‘‘കോവളം ബീച്ചിൽ സൺസെറ്റ് കാണാൻ അവസരമൊരുക്കി തന്ന വിൻഡീസ് ടീമിന് എന്റെ പേരിലും മറ്റു കളിക്കാരുടെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു’’ ട്രോളന്മാരുടെ ഭാവനയിൽ ‘സലീംകുമാർ കോഹ്‌ലി’ പറയുന്നതാണ്. ക്യൂറേറ്ററെയും ജഡേജയെയും രോഹിത് ശർമയെയും വിൻഡീസ് ടീമിനെയും മാത്രമല്ല, സ്വയം ട്രോളുകയും ചെയ്യുകയാണ് ട്രോളന്മാർ.
ഒരു ഇടവേളയ്ക്കുശേഷം കേരളത്തിലെത്തിയ രാജ്യാന്തര ക്രിക്കറ്റ് മത്സരവും താരങ്ങളുടെ പ്രകടനം കണ്ടു മനസ്സു നിറയാന്‍ കാത്തിരുന്നതാണ്. ഇന്ത്യ വൻവിജയം നേടുമ്പോൾ ശരിക്കും സന്തോഷിക്കുകയാണ് വേണ്ടത്. എന്നാല്‍ കാര്യവട്ടത്ത് നിരാശയായിരുന്നു ഫലം. പിച്ചിൽ റൺസൊഴുകും എന്നൊക്കെ കേട്ട് ഇറങ്ങിയതാണ്, പക്ഷേ കളി വേഗം തീർന്നു. ട്രോളന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു പോപ്പ്കോൺ വാങ്ങാൻ പോയി തിരിച്ചു വന്നപ്പോഴേക്കും സ്റ്റേഡിയം കാലി!
സ്കോർമല താണ്ടി കോഹ്‌ലിയും പിള്ളേരും മാസ് കാണിക്കുന്നത് കാണാനിരുന്ന മലയാളിയ്ക്ക് മുന്നിലാണ് 31.5 ഓവറില്‍ 104 റണ്‍സിന് കരീബിയന്‍ പട കൂടാരം കയറിയത്. മറുപടി ബാറ്റിങില്‍ 14.5 ഓവറില്‍ ഇന്ത്യയും വിജയം നേടി കൂടാരം കേറി. രാത്രി കളിജയിച്ച് ഇറങ്ങുമ്പോൾ തെരുവിൽ വിജയം ആഘോഷിക്കാൻ വച്ചിരുന്ന ഊർജം വെളിച്ചത്ത് തന്നെ ആർപ്പുവിളിച്ച് തീർക്കേണ്ടി വന്നു ആരാധകപ്പടയ്ക്ക്. ഈ അവസ്ഥയയിൽ ഉള്ളിൽ നുരഞ്ഞ് പൊന്തുന്ന സങ്കടങ്ങൾ ട്രോളായി മാറുകയായിരുന്നു.
പാതിരാത്രിയേ വരുവെന്നും അമ്മയോട് ചോറ് വേണ്ടെന്നും പറഞ്ഞ് ഇറങ്ങിയവർ സ്വയം ട്രോളി സമാധാനം കണ്ടെത്തി. ചോറ് വെള്ളത്തിലിടണ്ട അമ്മേ ഞാനെത്തി എന്നാണ് ട്രോളന്മാർ പറയുന്നത്. അമ്മയ്ക്ക് പോപ്പ് കോണും അച്ഛന് പെപ്സിയും കൊണ്ടുവരുന്ന മക്കളും ട്രോളുകളിൽ ഭാവനയിൽ നിറഞ്ഞു. മുഴുവൻ കഴിക്കാനാകുന്നതിനു മുൻപേ അവൻമാർ കളി തീർത്തു എന്നും പറയുന്നു. കോഹ്‌ലി സെഞ്ചുറിയടിക്കാതിരിക്കാൻ വിൻഡീസ് ടീം തയാറാക്കുന്ന പദ്ധതി, 105 ൽ ടീം ഔട്ടാകുക എന്നതാണ്. ഇത്രയും സമയം ബാക്കിയായ സ്ഥിതിക്ക് ഒരു ടി20 കൂടി കളിച്ചൂടെ എന്നു ചോദിക്കുന്നുണ്ട് ട്രോളന്മാർ. കളി കാണാൻ രാവിലെ തന്നെ സ്റ്റേഡിയത്തിൽ കയറി ഇരുന്ന തിരുവനന്തപുരത്തുക്കാരന്റെ വേദനയും ട്രോളന്മാർ കോമഡിയാക്കി. എന്തായാലും റൺസൊഴുകാത്ത പിച്ചും കളിയും ട്രോളൊഴുക്കിന് വേദിയായി.