30 കിലോ കുറച്ച രഹസ്യം വെളിപ്പെടുത്തി സൊനാക്ഷി

സൊനാക്ഷി സിൻഹ വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും

ബോളിവുഡ് സുന്ദരികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ഒന്നുകിൽ എല്ലാവരും സൈസ് സീറോ ആയിരിക്കും. അതല്ലെങ്കിൽ പാകത്തിനു വണ്ണം. എന്തായാലും സ്ലിം ബ്യൂട്ടി സങ്കൽപമാണു ബോളിവു‍ഡിനു പ്രിയം. അതുകൊണ്ടുകൂടിയാണ് ആവശ്യത്തിലധികം വണ്ണക്കാരിയായിരുന്ന സൊനാക്ഷി തന്റെ ബോളിവുഡ് മോഹത്തിന് ആക്കം കൂട്ടാൻ വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. അച്ഛൻ ശത്രുഘ്നൻ സിന്‍ഹയ്ക്കൊപ്പം വേദികളിൽ കണ്ടിരുന്ന ആ തടിച്ച സുന്ദരിയെ ശേഷം കണ്ടത് മെലിഞ്ഞ സുന്ദരിയായിട്ടാണ്. സൊനാക്ഷി കഠിനമായി പരിശ്രമിച്ചാണ് തന്റെ വണ്ണം കുറച്ചത്, ഒന്നും രണ്ടുമല്ല മുപ്പതു കിലോയാണു താരം കുറച്ചത്.

ചെറുപ്പം മുതൽക്കേ സൊനാക്ഷിക്കു നല്ല വണ്ണമുണ്ടായിരുന്നു. പതിയെ വണ്ണം ആരോഗ്യത്തെക്കൂടി ബാധിക്കുന്നുവെന്നു മനസിലാക്കിയതോടെയാണ് വണ്ണം കുറയ്ക്കാൻ തീരുമാനിക്കുന്നത്. ശേഷം താൻ സിനിമാ സ്ക്രീനിനു യോജിച്ചുവെന്നു തോന്നിത്തുടങ്ങിയപ്പോൾ ദബാങ് സിനിമയിലേക്കും എത്തി. സിനിമയിൽ എത്തിയതിനു ശേഷവും താരം തന്റെ വണ്ണം കുറയ്ക്കൽ തീരുമാനത്തിൽ നിന്നും പിന്നോട്ടു പോയില്ല. വീണ്ടും പരിശ്രമിച്ച് വണ്ണം പാടെകുറച്ച് സ്ഥിരം ബോളിവുഡ് സങ്കൽപങ്ങളിലെ സുന്ദരിയായി മാറി.

സൊനാക്ഷി സിൻഹ

ഭക്ഷണപ്രിയയായ സൊനാക്ഷി എളുപ്പം വണ്ണം വെക്കുന്ന പ്രകൃതക്കാരിയായിരുന്നു. പക്ഷേ വണ്ണം കുറയ്ക്കണമെന്നു തീരുമാനിച്ചതോടെ സൊനാക്ഷി ആദ്യം ചെയ്തത് തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളെയാകെ ഉപേക്ഷിക്കല്‍ ആയിരുന്നു.കുറച്ചു ഭക്ഷണം ഇടയ്ക്കിടയ്ക്കായി കഴിക്കാൻ തുടങ്ങി, ലോ കാർബ്-ഹൈ പ്രോട്ടീൻ ഡയറ്റ് ആയിരുന്നു ശീലമാക്കിയത്. ദിവസത്തിൽ രണ്ടു പ്രാവശ്യം ജിമ്മിൽ പോയി രണ്ടുമണിക്കൂറോളം പരിശീലിച്ചു. ഹെവി വെയ്റ്റ് ട്രെയിനിങും കാർഡിയോയുമൊക്കെ പരിശീലിച്ചു. ഒപ്പം യോഗയും ശീലമാക്കി.

സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ യസ്മിൻ കറാച്ചിവാലയാണ് ഇതിനെല്ലാം പിന്തുണയുമായി സൊനാക്ഷിക്കൊപ്പം നിന്നത്. ഗോതമ്പുല്‍പ്പന്നങ്ങളും പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും അടങ്ങുന്ന ലളിതമായ ഡയറ്റ് ആയിരുന്നു പ്രാതലിനും ഉച്ചയ്ക്കും. അത്താഴത്തിനു മിക്കവാറും ചിക്കനും മുട്ടയുടെ വെള്ളയും മീനുമൊക്കെ കഴിക്കും. തീവ്രമായ വ്യായാമത്തിന് ഇത്തരം ഭക്ഷണം കൂടിയേ തീരുമായിരുന്നുള്ളു.

സൊനാക്ഷി സിൻഹ

ഇന്ന് സൊനാക്ഷിയുടെ ജീവിതത്തിന്റെ ഭാഗമാണ് ഫിറ്റ്നസ് എന്ന പദം. വല്ലപ്പോഴും ഇഷ്ടമുള്ള ജങ്ക് ഫുഡ്സ് ഒക്കെ കഴിക്കുമെങ്കിലും കൂ‌ടുതലും ആരോഗ്യകരമായ ഡയറ്റിൽ മാത്രം ശ്രദ്ധ ചെലുത്തി. എളുപ്പം വണ്ണം വെക്കുമെന്നതുകൊണ്ടു തന്നെ മുടങ്ങാതെ വർക്ഔട്ടും ചെയ്യുന്നുണ്ട്.

ഇനി ദിവസങ്ങൾ കൊണ്ടു വണ്ണം കുറയ്ക്കാം എന്നു കരുതുന്നവർക്ക് സൊനാക്ഷിയുടെ വക ഉപദേശവുമുണ്ട്. പെട്ടെന്നു വണ്ണം കുറയ്ക്കാൻ യാതൊരു വഴിയുമില്ല, അതു സമയമെടുക്കുന്ന പ്രക്രിയയാണ്. തുടർച്ചയായുള്ള പരിശ്രമവും ജീവിതചര്യയിലെ മാറ്റവുമൊക്കെ കൂടിയാലേ വണ്ണം കുറയ്ക്കാനാകൂ. അതുകൊണ്ടു വണ്ണം കുറയ്ക്കാനായി എളുപ്പവഴികൾ അന്വേഷിക്കുന്നതിനു പകരം ആദ്യം മനസിനെ തയ്യാറാക്കി മുന്നോട്ടു പോകൂ, വിജയം സുനിശ്ചിതമാണ്.


Read more: Beauty Tips in Malayalam