'ആ പരിഹാസത്തിൽ വീഴാതിരുന്നതാണ് എന്റെ വിജയം'

അവളാകെ കറുത്തു പോയല്ലോ... വെളുക്കാൻ അല്പം മഞ്ഞൾ തേച്ചു കൂടെ?, ഫെയർനെസ് ഫേഷ്യൽ ചെയ്താലോ...? കുങ്കുമപ്പൂ കഴിച്ചാൽ വെളുക്കും... വളർച്ചയുടെ പലഘട്ടത്തിലും ഇരുനിറമുള്ള ഒരു പെൺകുട്ടി കേൾക്കാൻ സാധ്യതയുള്ള ചെറിയ വാചകങ്ങളാണ് ഇവ. പെണ്ണ് എന്നാൽ വെളുത്തു മെലിഞ്ഞ സൗന്ദര്യത്തിനു ഉടമയാകണം എന്ന ചിന്ത. തൊലിപ്പുറത്തെ വെളുപ്പിലാണോ പെണ്ണിന്റെ സൗന്ദര്യം? അല്ലെന്ന്, തന്റെ ജീവിതാനുഭവം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഗായികയും ടെലിവിഷൻ അവതാരകയുമായ ടാനിയ നമ്പ്യാർ. 

''ജന്മനാ അല്പം ഇരുണ്ട നിറക്കാരിയായിരുന്നു ഞാൻ. അതിന്റെ പേരിൽ ചെറുപ്പത്തിൽ ധാരാളം കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചെറുപ്പത്തിൽ ചായ കുടിച്ചാൽ കറുത്തു പോകുമെന്ന് പറഞ്ഞ അമ്മൂമ്മ എന്നെ അതിൽ നിന്നും വിലക്കിയിരുന്നു. വളർന്നപ്പോൾ, വെളുപ്പ് നിറം ഭ്രാന്തായി മാറിയ കസിൻസ് പൗഡർ പൂശി നടക്കുന്നത് കാണുമ്പോഴെല്ലാം ഞാൻ ചിന്തിച്ചിട്ടുണ്ട്, പെൺകുട്ടികൾ എന്തിനാണ് വെളുത്തിരിക്കാൻ ഇത്ര കഷ്ടപ്പെടുന്നത് എന്ന്. 

സ്‌കൂളിൽ പഠിക്കുമ്പോഴും നിറം എന്നെ പലപ്പോഴും ഒറ്റപ്പെടുത്തി. സ്റ്റേജ് പരിപാടികളിൽ ലീഡ് റോൾ ചെയ്യാൻ കറുത്ത നിറമുള്ള എന്നെ തെരെഞ്ഞെടുത്തിരുന്നില്ല. പകരം എന്നും കറുപ്പ് നിറമുള്ള കൃഷ്ണനാകാനായിരുന്നു എന്റെ വിധി. 30 വർഷത്തോളം, ഡൽഹിയിൽ ജീവിച്ച എന്നോട് പലരും എന്റെ ഇരുണ്ട നിറം കണ്ട്  ഞാൻ മദ്രാസിയാണോ എന്ന് ചോദിച്ചിട്ടുണ്ട്. 2017 ലും ഈ വിഭാഗീയത തുടരുന്നു എന്നതാണ് കൗതുകം. എന്റെ വിവാഹത്തിന് ബ്യൂട്ടീഷ്യൻ, ഡിസൈനർമാർ എന്നിവർ എങ്ങനെ എന്നെ വെളുപ്പിക്കാം എന്ന ചിന്തയിലായിരുന്നു. 

വെളുത്ത നിറമുള്ള പെണ്ണിന് മാത്രമേ സൗന്ദര്യമുള്ളൂ എന്ന ഈ ചിന്തയാണ് സകല വിപത്തുകളുടെയും കാരണം. ഭാഗ്യത്തിന് എന്റെ 'അമ്മ അക്കൂട്ടത്തിൽ ഒരാളായിരുന്നില്ല. എന്നെ വെളുപ്പിക്കാനുള്ള ശ്രമങ്ങൾ ഒന്നും 'അമ്മ നടത്തിയില്ല. ഞാൻ എങ്ങനെയോ അങ്ങനെ തന്നെ ആയിരിക്കുവാനുള്ള സ്വാതന്ത്ര്യം നൽകി. തൊലിപ്പുറത്തെ ഭംഗിക്ക് വേണ്ടി സമയം ചെലവഴിക്കാതെ ഞാൻ എന്റെ ഇഷ്ടങ്ങൾ തേടിയാണ് പോയത്. ഫെയർനെസ് ക്രീമുകൾക്കായി പണം ചെലവഴിക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു. 

ഇന്ന് ഞാൻ അറിയപ്പെടുന്ന ഒരു ഗായികയാണ്, ടിവി അവതാരകയാണ്, ഇടയ്ക്കിടയ്ക്ക് ഞാൻ എനിക്ക് ചേരുന്ന രീതിയിൽ മോഡലിംഗും ചെയ്യുന്നു. കറുമ്പിയാണ് നീ എന്ന പരിഹാസത്തിൽ വീണു പോകാതെ സ്വന്തം ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിച്ചിടത്താണ് എന്റെ വിജയം. ടാനിയ ആത്മവിശ്വാസത്തോടെ പറയുന്നു.