രാമായണം രാവണനു മേലുള്ള ശ്രീരാമന്റെ വിജയകഥ മാത്രമല്ല, നന്മയുടെ വിജയവും തിന്മയുടെ പരാജയവും കൂടിയാണ്. ഇതിൽ ഭരതകുമാരന്റെ കഥാപാത്രമാണു ശ്രദ്ധേയം. ഭരതനെ സിംഹാസനത്തിലേറ്റാൻ ദശരഥനോടു കൈകേയി ആവശ്യപ്പെടുമ്പോൾ കുമാരൻ തന്റെ മുത്തച്ഛനെ കാണാൻ പോയിരിക്കുകയായിരുന്നു. അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ കേട്ടതാകട്ടെ ജ്യേഷ്ഠന്റെ 14 വർഷത്തെ വനവാസ യാത്രയെക്കുറിച്ചും. തന്നെ അധികാരത്തിലേറ്റാൻ കൈകേയി ചെയ്ത കാര്യങ്ങൾ കേട്ടപ്പോൾ സന്തോഷിക്കുന്നതിനു പകരം അമ്മയുടെ നടപടിയെ അതിരൂക്ഷമായി വിമർശിക്കുകയാണു ഭരതൻ. തുടർന്നു ജ്യേഷ്ഠമാതാവായ കൗസല്യയുടെ അരികിലെത്തി കണ്ണീരോടെ തന്റെ അമ്മ ചെയ്ത തെറ്റുകൾക്കു ക്ഷമ ചോദിക്കുകയും കാര്യങ്ങൾ തന്റെ അറിവോടെയല്ലെന്നു വെളിപ്പെടുത്തുകയും ചെയ്യുന്നു.
അമ്മയുടെ തെറ്റിനു പ്രായശ്ചിത്തമായി ശ്രീരാമനെ കാട്ടിൽനിന്നു തിരികെ കൊട്ടാരത്തിൽ എത്തിക്കുന്നതിനായി ഭരതൻ സൈന്യസമേതം വനത്തിലേക്കു തിരിച്ചു. തിരികെ വരണമെന്ന അനുജന്റെ അഭ്യർഥന രാമൻ സ്നേഹപൂർവം നിരസിച്ചു. അച്ഛനമ്മമാരുടെ വാക്കു ധിക്കരിച്ചു പ്രവർത്തിക്കുന്നതു മകന്റെ ധർമമല്ലെന്ന് അനുജനെ ഓർമപ്പെടുത്തി. അയോധ്യയിലേക്കു മടങ്ങിപ്പോകാതെ ലക്ഷ്മണനെപ്പോലെ ജ്യേഷ്ഠനെയും പത്നിയെയും ശുശ്രൂഷിക്കണമെന്ന അപേക്ഷയും രാമൻ നിരസിച്ചു. രാജ്യഭാരവും ജനങ്ങളുടെ ക്ഷേമവും എന്ന വലിയ ഉത്തരവാദിത്തങ്ങൾ ബോധ്യപ്പെട്ടതോടെ ജ്യേഷ്ഠന്റെ പാദുകങ്ങൾ കയ്യിലേന്തി അയോധ്യയിലേക്കു മടങ്ങുന്നു. തുടർന്നു പാദുകങ്ങൾ സിംഹാസനത്തിൽവച്ചു പൂജിച്ച് അയോധ്യയിലെ ജനങ്ങളുടെ ക്ഷേമം നിറവേറ്റുകയാണു ഭരതൻ. രാവണ നിഗ്രഹത്തിനുശേഷം രാമൻ തിരികെയെത്തുമ്പോൾ ഒരു വൈമനസ്യവും കൂടാതെ സിംഹാസനം ജ്യേഷ്ഠനു കൈമാറുകയും ചെയ്യുന്നു.
ഈശ്വരന്റെ അവതാരമായ ശ്രീരാമനു സാധാരണ മനുഷ്യർക്കില്ലാത്ത കഴിവുകളും സ്വഭാവമഹിമയും ഉണ്ടാവുന്നതു സ്വാഭാവികം. എന്നാൽ അങ്ങനെയല്ലാത്ത ഭരതന്റെ സ്വഭാവവും പെരുമാറ്റ രീതികളും ഉദാത്തവും അങ്ങേയറ്റം അനുകരണീയവുമാകുന്നു. ഇന്നത്തെ ലോകത്തിലേക്കു മിഴിയൂന്നിയാൽ അർഹതയില്ലാത്ത കാര്യങ്ങൾ കുറുക്കുവഴികളിലൂടെ നേടുവാൻ ശ്രമിക്കുന്നവരെ കാണാം. ഇതുമൂലമുണ്ടാകുന്ന പ്രതിസന്ധികളും ഒട്ടേറെ. ഈ ദുരവസ്ഥയിൽനിന്നു കരകയറുവാൻ ഭരതകുമാരന്റെ ജീവിതം മാർഗദർശിയാണ്.