മനുഷ്യന്റെ ആത്മീയ സാധനയാണു വ്രതം. വികാരങ്ങളെ അടക്കിനിർത്താനും വിചാരങ്ങളോടു കരുതലോടെ പ്രതികരിക്കാനും വ്രതം മനുഷ്യനെ പാകപ്പെടുത്തുന്നു. ഭക്ഷണപാനീയങ്ങൾ അടുത്തുണ്ടായിട്ടും അവ കഴിക്കാതെ, വിശപ്പും ദാഹവും സഹിച്ച്, ആവശ്യങ്ങളും ആഗ്രഹങ്ങളും നിയന്ത്രിച്ച്, ലഭ്യമായ അനുഗ്രഹങ്ങളെക്കുറിച്ച് ഓർക്കാൻ സഹായിക്കുന്നു. നോമ്പിനെ ക്ഷമയുടെ പാതി എന്നാണ് പണ്ഡിതർ വിശേഷിപ്പിച്ചത്.
സഹനത്തിന്റെയും അതിജീവനത്തിന്റെ പാഠങ്ങളാണ് നോമ്പ് പകർന്നുനൽകുന്നത്. സഹനത്തിലൂടെ ഭക്‌തിയെ ശുദ്ധീകരിച്ചെടുക്കുന്നവർക്ക് ജീവിതത്തിലെ പരീക്ഷണങ്ങളെ അതിജീവിക്കുക എളുപ്പമാണ്. ‘കഴിഞ്ഞുപോയ സമൂഹങ്ങൾക്കെന്നപോലെ നിങ്ങൾക്കും നിശ്‌ചിത ദിനങ്ങളിൽ വ്രതാനുഷ്‌ഠാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ ഭക്‌തിയുള്ളവരാകാൻ വേണ്ടി’ എന്നാണ് ഖുർആൻ വചനം. വിശപ്പും ദാഹവും കൊണ്ടുമാത്രം നോമ്പ് സാധുവാകില്ല.
വികാരങ്ങളെ അതിജയിക്കാനും തിന്മയിലേക്കു ചാഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിനെ ശാന്തമായ വഴിയിലേക്കു തിരിച്ചുകൊണ്ടുവരാനും കഴിയണം.
പ്രവാചകൻ പറഞ്ഞു, ‘വ്രതം പരിചയാണ്. അതുകൊണ്ട് നിങ്ങൾ അസഭ്യം പറയുകയോ കയർത്തു സംസാരിക്കുകയോ ചെയ്യരുത്. ആരെങ്കിലും ശകാരിക്കുകയോ ശണ്‌ഠകൂടുകയോ ചെയ്‌താൽ ഞാൻ നോമ്പുകാരനാണ് എന്ന് രണ്ടുതവണ പറയുക.’
പ്രതികൂല സാഹചര്യത്തിൽപോലും സംയമനത്തോടെ മുന്നോട്ടുപോകണമെന്ന് ഈ വചനം പഠിപ്പിക്കുന്നു.
ചെറുതും വലുതുമായ എല്ലാ പ്രതിസന്ധികളെ സഹനംകൊണ്ട് അതിജീവിക്കാൻ കഴിയണം. അതിനു മനസ്സും ശരീരവും ഒരുക്കിയെടുക്കുക.
∙ മൊഴിമാറ്റം: മുഹമ്മദലി ഹുദവി വേങ്ങര