിക്കാം.
പാടുകള്‍ മായ്ക്കാന്‍
മുറിവ് കൊണ്ടും പൊള്ളല്‍ കൊണ്ടും ഉണ്ടായ പാടുകള്‍ മായ്ക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് കുഴച്ച മുള്‍ട്ടാണി മിട്ടി ഇരുപതു മിനിറ്റ് മുഖത്തിട്ട ശേഷം കഴുകികളയാം. പാട് മായുന്നത് വരെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുടരുക.
നിറം കൂട്ടും
ചര്‍മ്മത്തിന് നിറവും ഓജസ്സും പകരാനും മുള്‍ട്ടാണി മിട്ടി സഹായിക്കും. നിറം കൂട്ടാനായി ഫേസ്പായ്ക്ക് തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ത്ത് കുഴയ്ക്കുക . മുപ്പതു മിനിട്ടിനു ശേഷം കഴുകി കളയാം/ പുതിന ഉണക്കി പൊടിച്ചു ചേര്‍ക്കുന്നത് ഗുണഫലം കൂട്ടും. ആഴ്ചയില്‍ രണ്ടു ദിവസം സ്ഥിരമായി ഇതു ഉപയോഗിക്കാം. വെയിലേറ്റു കരുവാളിച്ച ചര്‍മ്മത്തിനും ഇത് വളരെ ഗുണം ചെയ്യും. മുഖത്ത് മാത്രമായോ കൈകാലുകളിലും ഇത് ഉപയോഗിക്കാം.
മുഖക്കുരു അകറ്റും
അടഞ്ഞ രോമകൂപങ്ങളും അധിക എണ്ണമയവുമാണ് മുഖക്കുരുവിന്‍റെ പ്രധാന കാരണങ്ങള്‍. ഇവയ്ക്കു മികച്ച പ്രതിവിധിയാണ് മുള്‍ട്ടാണി മിട്ടി എന്നത് കൊണ്ട് തന്നെ ഇത് മുഖക്കുരു മാറ്റാൻ സഹായിക്കും. വേപ്പില അരച്ചതും ഒരു നുള്ള് കര്‍പ്പൂരവും ചേര്‍ത്ത് പനിനീരില്‍ ചാലിച്ചു ഫേസ്പായ്ക്ക് തയ്യാറാക്കാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം പച്ചവെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ആവര്‍ത്തിക്കാം
ചര്‍മ്മത്തിന്‍റെ ഇലാസ്തികത വര്‍ധിപ്പിക്കും
അമിതമായി വെയില്‍ കൊള്ളുന്നതും ഉറക്കമിളയ്ക്കുന്നതും പ്രായാധിക്യവും എല്ലാം ചര്‍മ്മം അയഞ്ഞു തൂങ്ങുന്നതിന് കാരണം ആകും. ഇത് പരിഹരിക്കാന്‍ ഗ്ലിസറിനും മുട്ടയുടെ വെള്ളയും തേനും ചേര്‍ത്ത് കുഴച്ച മുള്‍ട്ടാണി മിട്ടി ആഴ്ചയില്‍ ഒരിക്കല്‍ മുഖത്ത് പുരട്ടാം. ഇത് ഉണങ്ങി കളയുന്നത് വരെ മുഖത്തെ മസ്സിലുകള്‍ അനക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
താരന്‍ അകറ്റാനും ഉത്തമം
താരന്‍ അകറ്റാന്‍ മാത്രമല്ല എണ്ണമെഴുക്കും അഴുക്കും കളയാനും മുള്‍ട്ടാണി മിട്ടി ഉത്തമമാണ്. തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും ഇത് സഹായിക്കും. ഓറഞ്ചിന്‍റെ തൊലി പൊടിച്ചതോ അല്ലെങ്കില്‍ തേനും നാരങ്ങ നീരും തൈരും ചേര്‍ത്തോ കുഴച്ചെടുക്കാം. മുഴുവന്‍ ഉണങ്ങിപിടിക്കുന്നതുനു മുന്നേ കഴുകികളയാന്‍ ശ്രദ്ധിക്കണം. വരണ്ട മുടിയുള്ളവര്‍ക്ക് ഈ പായ്ക്ക് നല്ലതല്ല. അല്ലാത്തവര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കാം.
Read more: Beauty Tips in Malayalam