സൗന്ദര്യ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ സ്ത്രീകൾക്ക് ആയിരം നാവായിരിക്കും. ചിലർക്ക് മുഖത്തെ പാടുകളും മുഖക്കുരുവുമൊക്കെയായിരിക്കും പ്രശ്നം. മറ്റു ചിലർക്ക് താരനും മുടികൊഴിച്ചിലും. ഇത്തരം പ്രശ്നങ്ങൾ വരുമ്പോഴെല്ലാം ബ്യൂട്ടി പാർലറിൽ പോയി തന്നെ പരിഹാരം തേടണമെന്നില്ല. നിങ്ങളുടെ അടുക്കളയിൽ തന്നെ അതിനുള്ള വഴിയുണ്ട്. സകല സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്ന ആ പ്രകൃതിദത്തമായ പരിഹാരം തൈരാണ്. തൈരുകൊണ്ടുള്ള ചില സൗന്ദര്യ സംരക്ഷണങ്ങളെക്കുറിച്ചാണ് താഴെ നൽകിയിരിക്കുന്നത്.
മുഖക്കുരുവിനും പാടുകൾക്കും വിട
മുഖക്കുരുക്കൾക്കും പാടുകൾക്കും ഏറ്റവും മികച്ച പ്രതിവിധിയാണ് തൈര്. തൈരിലടങ്ങിയ സിങ്ക്, ലാക്റ്റിക് ആസിഡ് എന്നിവ മുഖക്കുരുക്കളെ ചെറുക്കും. മുഖക്കുരുവിനെ നീക്കം ചെയ്യുന്നതിനൊപ്പം അവ മൂലമുണ്ടാകുന്ന ചൊറിച്ചിലുകളും മറ്റും ഇല്ലാതാക്കാനും തൈര് ബെസ്റ്റാണ്. ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടീസ്പൂൺ മഞ്ഞൾ എന്നിവ ചേർത്ത് പേസ്റ്റാക്കുക. ഇത് പാടുകളുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് ഫലം ചെയ്യും.
ഇനി വെയിൽ ഒരു പ്രശ്നമേയല്ല
പാടുകളൊന്നുമില്ലാത്ത തിളങ്ങുന്ന ചർമമാണ് ഓരോ സ്ത്രീകളുടെയും സ്വപ്നം. പക്ഷേ കറുത്ത പാടുകളും സൂര്യതാപം മൂലമുണ്ടാകുന്ന പാടുകളും നീക്കം ചെയ്യാൻ തൈരു മാത്രം മതിയാകും. തൈര് ഫേസ് പാക് ആയി ഇടുന്നതിലൂടെ പാടുകളെല്ലാം അപ്രത്യക്ഷമായി നിങ്ങളുടെ യഥാർഥ സ്കിൻ ടോൺ തന്നെ ലഭ്യമാകും. നല്ലൊരു പ്രകൃതിദത്ത ക്ലെൻസറുമാണ് തൈര്. ഒരു സ്പൂൺ തൈരും ഒരു സ്പൂൺ കടലമാവും രണ്ടു തുള്ളി നാരങ്ങാനീരും ചേർത്ത് കട്ടിയായ പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്താൽ നീക്കം ചെയ്യാം. എന്നും ഇപ്രകാരം ചെയ്യുന്നത് മുഖം സുന്ദരമാക്കും.
പ്രായമാകുന്നതിനെ തടയും
തൈരിലടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് മുഖത്ത മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചുളിവുകളെയും മറ്റും ഇല്ലാതാക്കുകയും ചെയ്യും. രണ്ടോ മൂന്നോ ടേബിൾസ്പൂൺ തൈര് ഒരു സ്പൂൺ ഒലിവ് ഓയിലുമായി ചേർത്ത് ഫേസ് മാസ്ക്കായി ഇടുക. മുഖത്തും കഴുത്തിലുമൊക്കെ നന്നായി പിടിപ്പിച്ചതിന ശേഷം അരമണിക്കൂറിനകം തണുത്ത വെള്ളത്തില്‍ കഴുകിക്കളഞ്ഞു നോക്കൂ, ഇനി പ്രായമൊന്നും ഒരു പ്രശ്നമേ ആകില്ല.
താരനും മുടികൊഴിച്ചിലും ഇല്ലേയില്ല
ഫംഗസാണ് തലയിൽ താരൻ വരുന്നതിന്റെ പ്രധാന കാരണം. തൈര് പ്രകൃതിദത്തമായ ആന്റിഫംഗൽ ഏജന്റാണ്, ഇത് ഫംഗസിനെ ഇല്ലാതാക്കുകയും ഇതുവഴി താരന്‍ മൂലമുള്ള ശല്യവും ഇല്ലാതാക്കും. താരൻ മൂലമുള്ള ചൊറിച്ചിൽ ഇല്ലാതാക്കാനും തൈരു നല്ലതാണ്. മുടിയിൽ അൽപം വെള്ളം നനച്ചതിനു ശേഷം തൈര് നന്നായി തേച്ചുകൊടുക്കാം. അരമണിക്കൂറിനോ ഒരുമണിക്കൂറിനോ ശേഷം കഴുകിക്കളയാം, ഇതു താരനെ ഇല്ലാതാക്കുന്നതിനൊപ്പം തൈരിലെ പ്രോട്ടീൻ മുടിയുടെ കരുത്തു വർധിപ്പിക്കുന്നു.
ഡാർക്ക് സർക്കിൾസിനും ഗുഡ്ബൈ
കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ ഒന്നു മാറിയിരുന്നെങ്കിൽ എന്നു വിചാരിക്കുന്നവരാണ് ഏറെയും. എന്നാൽ ഇനി തൈരുണ്ടെങ്കിൽ നിങ്ങൾ പേടിക്കുകയേ വേണ്ട. തൈരിലെ പോഷകങ്ങൾ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളെ നീക്കം ചെയ്യുന്നവയാണ്. അൽപം പഞ്ഞിയെടുത്ത് തൈരിൽ മുക്കി ഇരുകണ്ണുകൾക്കും മുകളിൽ വെക്കാം. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകിക്കളയാം, ഇത്തരത്തിൽ ചെയ്യുന്നത് ഉറപ്പായും ഫലം നൽകും.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam