ട്രാൻസ്ജെൻഡേഴ്സ് എല്ലാം ലൈംഗിക തൊഴിലാളികളല്ല, പൊട്ടിത്തെറിച്ച് സൂര്യ

സൂര്യ

സമൂഹം പല മേഖലകളിലും പുരോഗമിച്ചപ്പോഴും ട്രാൻസ്ജെൻഡേഴ്സ് വിഷയത്തിൽ പലരും ഇപ്പോഴും പിന്നിൽ തന്നെയാണ്. ഭിന്നലിംഗക്കാരെ ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. ഭിന്നലിംഗക്കാരെല്ലാം ലൈംഗിക തൊഴിലാളികളാണെന്ന ധാരണ വച്ചു പുലർത്തുന്നവർക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റും ടിവിതാരവുമായ സൂര്യ.

തന്നെ മൂന്നുപേർ ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ചുറ്റുംനിന്ന ആളുകൾ പ്രതികരിക്കാതെ നോക്കി നിന്നുവെന്നാണ് സൂര്യ പറയുന്നത്. ഭിന്നലിംഗ വ്യക്തികളെല്ലാം ലൈംഗിക തൊഴിലാളികളാണെന്ന വിചാരമുണ്ടെങ്കിൽ അതു പഴങ്കഥയാണെന്നും ഇപ്പോള്‍ അതും പറഞ്ഞു സമീപിച്ചാൽ കയ്യിന്റെ ചൂടറിയുമെന്നാണ് സൂര്യ പറയുന്നത്. സൂര്യയുടെ ഫെയ്സ്ബുക് പോസ്റ്റ് വായിക്കാം.

''എന്റെ ജീവിതത്തിൽ ഏറ്റവുമധികം ദുഃഖം ഉണ്ടായ ഒരു സംഭവമാണ് ഇന്ന് എനിക്കുണ്ടായത്. PMG ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന എന്നെ മൂന്നു വ്യക്തികൾ ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു. ചുറ്റും നിന്ന ആളുകൾ പ്രതികരിച്ചതേയില്ല.. ഒച്ചവെച്ചു അലറിയ എന്നെ അതുവഴി പെട്രോളിങ്ങിന് വന്ന പോലീസ് കാണുകയും സ്ഥലത്തേക്ക് എത്തുകയും ഉണ്ടായി. പക്ഷേ ഇവന്മാർ ഓടി രക്ഷപ്പെട്ടിരുന്നു.

എന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പൊലീസ്‌ ഉദ്യോഗസ്ഥർക്ക് ഞാൻ നന്ദി അറിയിക്കുന്നു.ഒപ്പം ഒരു സ്ത്രീയായ എന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാർക്കിച്ചു തുപ്പുന്നു.

ഒറ്റയ്ക്കായിപ്പോയ സ്ത്രീ എത്ര ദുർബലയാണെന്ന് ഞാൻ മനസിലാക്കുന്നു. പിന്നെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ലൈംഗികവൃത്തി ചെയ്തു ജീവിച്ചിരുന്നത് പഴംകഥയാണ്്. ഇപ്പൊൾ അതും പറഞ്ഞു ചെന്നാൽ കയ്യിന്റെ ചൂടറിയും... കേട്ടോ നെറികെട്ട സമൂഹമേ''.