ദുഃഖങ്ങളില്ല, ഇതു രാമരാജ്യം

∙ രാവണവധം കഴിഞ്ഞ് ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തി. 

കുലഗുരുവായ വസിഷ്ഠന്റെ നേതൃത്വത്തിൽ രാമനെ അയോധ്യയിലെ രാജാവായി അഭിഷേകം ചെയ്തു.

പിന്നെ രാമരാജ്യമാണിവിടം. ദുഃഖങ്ങളില്ല, പ്രജകൾക്കെല്ലാം സൗഖ്യം. തികച്ചും ആദർശരാജ്യം. 

“നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-

വണ്ണം പ്രജകളെ രക്ഷിച്ചു രാഘവൻ” എന്നാണു പൈങ്കിളി പാടുന്നത്-അച്ഛൻ മക്കളെ നോക്കുന്നതു പോലെ രാമൻ പ്രജകളെ പാലിച്ചു എന്ന്. 

രാമരാജ്യം എങ്ങനെയായിരുന്നുവെന്നു കിളിമകൾ വിവരിക്കുന്നുണ്ട്: 

സ്ത്രീകൾക്കു വൈധവ്യദുഃഖമില്ല, ആർക്കും രോഗഭീതിയില്ല, ശത്രുഭയമില്ല, നാടാകെ സസ്യസമ്പന്നം, മഴ പോലും കൃത്യം. 

“നല്ലതൊഴിഞ്ഞൊരു ചിന്തയില്ലാർക്കുമേ

നോക്കുമാറില്ലാരുമേ പരദാരങ്ങ-

ളോർക്കയുമില്ല പരദ്രവ്യമാരുമേ...”

ചീത്ത ചിന്ത ആർക്കുമില്ല. അന്യരുടെ ഭാര്യമാരെ ആരും മോഹിക്കുന്നില്ല. അന്യരുടെ പണം കൈക്കലാക്കാൻ ആരും ശ്രമിക്കുന്നില്ല. 

സമൂഹം നന്നാകാൻ ഇതിലധികം എന്തു വേണം? 

പാരായണത്തിന് ആറു കാണ്ഡങ്ങള്‍

ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായിട്ടാണു വാല്‌മീകിരാമായണം വിഭജിക്കപ്പെട്ടിരിക്കുന്നത്. 

ഉത്തരകാണ്ഡത്തിന്റെ രചയിതാവിനെക്കുറിച്ച് വ്യത്യസ്തമായ നിലപാടുകളുള്ള ഭാഷാഗവേഷകരുമുണ്ട്. 

അധ്യാത്മരാമായണം കിളിപ്പാട്ടിലെ ആദ്യത്തെ ആറു കാണ്ഡങ്ങളാണു ക‍ർക്കടകമാസത്തിലെ പാരായണത്തിന് കേരളത്തിൽ സാധാരണ ഉപയോഗിക്കുന്നത്.