ഇനിയില്ല അറ്റം പിളർന്ന മുടിയും പ്രശ്നങ്ങളും, കരുത്തോടെ വളരാൻ സൂപ്പർ ടെക്നിക്!

Representative Image

മുടിയുടെ അറ്റം പിളർന്നിട്ടുണ്ടോ, പാറിപ്പറന്നുകിടക്കുന്ന, ഒതുക്കിവയ്ക്കാൻ പ്രയാസമുള്ള മുടിയാണോ ? എങ്കിൽ ഇത്തരം മുടിക്കുള്ള ട്രീറ്റ്‌മെന്റ് ആണ് ഹെയർബോട്ടോക്സ് . 

മുഖത്തു ചുളിവു വീണു തുടങ്ങുമ്പോൾ ബോട്ടോക്സിനെപ്പറ്റി  ചിന്തിക്കുന്നതു പോലെ മുടിയുടെ ഭംഗിയും കരുത്തും ചോർന്നുപോയി എന്നു തോന്നിത്തുടങ്ങിയാൽ  ഹെയർ ബോട്ടോക്സിനെക്കുറിച്ച്  ആലോചിച്ചു തുടങ്ങാം. എന്നാൽ ചർമത്തിന്റെ  ചുളിവും തൂങ്ങലും ഒഴിവാക്കാനുള്ള ബോടോക്സ് ചികിത്സയുമായി ഇതിനു യാതൊരു സാമ്യവുമില്ല. ഇതിൽ ബോട്ടുലിനം  ടോക്സിൽ  (ബോടോക്സ്) എന്ന ഘടകമില്ല.  മാത്രമല്ല കുത്തിവയ്പുമല്ല ഈ ട്രീറ്റ്‌മെന്റ്. 

ഹെയർ ട്രീറ്റ്മെന്റിലെ രംഗത്തു നിലവിലെ ട്രെൻഡ് ആയ  കെരറ്റിൻ ട്രീറ്റ്‍‌മെന്റിന്റെ അൽപം കൂടി പരിഷ്കരിച്ച അവതാരമാണ് ഹെയർ ബോടോക്സ്  കെരറ്റിൻ . മുടിയുടെ ഫൈബറിൽ കെരറ്റിൻ ഫിൽ ചെയ്തു മുടിക്ക് കനവും മൃദുത്വവും നൽകുന്ന ഡീപ് കണ്ടിഷനിങ് ട്രീറ്റ്‌മെന്റാണിത്. ബോട്ടോക്സ് ചര്‍മത്തിന്റെ ഏജിങ് ട്രീറ്റ്‌മെന്റ് എന്നതു പോലെ മുടിയുടെ നഷ്ടമായ ഭംഗിയും കനവും വീണ്ടെടുക്കുന്നതാണ് ഹെയർ ബോട്ടോക്സ്.

ഒട്ടേറെ ബ്രാൻ‍ഡുകൾ

വിവിധ കമ്പനികളുടെ  ഉൽപ്പന്നങ്ങളിൽ വ്യത്യസ്തമായ ഘടകങ്ങളാണ് ചേർന്നിരിക്കുന്നത്.  കൊച്ചിയിലെ സലൂണുകളിൽ ലഭ്യമായ യുഎസ് ബ്രാൻഡ് മെജസ്റ്റിക്  ഹെയർബോട്ടോക്സിൽ  കാവിയർ ഓയിൽ, അമിനോ ആസിഡ്സ്, വിറ്റമിൻ ബി 5, ഇ വിറ്റമിൻസ്, കൊളജൻ കോംപ്ലക്സ്, അർഗൻ ഓയിൽ എന്നിവയാണുള്ളത്.

ബോട്ടോക്സ്  X കെരറ്റിൻ

കെരറ്റിൻ ട്രീറ്റ്മെന്റുകളിൽ പലതിലും കെമിക്കലുകളുടെ സാന്നിധ്യമുണ്ട്. ട്രീറ്റ്മെന്റിന്റെ സമയത്തു ചെറിയ പൊള്ളലും കണ്ണിൽ എരിച്ചിലും  തോന്നാനും  ചൊറിച്ചിലുണ്ടാകാനും സാധ്യതയുണ്ട്. ഫോർമല്‍ഡിഹൈഡ് അടങ്ങിയ ഉൽപ്പന്നങ്ങൾക്കു രൂക്ഷമായ ഗന്ധമുണ്ടാകും എന്ന പോരായ്മയുമുണ്ട്. 

ഹെയർ ബോട്ടോക്സ് ട്രീറ്റ്‌മെന്റിൽ ഫോർമൽഡിഹൈഡിന്റെ  സാന്നിധ്യമില്ല. വാനില, ചോക്ലേറ്റ് തുടങ്ങി വ്യത്യസ്ത ഫ്ലേവറിന്റെ സുഗന്ധമുള്ള  ഉൽപന്നമാണ് എംകെ ബോട്ടോക്സ് കെരറ്റിൻ.

കെരറ്റിൻ ട്രീറ്റ്മെന്റിൽ ആദ്യ സിറ്റിങ്ങിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു ഹെയർവാഷും ചെയ്യേണ്ടതായി വരും. ബോട്ടോക്സ് ട്രീറ്റ്മെന്റ് ഒറ്റ സിറ്റിങ്ങിൽ തന്നെ പൂർത്തിയാകും എന്ന പ്രത്യേകതയുമുണ്ട്. 

നിലവിൽ ട്രെൻഡിയായ  ഗ്ലോബൽ കെരറ്റിൻ ട്രീറ്റ്മെന്റിൽ മുടിയുടെ ടെക്സ്ചറിൽ വലിയ വ്യത്യാസം വരുന്നില്ല. അതേ സമയം മജെസ്റ്റിക് കെരറ്റിൻ ട്രീറ്റ്മെന്റിൽ മുടി കൂടുതൽ സ്മൂത്ത് ആകും. 80– 90% വരെ സ്ട്രെയ്റ്റൻ ലുക്ക് ലഭിക്കും.

ട്രീറ്റ്‌മെന്റിനു ശേഷം

ഹെയർ ബോട്ടോക്സ് ചികിത്സയ്ക്കു ശേഷം  കമ്പനിയുടെ തന്നെ ഷാംപൂവും കണ്ടിഷണറും ഉപയോഗിക്കുക. മുടി കൂടുതൽ ദിവസം കഴുകാതിരുന്നാൽ  തലയിലെ എണ്ണയുടെ അംശം കൂടുതലാകുമെന്നതും  മുടി ഒട്ടിയിരിക്കുമെന്നതും പ്രശ്നമാണ്. മാത്രമല്ല മുടിയിൽ പൊടിയും മാലിന്യവും കൂടുന്നതും ട്രീറ്റ്ഡ് ഹെയറിനെ ബാധിക്കും.അതേ സമയം എന്നും മുടി കഴുകുന്നതും നല്ലതല്ല. മുടിയിൽ ട്രീറ്റ്‌മെന്റിന്റെ ഭാഗമായുള്ള ഘടകങ്ങളുടെ അംശം പെട്ടെന്നു നഷ്ടപ്പെടുമെന്നതിനാലാണിത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം മുടി കഴുകുകയാണ് നല്ലത്. 

കാലാവധി

സ്മൂത്തനിങ് സ്ട്രെയ്റ്റനിങ് ട്രീറ്റ്മെന്റുകൾ പെർമനെന്റ് ആണെങ്കിൽ കെരറ്റിൻ ട്രീറ്റ്മെന്റ് ഏതാനും മാസങ്ങൾ മാത്രമേ ഫലം തരൂ. ഹെയർ ബോട്ടോക്സ് ട്രീറ്റ്‌മെന്റും ഇതുപോലെ തന്നെ. നാലു മാസമാണ് പരമാവധി റിസൽറ്റ് ലഭിക്കൂ. 40 ഹെയർവാഷ്  അഥവാ നാലു മുതൽ ആറു മാസം വരെ എന്നാണു കമ്പനി ഗ്യാരന്റി െചയ്യുന്നതെങ്കിലും നാട്ടിലെ കാലാവസ്ഥയിൽ  വിയർപ്പും മറ്റും മൂലം കൂടുതൽ കാലം നിലനിൽക്കുകയില്ല.

ബോട്ടോക്സ്  സ്പാ

നാലുമാസത്തോളം  സ്ട്രെയ്റ്റൻ, സ്മൂത്ത് ലുക്ക് നൽകുന്ന ഹെയർ ബോട്ടോക്സ് ട്രീറ്റ്‌മെന്റിനൊപ്പം താൽക്കാലിക റിസൽറ്റ് നൽകുന്ന സ്പായും ലഭ്യമാണ്. ചുരുണ്ട മുടിയാണ്, പക്ഷേ അതു മാറ്റാൻ താൽപര്യമില്ല, അതേസമയം മുടിയുടെ ഫ്രിസിനെസ് മാറ്റണം എന്ന ആഗ്രഹമുള്ളവർക്ക് ഇതു നല്ലൊരു മാർഗമാണ്. ഈ സ്പാ ചെയ്യുമ്പോൾ മുടിയുടെ ടെക്സചറിൽ  വ്യത്യാസം വരുന്നില്ല, അതേസമയം  മുടി മൃദുവാകുകയും ചെയ്യും.

(വിവരങ്ങൾ: 

∙ ലിവിൻ ജോൺ, 

ക്യൂ പ്രഫഷനൽ ഹെയർ സ്റ്റുഡിയോ, 

മറൈൻ ഡ്രൈവ്

∙ സിനി മങ്ങാട്ട്, സിനിമ സലൂൺ, വൈറ്റില)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam