സൗന്ദര്യ സങ്കൽപത്തിൽ മുടിക്കുള്ള സ്ഥാനം ചില്ലറയല്ല. മനോഹരമായി കിടക്കുന്ന കാർകൂന്തല്‍ പെൺകുട്ടികളെ അതിസുന്ദരിയാക്കും. സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും തഴച്ചു വളരുന്ന മുടി നൽകുന്ന ആത്മവിശ്വാസം ഒന്നു വേറെ തന്നെ. പക്ഷേ കാലാവസ്ഥയും ഭക്ഷണരീതിയും വേണ്ടത്ര പരിചരണമില്ലായ്മയുമൊക്കെ മുടിയെ ദുർബലപ്പെടുത്തുകയാണിന്ന്. മുടിയുടെ അറ്റം പിളരുന്നത് വലിയൊരു പ്രശ്നമായി നിലനിൽക്കുകയാണ് ഇപ്പോഴും. എന്നാൽ മുട്ടയും തേനും വച്ചു ചില പരീക്ഷണങ്ങൾ ചെയ്താൽ തന്നെ മുടി പിളരുന്ന പ്രശ്നം പരിഹരിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
മുട്ട കൊണ്ടു മാസ്ക്
പ്രോട്ടീനുകളാൽ സമൃദ്ധമായ മുട്ട മുടിയുടെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മുടിയുടെ വേരുകളെ ദൃഢമാക്കാനും അറ്റം പിളരുന്നതു തടയാനും മുട്ട മികച്ചതാണ്. മുട്ടയുടെ വെള്ളയെടുത്ത് ഒലിവ് ഓയിലുമായി ചേർക്കുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി ശിരോചർമത്തിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ച് ഇരുപതു മിനിറ്റുകൾക്കു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
തഴച്ചു വളരാൻ തേൻ മതി
ആന്റിഓക്സിഡന്റും ന്യൂട്രിയന്‍സും ധാരാളമുള്ള തേനും വരണ്ട് അറ്റം പിളരുന്ന മുടിക്കു പരിഹാരമാണ്. തേൻ വെറും വെള്ളവുമായി ചേർത്ത് തലയിൽ പുരട്ടുന്നതും ഒലിവ് ഓയിലുമായി ചേർത്തു പുരട്ടുന്നതും നല്ലതാണ്. തേനും ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയും ചേർത്തു പുരട്ടുന്നതും മുടിയെ മൃദുലമാക്കുകയും വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യും.
പല്ലകലമുള്ള ചീപ്പ് ഉപയോഗിക്കുക
മുടിയെ പരിപോഷിപ്പിക്കാന്‍ എത്ര സമയം വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറുള്ള പലരും മുടി ചീവുന്ന കാര്യത്തിൽ മാത്രം അത്ര ശ്രദ്ധ കൊടുക്കാറില്ല. കയ്യിൽ കിട്ടുന്ന ഏതെങ്കിലും ചീപ്പെടുത്ത് ധൃതിയിൽ ഒന്നു വാരിവലിച്ചു ചീവുകയാണ് പലരും ചെയ്യാറ്. പക്ഷേ ഇതു ദോഷം ചെയ്യുകയേ ഉള്ളു, അറ്റം പിളരുന്ന പ്രശ്നമുള്ളവർ പല്ലകലമുള്ള ചീപ്പാണ് ഉപയോഗിക്കേണ്ടത്. ചുറ്റിപ്പിണഞ്ഞു കിടക്കുന്നതു തടയാനും പല്ലകലമുള്ള ചീപ്പുപയോഗിക്കുന്നതാണ് നല്ലത്.
മുടി വെട്ടാൻ ഇനിയത്ര കാത്തിരിക്കേണ്ട
മുടിയുടെ അറ്റം പിളരുന്നതിനെ തടയാൻ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് കൃത്യമായ ഇടവേളകളിൽ മുടി വെട്ടുന്നത്. മുടി വെട്ടാനായി എത്രത്തോളം കാലതാമസം എടുക്കുന്നുവോ അത്രത്തോളം അറ്റം പിളരുകയും പൊട്ടിപ്പോവുകയും ഇതു കൂടുതൽ മുടിയിലേക്കു വ്യാപിക്കുകയും ചെയ്യും.
മുടി കഴുകുന്നതിലും വേണം ശ്രദ്ധ
മുടി കഴുകുമ്പോഴെല്ലാം ഷാംപൂ ഉപയോഗിക്കുന്നവരുണ്ട്, എന്നാൽ ഇത് മുടിക്ക് ആവശ്യമായ എണ്ണയെക്കൂടി നീക്കം ചെയ്യുകയാണെന്ന് പലരും അറിയുന്നില്ല. ദിവസവും മുടി കഴുകുന്ന ശീലം ഒഴിവാക്കുക. തല കഴുകുവാൻ ചൂടുവെള്ളം ഉപയോഗിക്കുകയേ അരുത്, മുടിയുടെ അറ്റം പിളരുന്നത് തുടരുകയാണെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂ മാറ്റേണ്ടതുണ്ടെന്ന് തിരിച്ചറിയുക.
Read more: Beauty Tips in Malayalam