അമ്മയാണ് ദേവി

അമ്മയെ ദേവതയായി കാണുന്ന സങ്കൽപം എത്ര ഉദാത്തം! സാക്ഷാൽ പരാശക്‌തിയായ ദേവിയെ പ്രപഞ്ചത്തിന്റെത്തന്നെ മാതാവായിട്ടാണ് ആർഷഭാരതം ആരാധിച്ചത്.

‘മാതൃദേവോ ഭവ‘ എന്ന് ആശംസിച്ചവരാണു സനാതനധർമത്തിലെ ആചാര്യന്മാർ– ‘നിനക്കു സ്വന്തം അമ്മയെ ദൈവമായി കാണാൻ കഴിയട്ടെ‘ എന്ന്. 

“താം സർവവിശ്വജനനീം മനസാ സ്‌മരാമി...” എന്നാണു വേദവ്യാസ വിരചിതമായ ദേവീഭാഗവതത്തിലെ പ്രാർഥന. ‘സർവപ്രപഞ്ചത്തിന്റെയും അമ്മയായ ദേവിയെ ധ്യാനിക്കുന്നു‘ എന്നാണ് ആ പ്രാർഥനയുടെ സാരം.

മാർക്കണ്ഡേയപുരാണത്തിന്റെ ഭാഗമായ ദേവീമാഹാത്മ്യത്തിലും ദേവിയെ അമ്മയായി ആരാധിക്കുന്നു– “പ്രസീദ മാതർജഗതോഖിലസ്യ......” (മുഴുവൻ ലോകത്തിന്റെയും മാതാവേ, പ്രസാദിച്ചാലും...) എന്ന്. 

ലളിതാസഹസ്രനാമം ആരംഭിക്കുന്നതു തന്നെ ’ഓം ശ്രീ മാതാ ശ്രീമഹാരാജ്‌ഞീ ശ്രീമത് സിംഹാസനേശ്വരീ.....” എന്നാണ്. അതായത്, ദേവിയെ ആരാധിക്കുന്ന ആയിരം വാക്കുകളിൽ ആദ്യത്തേത് ‘അമ്മ‘ എന്ന്. അതാണു മാതൃത്വത്തിന്റെ മഹത്വം. 

അമ്മയാണു ദേവി എന്ന സന്ദേശം ഇന്നത്തെ ലോകത്ത് ഏറെ പ്രസക്‌തമാണ്.