കഷ്‌ടകാണ്ഡത്തിന്റെ കർക്കടക സന്ധ്യകൾക്ക് വെളിച്ചമേകി രാമായണ മാസം. കർക്കടകത്തിന്റെ നാളുകളിൽ രാമമന്ത്രമുഖരിതമായിരിക്കും നാടും വീടും നാടും നഗരവും ആധുനികതയുടെ പാതകളിലേക്ക് നീങ്ങിയെങ്കിലും രാമായണ മാസത്തിന്റെ പ്രസക്‌തി കുറഞ്ഞിട്ടില്ല. രാമായണത്തിലെ ശീലുകൾക്ക് ഇന്നും വായനക്കാർ ഏറെയാണ്. വീടിനു പുറത്ത് നിലയ്‌ക്കാതെ പെയ്യുന്ന കർക്കടക മഴ, പൂമുഖത്ത് തെളിഞ്ഞു കത്തുന്ന നിലവിളക്ക്. അതിനരുകിൽ നിവർത്തിപ്പിടിച്ച ആധ്യാത്മരാമായണവുമായി മുത്തശ്ശി. നാട്ടിൻപുറങ്ങളിൽനിന്ന് ഇപ്പോഴും കൂടൊഴിഞ്ഞിട്ടില്ല ഈ രംഗങ്ങൾ.
കർക്കടകമാകുന്ന കഷ്‌ടകാണ്ഡത്തിന്റെ ദുരിതമകറ്റാനാണ് രാമായണ പാരായണം. സുഖദുഃഖ വിചാരങ്ങൾ മറന്ന് രാമപാദ സ്‌മരണയോടെ ആദികാവ്യം വായി ക്കാൻ ക്ഷേത്രങ്ങളും വീടുകളും ഒരുങ്ങിക്കഴിഞ്ഞു. ദക്ഷിണായനത്തിന്റെ തുടക്കമാണ് കർക്കടകം. ഇതു വിഘ്‌നങ്ങളുടെയും ദുരിതങ്ങളുടെയും കാലമാണെന്നാണു സങ്കൽപം.
വിഘ്‌നങ്ങളെ ദൂരെ വെടിയാൻ രാമായണ പാരായണം വഴി തെളിക്കുമെന്നാണ് വിശ്വാസം. ഒരു മാസംകൊണ്ട് ആദിമഹാകാവ്യത്തിലെ 24000 ശ്ലോകങ്ങൾ വായിച്ചു തീർക്കണം. ഓരോ ശ്ലോകത്തിലും നരനിൽ നിന്നു നരോത്തമനിലേക്കുയർന്ന രാമന്റെ നാനാർത്ഥങ്ങൾ. മഴ നിറഞ്ഞ കർക്കടകത്തിൽ മനസിനുള്ളിൽ ശ്രീരാമരൂപം തെളിയുമ്പോൾ വിഷമതകളെല്ലാം അകലുമെന്നാണ് വിശ്വാസം. തോരാമഴയും വറുതിയും നിറയുന്ന ദക്ഷിണായനകാലത്ത് കാവൽ സാന്നിധ്യം പോലെ ശ്രീരാമനു ണ്ടാവുമെന്നാണ് സങ്കൽപം.
ആരായിരുന്നു രാമായണ പാരായണത്തിന്റെ ആദ്യ വക്‌താവ്? ആരായിരുന്നു ആദ്യ ശ്രോതാവ്. ആധ്യാത്മരാമായണത്തിന്റെ ആദ്യ ഭാഗത്തിൽ തുഞ്ചത്ത് ആചാര്യ ൻ തന്നെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്. ഉമാ മഹേശ്വരസംവാദം. അതാണ് ഉത്തരം. ശ്രീരാമദേവന്റെ മാഹാത്മ്യം കേൾക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച പാർവതി ദേവിയുടെ ആഗ്രഹം ശ്രവിച്ച പരമശിവനാണത്രെ ആദ്യമായി രാമായണ പാരായണം നിർവഹിച്ചത്.
രാമകഥയിലൂടെ ലഭിച്ച ആധ്യാത്മിക ജ്‌ഞാനം മാത്രമല്ല കർക്കടകത്തിന്റെ പ്രത്യേകത. ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ഔഷധ കൂട്ടുകളുടെ മാസം കൂടിയാണി ത്. തിരുമ്മലും ഉഴിച്ചിലുമൊക്കെ ഉൾപ്പെട്ട സുഖചികിത്സയ്‌ക്ക് ഏറ്റവും ഉത്തമം കർക്കടകമാണത്രെ. കർക്കടകക്കഞ്ഞി ഇപ്പോൾ കച്ചവടത്തിന്റെ ഭാഗമാണെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല.
‘‘പൊട്ടീം മക്കളും പോ..പോ... ശീപോതീം മക്കളും വാ...വാ...’’
പൊട്ടിയതും ഉടഞ്ഞതും ചതഞ്ഞതും മലിനമായി കിടക്കുന്നതുമായ എല്ലാ വസ്‌തുക്കളും പുറത്തുകൊണ്ടു പോയി കളയുന്ന ‘പൊട്ടിയെ കളയൽ’ ചടങ്ങ് വടക്കൻ കേരളത്തിലെ മിക്ക ഹിന്ദു ഭവനങ്ങളിലും ഇന്നും പതിവു തെറ്റിക്കാതെ നടത്തിവരുന്നു.
പഴയ മുറത്തിൽ മഞ്ഞ, വെള്ള, കറുപ്പ് നിറങ്ങളിലുള്ള ചോറുരുളകളും മറ്റും എടുത്തു വച്ച് തിരികത്തിച്ച് ഒരു സ്‌ത്രീ ചുമലിലേറ്റി പുറത്തേക്ക് കൊണ്ടുപോകുന്നു. വീട്ടിലെ എല്ലാവരും ‘‘പൊട്ടീം മക്കളും പോ..പോ... ശീപോതീം മക്കളും വാ...വാ...’’എന്ന് ഉറക്കെ വിളിച്ചു പറയും. പടിക്കു പുറത്തെത്തിയാൽ കിണ്ടിയിലെ വെള്ളം പുറത്തേക്കൊഴുക്കുകയും ചെയ്യുന്നു. അതു കഴിഞ്ഞാൽ കുളിച്ചുതോർത്തി ശുഭവസ്‌ത്രാലംകൃതയായി അഷ്‌ടമംഗല്യവും വിളക്കുമെടുത്ത് മംഗല്യ സ്‌ത്രീകളാരെ ങ്കിലും വീട്ടിലേക്ക് പ്രവേശിക്കുകയും ഈ സമയം അകത്തുള്ളവരെല്ലാം ചേർന്ന് ‘‘ശീപോതീം മക്കളും വാ...വാ...’’ എന്ന് ഉറക്കെ വിളിച്ച് വരവേൽക്കുകയും ചെയ്യും.
രാമായണം, അഷ്‌ടമംഗല്യം, ദശപുഷ്‌പം എന്നിവ നിലവിളക്കിനു മുൻപിൽ പ്രത്യേകം ഒരുക്കിവയ്‌ക്കുകയും വീടുകളിൽ പതിവാണ്. ‘ശീപോതിക്ക് വയ്‌ക്കുക’ എ ന്നാണ് ഇതിന് പറയുക. ചെറൂള, മുക്കുറ്റി, പുവ്വാംകുറുന്തല, വിഷ്‌ണുക്രാന്തി, മോക്ഷമി (മുയൽച്ചെവിയൻ), ഉഴിഞ്ഞ, കറുക, കഞ്ഞുണ്ണി, തിരുതാളി, നെൽപ്പന എ ന്നിവയാണ് ദശപുഷ്‌പങ്ങൾ. സ്‌ത്രീകൾ ഈ പുഷ്‌പങ്ങളെടുത്ത് മുടിയിൽ ചൂടുന്ന പതിവുമുണ്ട്.
ചികിൽസയ്‌ക്കും കർക്കടകമാസം അത്യുത്തമമാണെന്നാണ് വിശ്വാസം. ഈ മാസത്തിൽ പയർ, ഉഴുന്ന്, അമര, ചേമ്പ്, ചേന, തകര, തവിഴാമ, ചീര, മത്തൻ, കുമ്പളം എന്നിവയുടെ ഇല വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുന്നു. പത്തില വച്ചുള്ളതാണ് ഈ ഇലക്കറി. പക്ഷേ മുരിങ്ങയില ഈ കാലത്ത് തൊടാനേ പാടില്ല എന്നാണ് ശാസ്‌ത്രം. ഈ മാസത്തിൽ പ്രത്യേക തരത്തിലുള്ള ഔഷധക്കൂട്ടുകളാൽ തയാറാക്കുന്ന ഔഷധക്കഞ്ഞി കഴിക്കുന്നവരുണ്ട്.
കർക്കടകമാസത്തെ വരവേൽക്കാൻ ക്ഷേത്രങ്ങളിലും വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. വരുംദിനങ്ങളിൽ ക്ഷേത്രാങ്കണങ്ങൾ രാമായണശീലുകളാൽ മുഖരിതമാകും. പ്രത്യേക പൂജകൾ, പതിവ് പൂജകൾ എന്നിവയ്‌ക്ക് പുറമെ മഹാഗണപതി ഹോമം, ഭഗവതിസേവ, നിറമാല, ത്രികാലപൂജ, ലളിതാ സഹസ്രനാമജപം എ ന്നിവ പ്രത്യേക ചടങ്ങുകളാണ്.
കർക്കടത്തിൽ ദുരിതദേവതയായ ജ്യേഷ്‌ഠയെ പുറത്താക്കി ഐശ്വര്യദേവതയായ ലക്ഷ്‌മിദേവിയെ മച്ചിൻമേലെ കുടിയിരുത്താനുള്ള ഒരുക്കത്തിലാണ് ഓരോ മല യാളിയും. ദുരിത നിവാരണത്തിനായി കർക്കടക മാസത്തിൽ ക്ഷേത്ര ദർശനവും നിർബന്ധമാണ്.