'ഫാന്‍സ് കൂടിയപ്പോഴേ തോന്നിയതാ, ക്രൊയേഷ്യക്ക് ഈ ഗതി വരുമെന്ന്!'

അങ്ങനെ ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങി. ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ നാലിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് കീഴടക്കിയപ്പോള്‍ പലരുടെയും ഹൃദയം തകരുകയാണ് ചെയ്തത്. കാരണം പ്രതീക്ഷകളൊന്നുമില്ലാതെ സകലരെയും ഞെട്ടിച്ച് ഫൈനല്‍ മത്സരത്തിനെത്തിയ ക്രൊയേഷ്യക്ക് ആരാധാകരുടെ എണ്ണം വര്‍ധിച്ചത് റോക്കറ്റ് വേഗത്തിലായിരുന്നു. 

ഫൈനല്‍ മത്സരം തുടങ്ങും മുമ്പേ നല്ലൊരു ശതമാനം മലയാളികളും ക്രൊയേഷ്യയുടെ പക്ഷത്തായിരുന്നു നിലയുറപ്പിച്ചത്. ട്രോള്‍ ഗ്രൂപ്പുകളിലും ക്രൊയേഷ്യന്‍ ഫാന്‍സ് കൂടി. ഫൈനല്‍ മത്സരത്തില്‍ മുന്‍ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച് കപ്പുമായി ക്രൊയേഷ്യന്‍ ചുണക്കുട്ടികള്‍ പറക്കുമെന്നായിരുന്നു സ്വപ്നം. എന്നാല്‍ ആവേശം അലതല്ലിയ മത്സരത്തില്‍ ഫ്രാന്‍സിനോടൊപ്പമായിരുന്നു ഭാഗ്യം. 

ഫൈനല്‍മത്സരം ക്രൊയേഷ്യ തോറ്റെങ്കിലും ഫുട്‌ബോള്‍ ആരാധാകരുടെയും ട്രോളന്മാരുടെയും എല്ലാം ഹൃദയം അവരുടെ കൂടെ തന്നെയാണെന്നാണ് പല പോസ്റ്റുകളും സൂചിപ്പിക്കുന്നത്. നിര്‍ഭാഗ്യം കൊണ്ട് മാത്രം ക്രൊയേഷ്യ തോറ്റെന്നാണ് ട്രോളന്മാരുടെ ഭാഷ്യം. പോള്‍ പോഗ്ബയുടെയും യുവത്വത്തിന്റെ ചോരത്തിളപ്പുമായി എത്തിയ കിലിയന്‍ എംബപെയുടെയും മികവുറ്റ പ്രകടനവും ഫ്രാന്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായെന്ന് ട്രോളന്മാര്‍ സമ്മതിക്കുന്നുണ്ട്. 

തലയ്ക്ക് കൈകൊടുത്തിരിക്കുന്ന ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിനെയാണ് ട്രോള്‍ ഗ്രൂപ്പുകള്‍ പലതും നെഞ്ചിലേറ്റിയത്. ക്യാപ്റ്റന്‍ എന്ന വാക്കിന് ഇതിലും മികച്ച ഉദാഹരണം ഇന്ന് ലോക ഫുട്‌ബോളില്‍ വേറെയുണ്ടാവില്ലെന്നാണ് ട്രോളന്മാര്‍ മോഡ്രിച്ചിന് നല്‍കുന്ന വിശേഷണം. തോല്‍വിക്ക് ശേഷം ഇങ്ങനൊന്നും പറഞ്ഞിട്ട് കാര്യമില്ല, ജയിച്ചത് ഫ്രാന്‍സല്ലേ എന്ന് പറയുന്നവരുമുണ്ട്. 

ഫ്രഞ്ച് താരങ്ങളെ അഭിനന്ദിക്കാനെത്തിയ അവരാണ് യഥാര്‍ത്ഥ വിജയികളെന്ന മട്ടിലാണ് പല ട്രോളുകളും വന്നത്. മാരിയോ മാന്‍സൂക്കിച്ച് സെല്‍ഫ് ഗോളടിച്ചതിനെ ട്രോളാനും ആരാധകര്‍ മറന്നില്ല. 

എങ്കില്‍ തോല്‍വിക്ക് കാരണമായി രസകരമായി പറയുന്ന ട്രോള്‍, ക്രൊയേഷ്യയുടെ ആരാധകര്‍ പൊടന്നുനെ കൂടിയതുമായി ബന്ധപ്പെട്ടായിരുന്നു. ആരാധകര്‍ പൊടുന്നനെ കൂടിയപ്പോഴേ കരുതിയതാ, ഇതാകും വിധിയെന്നാണ് പലരുടെയും പോസ്റ്റുകള്‍.

എന്തായിരുന്നു ഫൈനലില്‍ കയറിയപ്പോള്‍ ഉള്ള ബഹളം...ഫാന്‍സിനെകൊണ്ട് നിറഞ്ഞിരിക്കുവല്ലായിരുന്നോ...പിന്നെ എങ്ങനെ തോല്‍ക്കാതിരിക്കും...ഇമ്മാതിരി രസരകമായ ട്രോളുകളാണ് പുറത്തുവരുന്നത്. അല്ലെങ്കിലും അര്‍ഹിച്ചവരുടെ കൂടെ നില്‍ക്കാന്‍ ദൈവത്തിന് അറിയില്ലെടാ ഉവ്വേ...എന്ന് പറയുന്നവരുമുണ്ട്. 

എന്തായാലും കപ്പടിച്ചത് ഫ്രാന്‍സാണെങ്കിലും ആള്‍ക്കാരുടെ മനസ്സ് കീഴടക്കിയത് നമ്മളാ...എന്ന് പറഞ്ഞാണ് ക്രൊയേഷ്യക്കാരുടെ മടക്കയാത്ര.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam