ഉള്ള് കുറഞ്ഞ മുടിയുള്ള ആളാണോ നിങ്ങള്‍. മുടിക്ക് ഉള്ളുണ്ട് എന്നു തോന്നിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ. ദിവസം മുഴുവന്‍ മുടി രാവിലയുള്ള പുതുമയോടു കൂടി ഇരിക്കാനും ഈ 10 വിദ്യകള്‍ സഹായിക്കും.
മുടിയുടെ നീളം കുറക്കാം
മിക്ക ഹെയര്‍സ്റ്റൈലിസ്റ്റുകളും ശുപാര്‍ശ ചെയ്യുന്ന ടിപ്പാണ് ഇത്. ഉള്ള് കുറഞ്ഞ നീണ്ട മുടി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ തിരിച്ചടിക്കാനാണു സാധ്യത. അതിനാല്‍ മുടി തോളറ്റമോ, അല്ലെങ്കിൽ നീളം കുറച്ചോ വെട്ടുന്നതാകും ഉചിതം.
മുടി ലെയറുകളായി വെട്ടാം
ഒറ്റയടിക്ക് മുടി മുറിക്കാന്‍ വിഷമമാണെങ്കില്‍ അതിനെ ലെയറുകളായി തിരിച്ച് വെട്ടാം. ഇങ്ങനെ വെട്ടുമ്പോള്‍ നിങ്ങളുടെ മുഖം എങ്ങനെയായാലും ഈ ഹെയര്‍സ്റ്റൈല്‍ അതിനു ചേരുമെന്ന പ്രത്യേകതയും ഉണ്ട്.
കളറിങ്
മുടിക്ക് ഉള്ള് തോന്നിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് കളറിങ്. മുടിയുടെ നിറം മുഴുവനായി മാറ്റുകയല്ല വേണ്ടത്. മുടിയുടെ പുറം ഭാഗത്തായി ചേരുന്ന നിറം നൽകുക. യഥാർഥ മുടിയ്ക്കൊപ്പം നിറം ഇടകലര്‍ത്താം.
മുടി കഴുകാം
തല കൃത്യമായ ഇടവേളകളില്‍ കഴുകാന്‍ ശ്രദ്ധിക്കുക. അതേസമയം എല്ലാ ദിവസവും ഷാംപു ഉപയോഗിക്കരുത്. ഷാംപു ഉപയോഗിക്കുമ്പോള്‍ തലയോടിനോടു ചേർന്ന് അമര്‍ത്തി കഴുകുക. മുടിയുടെ അറ്റത്ത് അധികം ഉരച്ചു കഴുകേണ്ട. അതേസമയം കണ്ടീഷണർ മുടിയുടെ അറ്റത്ത് മാത്രം ഉപയോഗിച്ചാൽ മതി.
മുടി ഉയര്‍ത്താം
തലയോടിനോടു ചേര്‍ന്ന് ഹെയര്‍പിനുകള്‍ ഉപയോഗിച്ച് മുടി അല്‍പ്പം ഉയര്‍ത്താം. തലമുടിയുടെ ഉള്ളില്‍ കൂടി വേണം പിന്നുകള്‍ കുത്താന്‍. ഇത് മുടിക്ക് കൂടുതല്‍ ഉള്ള് തോന്നിക്കാൻ സഹായിക്കും.
ക്രീമുകള്‍ വേണ്ട
ഹെയര്‍ ക്രീമുകള്‍ അധികം ഉപയോഗിക്കുന്നത് തലമുടിയുടെ കനം വര്‍ദ്ധിപ്പിക്കും. മുടി കൂടുതല്‍ പതിഞ്ഞിരിക്കാനും ഉള്ള് തീരെയില്ലാത്തതു പോലെ തോന്നിക്കാനും ഇടയാക്കും.
ചേർത്തു കെട്ടാം
തലമുടി നെറ്റിയില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന വിധത്തില്‍ കെട്ടാം. ഇത് കുറച്ച് അലസമായും ഒതുക്കുക്കമില്ലാതെയും കിടന്നാലും വിരോധമില്ല. ഇങ്ങനെ കെട്ടുന്നതു വഴി മുടിക്ക് ഉള്ളുണ്ടെന്നു തോന്നും.
ഡ്രൈ ഷാംപൂ
പെട്ടെന്നു ഒരുങ്ങേണ്ടി വരുന്നവര്‍ക്കാണ് ഇതു സഹായകമാകുക. തലമുടിയിലെ അഴുക്ക് കളയുമെന്നു മാത്രമല്ല മുടി കൂടുതല്‍ ഉയര്‍ന്നു നില്‍ക്കാന്‍ സഹായിക്കും. ഇതുമൂലം സ്വാഭാവികമായും മുടിക്കു ഉള്ള് തോന്നിക്കും.
ഉണക്കാം ഉള്ളില്‍ നിന്ന്
ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ തലയോടിനോടു ചേര്‍ന്നുള്ള ഭാഗം ആദ്യം ഉണക്കുക. ഇതുവഴി തലമുടി ഉയര്‍ന്നു നില്‍ക്കുകയും ഉള്ളുള്ളതായി തോന്നിക്കുകയും ചെയ്യും.
പകുത്ത് കെട്ടാം
തലമുടി നേര്‍പകുതിയില്‍ വകഞ്ഞ് രണ്ടു വശത്തേക്കും ഇടുന്നത് ഉള്ള് കുറവ് തോന്നാൻ കാരണമാകും. പകരം വശങ്ങളില്‍ നിന്നു സിഗ്സാഗ് രീതിയിലോ മറ്റോ വകഞ്ഞെടുക്കാം. ഇങ്ങനെ കെട്ടുമ്പോൾ ധാരാളം മുടി ഉണ്ടെന്നു തോന്നും.