കുരുത്തോലയിൽത്തുടങ്ങി ഇൗസ്റ്റർ എഗ്ഗിൽ അവസാനിക്കുന്ന വലിയ ആഴ്ച

Easter 2017
ഇൗസ്റ്റർ ഞായറാഴ്ച പുലർച്ചെ മൂന്നു കഴിയുമ്പോൾ പള്ളിമണികൾക്കൊപ്പം എല്ലായിടത്തും പടക്കങ്ങൾ പൊട്ടും

നൈർമല്യത്തിന്റെ കുരുത്തോലയിൽത്തുടങ്ങി ആഹ്ളാദത്തിന്റെ ഇൗസ്റ്റർ എഗ്ഗിൽ അവസാനിക്കുന്ന വലിയ ആഴ്ച. ഇതിനിടയിൽ പ്രാർഥനയിൽ പാകം ചെയ്യുന്ന പെസഹാ അപ്പവും ദു:ഖത്തിൽ ചാലിച്ച കയ്പുനീരും വിശ്വാസത്തിന്റെ തീനാളവുമുണ്ട്. വിശുദ്ധവാര ആചരണങ്ങളിലൂടെ..

ഒാശാന ഞായർ

ഒാശാനാ ഒാശാനാ ദാവീതിൻസുതനോശാനാ.. 

പുലർക്കാല സൂര്യന് ആഭിമുഖമായി ഉയർത്തിപ്പിടിച്ച കുരുത്തോല കൈകളിലേന്തി ആയിരക്കണക്കിന് വിശ്വാസികൾ പ്രദക്ഷിണമായി നീങ്ങുന്ന കാഴ്ചയുമായാണ് ക്രൈസ്തവ വിശ്വാസ ആഘോഷത്തിന്റെ വലിയ ആഴ്ച തുടങ്ങുന്നത്. അൻപതു നോമ്പിന്റെ അവസാന ആഴ്ചയാണ് വലിയ ആഴ്ച അല്ലങ്കിൽ വിശുദ്ധവാരം. കുഞ്ഞുകൈകളിൽ മുതൽ ചുക്കിച്ചുളിഞ്ഞ അമ്മച്ചിമാരുടേയും അപ്പച്ചൻമാരുടേയും കൈകളിൽ വരെ കുരുത്തോലയെന്ന കുരുന്നോല തുള്ളിക്കളിക്കും. യേശുവിന്റെ ജറുസലേമിലേക്കുള്ള ആഘോഷയാത്രയുടെ ഒർമ്മയാണവിടെ പുതുക്കുന്നത്. 

മുറിച്ചെടുക്കാത്ത ഒാലയുടെ ചുവടുപയോഗിച്ച് പ്രദക്ഷിണത്തിന് നേതൃത്വം നല്കുന്ന പുരോഹിതൻ പള്ളിയുടെ മുഖ്യവാതിലിൽ– ആന വാതിൽ– മൂന്നു തവണ ഇടിക്കും. ഒാരോ ഇടിക്കും ശക്തി കൂടും, വാതിലുകളേ തുറക്കുവിൻ മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു എന്ന് വിളിച്ചു പറയും, മൂന്നാമത്തെ ഇടിക്ക് ആനവാതിൽ മലർക്കേ തുറക്കും. പണ്ടൊക്കെ കുരുത്തോല കൈയിൽകിട്ടിയാൽ കുട്ടികൾ  പേടിയോടെ ഒാലത്തുമ്പിലും താഴത്തെ അറ്റത്തും നോക്കും. ഒാല മിനുക്കുമ്പോൾ കത്തികൊണ്ട പാടോ ഇലക്കേടോ ഉണ്ടങ്കിൽ പരീക്ഷക്ക് തോൽക്കുമെന്നായിരുന്നു കുരുന്നുചിന്ത. റിസൽട്ടറിയും വരെ ആ പേടി നിലനിൽക്കുകയും ചെയ്യും. ഒലയിൽ അത്ഭുതകരവേലകൾ കാണിക്കുന്ന ചേട്ടൻമാരെ വികാരിയച്ചൻ ദോഷമുണ്ടാകും എന്നു പറഞ്ഞ് പേടിപ്പിക്കുകയും ചെയ്യും. ഒാശാനയോല കൊണ്ടുവന്ന് അമ്മമാരുടെ നേതൃത്വത്തിൽ വീടിന്റെ പ്രധാന വാതിലുകളിലും മറ്റും സ്ഥാപിക്കും (ഇങ്ങനെ വയ്ക്കുന്ന ഒാല അടുത്ത വർഷം അൻപതു നോമ്പുതുടങ്ങുന്ന ദിവസം –വിഭൂതി തിരുനാളിന്– കരിച്ചെടുത്താണ് നെറ്റിയിൽ കറുത്തകുരിശു വരയ്ക്കുന്നത്. 

വലിയ ബുധനാഴ്ച

പെസഹായ്ക്ക് ഒരുക്കമായുള്ള കാര്യങ്ങളാണ് വലിയ ബുധനാഴ്ച ചെയ്യുന്നത്. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത് എങ്കിലും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യണമെന്ന കല്പന സ്വീകരിച്ച് പലരും നീണ്ട കാലയളവിലെ തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞ് കരഞ്ഞു കുമ്പസാരിച്ച് നല്ല മനുഷ്യരാകുന്ന ദിവസമാണിത്.

പെസഹാ വ്യാഴം 

പള്ളികളിൽ മരമണികളുടെ കരകര ശബ്ദമാണ് ഇൗ ദിവസങ്ങളിൽ മുഴങ്ങുന്നത്. സന്തോഷത്തിന്റെ മണിയൊച്ചകൾക്കു പകരം മരകഷണങ്ങൾ കൂട്ടിമുട്ടി കരയുന്ന ഒച്ചയാണിത് എന്നാണ് കുഞ്ഞുകുട്ടി വിശ്വാസം, എന്തായാലും മരമണിയൊച്ച കേൾക്കുമ്പോൾ മനസിലൊരു സങ്കടമാണ് തിരതല്ലിയെത്തുന്നത്. വിശ്വാസത്തിന്റെ ആണിക്കല്ലുറപ്പിച്ച ദിവസമാണ് വിശ്വാസികൾക്ക് പെസഹ. ക്രിസ്തു സ്വയം അപ്പവും വീഞ്ഞുമായി മാറി ശിഷ്യർക്കു വിഭജിച്ച് നല്കി വി.കുർബാന സ്ഥാപിച്ചതിന്റെ ഒാർമ. അന്ത്യത്താഴത്തിന്റെ ഒാർമ. ക്രിസ്തു ശിഷ്യരുടെ ഒാർമ പുതുക്കി പന്ത്രണ്ടു പേരുടെ കാലുകൾ കഴുകി വെൺകച്ചകൊണ്ട് തുടച്ച് കാലുകളിൽ ഉമ്മവെച്ചാണ് പുരോഹിതർ ക്രിസ്തുവിനോടു സമരസപ്പെടുന്നത്. എളിമയുടേയും വിനയത്തിന്റെയും ഏറ്റവും വലിയ മാതൃക!! പള്ളികളിലും വീടുകളിലും അന്ന് പെസഹ വിരുന്നൊരുക്കും. 

വീടുകളിൽ ഇന്ററി അപ്പവും– പുളിയില്ലാത്ത അപ്പം– പെസഹാപ്പാലുമൊരുക്കും. അപ്പത്തിനു മീതേ ഒാശാന ഞായറാഴ്ച കിട്ടിയ കുരുത്തോല മുറിച്ച് കുരിശാകൃതിയിലിടും, പ്രാർഥന ഉരുവിട്ടാണ് അപ്പവും പാലും ഉണ്ടാക്കുന്നതിന്റെ ഒാരോ വഴിയിലൂടെയും അമ്മമാർ നീങ്ങുന്നത്. ഒരു പക്ഷേ പ്രാർഥിച്ച് ഉണ്ടാക്കുന്ന ഒരേ ഒരു അപ്പവും ഇതായിരിക്കും. തേങ്ങാപ്പാലും ശർക്കരയും പഴവും ചേർത്തുണ്ടാക്കുന്ന പാലിലും ഒാശാന ഒാല കുരിശാക്കിയിടും. ബാക്കി വയ്ക്കാതെ കഴിച്ചു തീർക്കണം എന്നാണ് പാരമ്പര്യം പറയുന്നത്. ബന്ധുക്കൾ എല്ലാവരും കൂടി കുടുംബവീട്ടിൽ ഒത്തുചേർന്നും അടുത്തടുത്തുള്ള ബന്ധു വീടുകളിലേക്ക് എല്ലാവരും പോയും അപ്പം മുറിക്കൽ ശുശ്രൂഷ നടത്താറുണ്ട്. വീട്ടിലെ ഏറ്റവും മുതിർന്ന അംഗം അപ്പം മുറിച്ച് പാലിൽ മുക്കി പ്രായമനുസരിച്ച് ഒരോരുത്തർക്കും നല്കും. പുത്തൻ പാനയിലെ പാട്ടുകൾ ഒരോന്നായി പാടും. കഴിഞ്ഞ പെസഹായ്ക്ക് ശേഷം കുടുംബത്തിലെ ആരെങ്കിലും മരിച്ചു എങ്കിൽ ആ കുടുംബത്തിൽ പെസഹാ ആഘോഷം ഉണ്ടാകില്ല. മധുരം കിനിയുന്ന പെസഹാപാൽ കുടിക്കുമ്പോൾ അമ്മമാർ ഒാർമ്മിപ്പിക്കും നാളെ കയ്പുനീർ കുടിക്കേണ്ടതാണേ എന്ന്!! 

ദു:ഖവെള്ളി 

ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ

ഏവമെന്നെ ക്രൂശിലേററുവാൻ അപരാധം എന്തു ഞാൻ ചെയ് ‌വൂ...

സങ്കടം കിനിഞ്ഞിറങ്ങുന്ന ഇൗ വരികൾ കേട്ടാണ് ദു:ഖവെള്ളി ദിവസം പുലരുന്നത്. നാടിന്റെ നാനാഭാഗത്തുനിന്നും കുരിശും വഹിച്ച് ക്രൂശിതന്റെ വഴി അനുസ്മരിച്ച് പള്ളികളിലേക്ക് പരിഹാരയാത്രകൾ നടക്കും. പീഢാനുഭവത്തിനെ പതിനാലായി തിരിച്ച് ഒാരോ സ്ഥലങ്ങളിലും വേദന നിറഞ്ഞ ഒാർമകളുമായി ആളുകൾ നടന്നുനീങ്ങും. ആബേലച്ചന്റെ ഹൃദയം തുളച്ചുകയറുന്ന വരികൾ മനസിൽ വേദനയുടെ മഴ പെയ്യിക്കും. ദു:ഖവെള്ളി ഉപവാസ ദിവസമാണ്. ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് പള്ളികളിൽ ആയിരിക്കുന്ന വിശ്വാസികൾ ക്രൂശിതന്റെ രൂപവും വഹിച്ച് നഗരികാണിക്കൽ നടത്തും.  ക്രൂശിത രൂപത്തിൽ ചുംബിച്ച േശഷം ഇലകൾ ചതച്ചുണ്ടാക്കുന്ന കൈയ്പു നീര് എല്ലാവരും കുടിക്കും. കുഞ്ഞുങ്ങളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ക്രൂശിൽ കിടന്ന യേശുവിന് നീർപഞ്ഞിയിൽ മുക്കി വിനാഗിരി നല്കിയതിന്റെ സ്മരണ പുതുക്കി എല്ലാവരും കയ്പുനീരിന്റെ കയ്പിൽ വീട്ടിലേയ്ക്ക് മടങ്ങും.

ദു:ഖശനി

ക്രൂശിതനായ യേശുവിന്റെ ശരീരം കല്ലറയിലേയ്ക്ക് മാറ്റിയതിന്റെ ഒാർമയാണ് ശനിയാഴ്ച. പള്ളികളിൽ അന്ന് പുത്തൻതീയും പുത്തൻ വെള്ളവും ആശിർവദിച്ച് നല്കും. ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കുകാരായി നോമ്പുനോക്കി തയാറാകുന്നവർക്കാണ് പഴയ കാലത്ത് മാമോദീസ നല്കിയിരുന്നത്. മാമോദീസയുടെ പ്രതിഞ്ജ പുതുക്കലാണ്  ദു:ഖശനിയാഴ്ച നടക്കുന്നത്. പുതിയ മനുഷ്യരായി മാറുന്നതിന്റെ ആചരണം.

ഇൗസ്റ്റർ

ഇൗസ്റ്റർ ഞായറാഴ്ച പുലർച്ചെ മൂന്നു കഴിയുമ്പോൾ പള്ളിമണികൾക്കൊപ്പം എല്ലായിടത്തും പടക്കങ്ങൾ പൊട്ടും. പള്ളികൾക്കുള്ളിൽ ഉണ്ടാക്കിയിരിക്കുന്ന കരിങ്കൽ കല്ലറയുടെ മാതൃകകളിൽ നിന്ന് യേശു ഉത്ഥാനം ചെയ്ത് ഉയരും. ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ശബ്ദ–ദൃശ്യ വിന്യാസം ഉണ്ടാകും. ഉത്ഥാനത്തിന്റെ സന്തോഷ കാഹളം നിറഞ്ഞ പാട്ടുകൾ മുഴങ്ങും. പുലർച്ചേ അവസാനിക്കുന്ന പ്രാർഥനകൾക്കൊടുവിൽ എല്ലാവരും പരസ്പരം ഹാപ്പി ഇൗസ്റ്റർ ആശംസിക്കും. നിറങ്ങൾ വരച്ചുചേർത്ത ആശംസകൾ

എഴുതിച്ചേർത്ത ഇൗസ്റ്റർ മുട്ടകൾ വിതരണം ചെയ്യും. വലിയ നോമ്പിന്റെ പുണ്യത്തിൽ എല്ലാ വീടുകളിലും നോമ്പു വീടലിന്റെ ആഘോഷതിമിർപ്പാകും. വീടുകളിൽ വിരുന്നു വരുന്നവർ തേൻമധുരത്തിൽ പൊതിഞ്ഞ ഇൗസ്റ്റർ മുട്ടകൾ സമ്മാനിക്കും. കുഞ്ഞുങ്ങൾ ആഹ്ളാദത്തോടെ മുട്ടകൾ പൊട്ടിക്കും, അതിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അത്ഭുദ സമ്മാനമെന്തെന്നറിയാൻ...