മുഖസൗന്ദര്യം മിനുക്കാൻ പുതുവർഷത്തിലെന്തുണ്ട് എന്നു തലപുകയ്ക്കേണ്ട. ഉത്തരമിതാ – മൈക്രോഡെർമാബ്രേഷൻ. ഫേഷ്യലുകളുടെ വിഭാഗത്തിൽ കൂടുതൽ മികച്ച ഫലം ലഭിക്കുന്നതാണ് മൈക്രോഡെർമാബ്രേഷൻ ഫേഷ്യലെന്നു സൗന്ദര്യവിദഗ്ധർ. സാധാരണ ഫേഷ്യലുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് വിശദമായ എക്സ്ഫോലിയേഷൻ പ്രക്രിയയാണ്.
സാധാരണ ഫേഷ്യലിൽ സ്ക്രബ് ഉപയോഗിച്ച് മസാജ് ചെയ്താണ് മൃതചർമങ്ങൾ നീക്കുന്നതെങ്കിൽ ഇവിടെ മൈക്രെഡെർമാബ്രേഷൻ മെഷീൻ ഉപയോഗിച്ചാണ് എക്സ്ഫോലിയേഷൻ നടത്തുന്നത്. ഇതിൽ രണ്ടുരീതിയിലുള്ള ഘടകങ്ങൾ ഉപയോഗിക്കാറുണ്ട്. അലൂമിനിയം ഓക്സിഡൈസ്ഡ് ക്രിസ്റ്റലുകള്‍ ഉപയോഗിച്ചും ഡയമണ്ട് ചിപ്സ് ഉപയോഗിച്ചും ഡെർമാബറേഷൻ നടത്താം. അലൂമിനിയം ക്രിസ്റ്റലുകൾ ചർമത്തിൽ കുറെക്കൂടി ഉരച്ചിലുണ്ടാക്കുന്നതായി തോന്നാം. അതേസമയം ഡയമണ്ട് ചിപ്സിന് ഈ പ്രശ്നമില്ല. ഈ തരികൾ ഉൾപ്പെട്ട ഘടകങ്ങൾകൊണ്ട് ചർമം വൃത്തിയാക്കി മൃതകോശങ്ങൾ വാക്വം ചെയ്തു വലിച്ചെടുക്കുകയാണ്. ഇതിനു ശേഷം മാസ്ക് ഇടാം.
മൈക്രോഡെർമാബ്രേഷൻ വഴി ചർമത്തിൽ എല്ലായിടത്തും ഒരുപോലെ എക്സ്ഫോലിയേഷൻ നടക്കുന്നതിനാൽ മുഖത്തിനു കുടൂതൽ തിളക്കം ലഭിക്കും. എല്ലാതരം ചർമങ്ങൾക്കും അനുയോജ്യമാണിത്. ആന്റി ഏയ്ജിങ്, ആന്റി അക്നെ, മോയ്സ്ചറൈസിങ് ഗുണങ്ങളും ലഭിക്കും.
‘‘ഏതൊരു ഫേഷ്യലിലും പ്രധാനം എക്സ്ഫോലിയേഷൻ ആണ്. അതു കൂടുതൽ മികച്ചതാകുമ്പോൾ ചർമത്തിലെ മൃതകോശങ്ങൾ നീങ്ങി തിളക്കം ലഭിക്കും. മൈക്രോഡെർമാബ്രേഷനിൽ ഇതാണ് പ്രത്യേകത’’ - സിനി മങ്ങാട്ട്, സിനിമ സലൂൺ, വൈറ്റില