കളർഫുൾ വസ്ത്രങ്ങൾ, കിടിലൻ ഫുട്‌വെയർ, മിനിമൽ മേക്കപ്പ്; ഈ മഴക്കാലത്ത് ട്രെൻഡിയായി നടക്കാം
Mail This Article
കേരളത്തിൽ കാലവർഷം സജീവമായി തുടങ്ങിയിരിക്കുകയാണ്. തകർത്തു പെയ്യുന്ന മഴയത്ത് പുറത്തിറങ്ങാൻ മടിയുള്ളവരാണ് പലരും. ജോലിക്കു പോകുന്നവരാണെങ്കിൽ പറയുകയും വേണ്ട. സാധാരണ മാസങ്ങളെ പോലെയല്ല മഴക്കാലം. വസ്ത്രം, ചെരുപ്പ്, മേക്കപ്പ് തുടങ്ങി വിവിധ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ മഴക്കാലത്ത് ഓഫീസിലും പുറത്തും പോകുമ്പോൾ സ്റ്റൈലിൽ അൽപം ശ്രദ്ധിച്ചാൽ നിങ്ങൾക്കും അടിപൊളിയായി നടക്കാം. മഴക്കാലത്ത് സ്റ്റൈലായി നടക്കാൻ ചില ടിപ്പുകൾ നോക്കാം...
വസ്ത്രം
കാലാവസ്ഥ മങ്ങുമ്പോൾ വസ്ത്രങ്ങൾ കളർഫുള്ളായിരിക്കണം. നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങൾ വസ്ത്രങ്ങളെ കൂടുതൽ വൈബ്രന്റാക്കും. അതിനാൽ ഇവയുടെ ഷേഡുകൾ പരീക്ഷിക്കാം. പെട്ടെന്ന് മുഷിയുമെന്നതിനാൽ വെള്ള പോലുള്ള ലൈറ്റ് ഷേഡുകൾ മറന്നേക്കുക. പെട്ടെന്ന് ഉണങ്ങുന്നതും ശരീര താപനില നിലനിർത്തുന്നതുമായ സോഫ്റ്റ് കോട്ടൺ, ലിനൻ തുടങ്ങിയവ ധരിക്കാം. ഡെനിമും പലാസോയും ടൈറ്റ് ഫിറ്റ് ജീൻസുമൊക്കെ വാഡ്രോബിൽ തന്നെയിരിക്കട്ടെ. ചൂടുകാലത്ത് ഇടാൻ ബുദ്ധിമുട്ടുള്ള പോളിസ്റ്റർ തുണിത്തരങ്ങൾ ഈ സമയം പരിഗണിക്കാം. വേഗത്തിൽ ഉണങ്ങുമെന്നത് പോളിസ്റ്റർ വസ്ത്രങ്ങളെ സൗകര്യപ്രദമാക്കും.
മഴക്കാലത്ത് ക്യാരി ചെയ്യാൻ എളുപ്പമുള്ള വസ്ത്രമാണ് സ്കേർട്ട്. സ്കേർട്ട് ധരിക്കാൻ മടിയുള്ളവർക്ക് ഡിവൈഡഡ് സ്കേർട്ട് പോലെ മുട്ടിനു താഴെനിൽക്കുന്ന ഷോർട്സ് പരീക്ഷിക്കാം. വേനൽക്കാലത്തു മാറ്റിവച്ച ജാക്കറ്റും ഇനി പുറത്തെടുക്കാം. വെസ്റ്റേൺ വെയറിനു ഫിനിഷ് നൽകാൻ ഇതു സഹായിക്കും.
ട്രെഡീഷനലാകണമെന്നുള്ളവർക്കു സൽവാറുകളും പട്യാല ബോട്ടവുമൊക്കെ ഒഴിവാക്കി ഷോർട്ട് കുർത്തികളും ട്യൂണിക്കുകളും ലെഗ്ഗിൻസും കാപ്രിയുമൊക്കെ പരീക്ഷിക്കാം. ഒരുപാടു ലെയറുകളും ഡീറ്റെയിലിങ്ങുമുള്ള ഡിസൈനുകളും ഓർഗാനിക് പ്രിന്റുകളും ഒഴിവാക്കുന്നതാണു നല്ലത്. മഴക്കാലത്ത് ദുപ്പട്ടകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ കളർഫുൾ സ്കാർഫുകളും സ്റ്റോളുകളും വാങ്ങിക്കാം.
ശരീരത്തിൽ ഇറുകിയ വസ്ത്രങ്ങൾ ദിവസം മുഴുവൻ അസ്വസ്തമാക്കാൻ സാധ്യതയുണ്ട്. അയഞ്ഞതും വായുസഞ്ചാരമുള്ളതുമായ ഫിറ്റുകളാകും ഉചിതം. കട്ടിയുള്ള ഡെനിമും ഒഴിവാക്കാം. നനയുന്ന സാഹചര്യമുണ്ടായാൽ കംഫെർട്ടിനെ ബാധിക്കാതിരിക്കാൻ അയഞ്ഞ വസ്ത്രങ്ങളാകും നല്ലത്.
ആക്സസറീസ്
വസ്ത്രം തിരഞ്ഞെടുക്കുന്നതുപോലെ പ്രധാനമാണ് അവയ്ക്ക് ചേരുന്ന ചെരുപ്പുകൾ ധരിക്കുന്നതും. മഴക്കാലത്ത് ലെതർ ചെരുപ്പുകളും ബാഗുകളും ഒഴിവാക്കുക. നിയോൺ നിറങ്ങളിലുള്ള വാട്ടർ പ്രൂഫ് ബാഗുകൾ സ്റ്റൈലിഷ് ലുക്ക് നൽകും. തെന്നാൻ സാധ്യതയില്ലാത്തതും ബാക്ക്സ്ട്രാപ്പുള്ളതുമായ ചെരുപ്പുകളായിരിക്കും നല്ലത്. ഹീൽസ് വേണമെന്നു നിർബന്ധമുള്ളവർക്ക് വെഡ്ജസ് ഉപയോഗിക്കാം. കടും നിറങ്ങളും ഡിസൈനുകളുമുള്ള ഫ്ലിപ് ഫ്ലോപ്സ് സ്റ്റൈലിഷ് ലുക്ക് നൽകും. വാട്ടർ പ്രൂഫ് വാച്ച്, ഓവർസൈസ്ഡ് കുട, നിയോൺ കളർ റെയിൻകോട്ട് എന്നിവയും മഴക്കാലത്ത് നിർബന്ധം. വാട്ടർ പ്രൂഫ് സോക്സുകൾ വിപണിയിലുണ്ട്. ഷൂ ഒഴിവാക്കാനാകാത്ത തൊഴിൽ മേഖലയിലുള്ളവർക്ക് ഇത് ഉപയോഗിക്കാം.
മേക്കപ്പ്
മഴക്കാലത്ത് അധികം മേക്കപ്പ് വേണ്ട. ക്രീമി ഫൗണ്ടേഷനും കോംപാക്ടുമൊക്കെ ഒഴിവാക്കി ഡ്രൈ പൗഡർ കോംപാക്ട് ഉപയോഗിക്കാം. ഫെയ്സ് പൗഡർ ഉപയോഗിക്കുന്നവർ എണ്ണമയമുള്ള ഭാഗങ്ങളിൽ (ടി സോൺ) മാത്രം ലൈറ്റായി ഇട്ടാൽ മതി. മസ്കാരയും ഐലൈനറും വാട്ടർ പ്രൂഫ് ആയിരിക്കണം. കാജൽ വേണ്ടേ വേണ്ട. വെള്ളം വീണു പടരാൻ സാധ്യതയുള്ളതിനാൽ ഐബ്രോ പെൻസിലും ഒഴിവാക്കാം. മറ്റു മേക്കപ്പുകളൊക്കെ ലൈറ്റായതിനാൽ ലിപ്സ്റ്റിക്കിൽ ബ്രൈറ്റ് ഷേഡുകൾ പരീക്ഷിക്കാം. ലിപ് ഗ്ലോസുകൾ ഒഴിവാക്കി പൗഡർ ഫിനിഷുള്ള ലിപ്സ്റ്റിക് ഉപയോഗിച്ചാൽ ദീർഘനേരം പുതുമ നിലനിർത്താം.
ഹെയർസ്റ്റൈൽ
ഹെയർസ്റ്റൈലിൽ അധികം പരീക്ഷണങ്ങൾ നടത്താതിരിക്കുന്നതാണു നല്ലത്. അഴിച്ചിടാതെ പോണിടെയിലോ ഹൈ ബണ്ണോ പരീക്ഷിക്കാം. മുടിയിൽ അധികം എണ്ണ ഉപയോഗിക്കരുത്, താരൻ കൂടും. ഹെയർ സ്പ്രേയും ഹെയർ ജെല്ലും മഴക്കാലം കഴിയുന്നതുവരെ ഒഴിവാക്കാം.
എത്ര വിലകൂടിയ വസ്‌ത്രമായാലും പാദരക്ഷകൾ യോജിക്കുന്നില്ലെങ്കിൽ ടോട്ടൽ ലുക്ക് പാളിപ്പോകും. കാലാവസ്‌ഥയ്‌ക്ക് യോജിക്കുന്നതും ട്രെൻഡിയുമായ ഫുട്‌വെയർ വേണം മഴക്കാലത്ത് തിരഞ്ഞെടുക്കാൻ. ലെതർ പോലുള്ള മെറ്റീരിയലുകൾ ഒഴിവാക്കി ഫ്ലാറ്റ്‌സ്, ക്രോക്‌സ് തുടങ്ങിയവ കൂടെക്കൂട്ടാം.
ടി സ്ട്രാപ് സാൻഡൽസ്
മഴക്കാലത്ത് അധികം ചെലവില്ലാതെ ട്രെൻഡിയാകാൻ ടി–സ്ട്രാപ് സാൻഡൽസ് തന്നെയാണു നല്ലത്. ഏതു സീസണിലും കംഫർട്ടബ്ളായി ഉപയോഗിക്കാവുന്നവയാണ് ഇവ. ട്രഡീഷനൽ, വെസ്റ്റേൺ വെയറുകളോടൊപ്പം ഒരുപോലെ യോജിക്കുമെന്നതിനാൽ ഒന്നിൽക്കൂടുതൽ പെയർ വാങ്ങിയാലും നഷ്ടമാകില്ല. ബ്ലാക്ക്, ബ്രൗൺ തുടങ്ങിയ സ്ഥിരം നിറങ്ങൾക്കു പകരം ബ്രൈറ്റ് ഫ്ളൂറസന്റ് നിറങ്ങൾ തിരഞ്ഞെടുക്കാം.
ഗംബൂട്സ്
അൾട്രാ ട്രെൻഡി ആകണമെന്നുള്ളവർക്ക് പറ്റിയ ചോയ്സാണ് ഗംബൂട്സ്. കാലുകൾ ഒട്ടും നനയ്ക്കുകയുമില്ല, അതേസമയം സ്റ്റൈലിഷുമാക്കും. നിയോൺ നിറങ്ങളിലും ട്രാൻസ്പെരന്റ് ഡിസൈനിലും ലഭ്യമാണ്. പ്രിന്റഡ് റെയിൻ ബൂട്സിനും ആരാധകരേറെയുണ്ട്.
റബർ സ്നീക്കേഴ്സ്
വെസ്റ്റേൺ വെയറിനൊപ്പം സ്നീക്കേഴ്സ് ഒഴിവാക്കാനാകാത്തവർക്ക് മഴക്കാലത്ത് റബർ സ്നീക്കേഴ്സ് തിരഞ്ഞെടുക്കാം. ഒട്ടുമിക്ക നിറങ്ങളിലും ഇവ ലഭ്യമാണ്.
വെഡ്ജസ്
ഹീൽസ് ഇല്ലാതെ പുറത്തിറങ്ങാൻ പറ്റാത്തവർക്ക് വെഡ്ജസ് കൂടെക്കൂട്ടാം. വഴുക്കുള്ള സ്ഥലങ്ങളിൽ ബാലൻസ് നഷ്ടപ്പെടാതിരിക്കാൻ ഇവയാണു നല്ലത്. പോയിന്റഡ് ഹീൽസ് ഒഴിവാക്കാം.
ഏതു പ്രായക്കാർക്കും ഏതു കാലാവസ്ഥയ്ക്കും യോജിക്കുന്ന മറ്റൊരു ഫുട്വെയറാണ് ക്രോക്സ്. കാഷ്വൽ വെയറിനൊപ്പം മടിക്കാതെ കൂടെക്കൂട്ടാം. സ്ഥിരം ഉപയോഗിക്കുന്നവരാണെങ്കിൽ ബ്രൈറ്റ് നിറങ്ങൾ തിരഞ്ഞെടുത്ത് വെറൈറ്റി കൊണ്ടുവരാം.
ജെല്ലി ഷൂസ്
എൺപതുകളിലും തൊണ്ണൂറുകളിലും ട്രെൻഡായിരുന്ന ജെല്ലി ഷൂസാണ് മൺസൂൺ ഫുട്വെയറിലെ മറ്റൊരു താരം. ഷോർട്സ്, സ്കേർട്സ്, ജീൻസ് തുടങ്ങിയവയ്ക്കൊപ്പം ധരിക്കാം. ഷൂസ് താൽപര്യമില്ലാത്തവർക്ക് ജെല്ലി ഫ്ളാറ്റ്സും ലഭ്യമാണ്.