'മരണത്തിനു മുന്നിൽ പോലും പതറിയില്ല എന്റെ അച്ചു', ഹൃദയം തൊടും ഭാര്യയെക്കുറിച്ചുള്ള ഈ കുറിപ്പ്

രമേഷ് ഭാര്യക്കൊപ്പം, ചിത്രം: ഫേസ്ബുക്

കാൻസർ എന്ന വാക്കിനെപ്പോലും ഭീതിയോടെ നേരിടുന്നവരാണ് നമ്മൾ‍, കാരണം നിരവധി ജീവിതങ്ങളാണ് ആ രോഗം തകർത്തെറിഞ്ഞത്. എങ്കിലും കൃത്യസമയത്തു രോഗം തിരിച്ചറിയാൻ കഴിയുകയും ചികിൽസ നൽകാൻ കഴിയുകയുമൊക്കെ ചെയ്താല്‍ കാൻസറിനെ തോൽപ്പിക്കാമെന്നു തെളിയിച്ചവരും ഉണ്ട്. കാന്‍സർ ബാധിച്ചു മരിച്ച ഭാര്യയെക്കുറിച്ച് ഒരു ഭർത്താവ് എഴുതിയ ഫെയ്സ്ബുക് േപാസ്റ്റാണ് വായിക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. കാൻസർ എന്ന രോഗം ആണെന്നറിഞ്ഞിട്ടുപോലും മാനസികധൈര്യം വിടാതെ മരണം വരെ പോരാടിയ ഭാര്യയെക്കുറിച്ച് പട്ടാമ്പി സ്വദേശിയായ രമേഷ് കുമാർ എന്ന യുവാവാണ് ഹൃദയം തൊടുന്ന കുറിപ്പെഴുതിയത്.

കാൻസറിനു തന്റെ ശരീരത്തെ മാത്രമേ തളർത്താനാവൂ, മനസിനെ തളർത്താൻ പതിനായിരം വട്ടം ശ്രമിച്ചാലും നടക്കില്ലെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞയാളായിരുന്നു തന്റെ അച്ചുവെന്ന് രമേഷ് പറയുന്നു. ഒരു പുറംവേദനയുടെ രൂപത്തിലായിരുന്നു രമേഷിന്റെ ഭാര്യയ്ക്ക് കാന്‍സർ പിടിപെട്ടത്. പിന്നീട് ഏറെ ചികിൽസിച്ചെങ്കിലും അവൾ ഈ ലോകത്തോടു വിടപറഞ്ഞു. അതിനു മുമ്പ് കീമോതെറാപ്പിയുടെ നാളുകളിലൊന്നില്‍ വേദന കടിച്ചമർത്തി അവൾ പറഞ്ഞ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു രമേഷ്. മറ്റൊന്നുമല്ല സച്ചിനെ കാണണമെന്ന ആഗ്രഹമായിരുന്നു അത്.

കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുന്ന സമയത്ത് പോകണമെന്ന ആശിച്ച അച്ചുവിന്റെ മനസ്സിനെ രമേഷ് തളർത്തിയില്ല. സുഹൃത്തുക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയുമൊക്കെ സഹായത്തോടെ, രോഗം ഗുരുതരമായി ബാധിച്ച അവസ്ഥയിലും ഭാര്യയുടെ ആഗ്രഹം സാധിച്ചുനൽകി. അന്ന് സ്റ്റേഡിയത്തിനു പുറത്തു വച്ചെടുത്ത ഫോട്ടോ സഹിതമാണ് രമേഷ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. രമേഷിന്റെ ഫെയ്സ്ബുക് േപാസ്റ്റിലേക്ക്...

''എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളിൽ ഒന്നാണ് ഇത്. സന്തോഷകരമായ ജീവിതത്തിനിടയിലേക്ക് കടന്നുവന്ന കാൻസർ എന്ന ശത്രുവിനോട് "നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തിനെയേ തളർത്താൻപറ്റൂ എന്റെ മനസിനെ തളർത്താൻ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്ന്" ചങ്കൂറ്റത്തോടെ പറഞ്ഞ എന്റെ പ്രിയപ്പെട്ട അച്ചുവിന്റെ കൂടെ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ മുന്നിൽ നിന്ന് ഞാൻ എടുത്ത സെൽഫി. ഐ.എസ്‌.എൽ പോരാട്ടം കൊച്ചിയിൽ നടക്കുന്ന സമയം ബ്ളാസ്റ്റേഴ്സിന്റെ കളിയുടെ ദിവസം സച്ചിൻ വരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ എന്നോട് അവൾ പറഞ്ഞിരുന്നു നമുക്ക് സച്ചിനെ കാണാൻ പോണം എന്ന്. പക്ഷെ അതിനിടക്ക് അസുഖം രണ്ടാമതും തലപൊക്കിയിരുന്നു സെക്കൻഡ് ലൈൻ കീമോതെറാപ്പി വീണ്ടും തുടങ്ങി. നിർഭാഗ്യവശാൽ സച്ചിൻ വരുന്നതിനു നാലു ദിവസം മുന്നേ ആയിരുന്നു കീമോ തുടങ്ങിയത് കീമോയുടെ കടുത്ത ബുദ്ധിമുട്ടുകൾക്കിടയിലും കൊച്ചിയിലെ വീട്ടിലിരുന്ന് ബ്ളാസ്റ്റേഴ്സിന്റെ കളിയുടെ തലേദിവസം സങ്കടത്തോടെ എന്നോട് പറഞ്ഞു .......

ഇനിയിപ്പോ സച്ചിനെ കാണാൻ പോകാൻ പറ്റില്ലല്ലേ ?......അസുഖം അവസാന സ്റ്റേജിൽ ആണെന്ന് എനിക്കും അവൾക്കും അറിയാവുന്നത് കൊണ്ട് പിന്നൊരിക്കൽ ആവാം എന്ന് ഞാൻ പറഞ്ഞില്ല. ഞാൻ ചോദിച്ചു നിനക്ക് ധൈര്യം ഉണ്ടോ എന്റെ കൂടെ വരാൻ എന്ന്....ഏറ്റവും അപകടം പിടിച്ച ഏർപ്പാടാണ്, പക്ഷെ എനിക്കപ്പോൾ അതാണ് ശരി എന്ന് തോന്നി.....അപ്പോൾ അവൾ എന്നോട് പറഞ്ഞു "ജനിച്ചാൽ നമ്മളൊക്കെ ഒരുനാൾ മരിക്കും അതിനെക്കുറിച്ചോർത് എനിക്ക് ഭയമില്ല ഒരു ദിവസമാണെങ്കിൽ ഒരുദിവസം രാജാവിനെപ്പോലെ ...."എന്നെ കൊണ്ട് പോകാൻ ധൈര്യം ഉണ്ടോ എന്ന് ....ഞാൻ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു മോനെ കുറച്ചു സമയം നോക്കൂ ഞാൻ ഇപ്പോൾ വരാം എന്ന് .... നേരെ കൊച്ചിയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക്.

സ്റ്റേഡിയത്തിൽ കൂടെ നിൽക്കാൻ നാലുപേരെ ഏർപ്പാടാക്കി ടിക്കറ്റ് എടുത്തു. അടിയന്തിര സാഹചര്യത്തിൽ പുറത്തിറങ്ങാനുള്ള വഴികൾ, ഹോസ്പിറ്റൽ എത്തിക്കാനുള്ള മാർഗങ്ങൾ എന്നിവ മനസിലാക്കി... തിരിച്ചു വീട്ടിൽ വന്നപ്പോൾ അവൾ ചോദിച്ചു അപ്പോൾ നമ്മൾ നാളെ കളികാണാൻ പോകും അല്ലെ? എനിക്കറിയാം എല്ലാം ഒപ്പിച്ചാണ് വരവെന്ന്.... കീമോയുടെ ക്ഷീണത്തിലും കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. പിറ്റേന്ന് ഞങ്ങൾ സ്റ്റേഡിയത്തിലേക്ക്.. നിഴലുപോലെ കൂട്ടുകാർ, സപ്പോർട്ട് തന്നു കേരളപോലീസ്, സ്റ്റേഡിയത്തിലെ എമർജൻസി ആംബുലൻസ് സർവീസ്... ഒടുവിൽ പതിനായിരങ്ങളുടെ നടുവിൽ നടുവിൽ അസുഖത്തിന്റെ എല്ലാ വിഷമതകളും മറന്ന് എന്റെ മൊബൈൽ വാങ്ങി ഫ്‌ളാഷ് ലൈറ്റ് മിന്നിച്ചു ആർത്തുവിളിച്ചു സച്ചിനെ അഭിവാദ്യം ചെയ്യുന്ന കാഴ്ച.....

അന്നായിരുന്നു അവളെ കാണാൻ ഏറ്റവും സൗന്ദര്യം.....ബ്ലാസ്റ്റേഴ്‌സ്.. സച്ചിൻ... ആർപ്പുവിളികൾക്കിടയിൽ എല്ലാ വേദനകളും മറന്നു ഞങ്ങൾ.........ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം നിറഞ്ഞ സ്റ്റേഡിയത്തിൽ ആർത്തുവിളിച്ചു കളി കണ്ട ആൾ എന്റെ അച്ചു മാത്രമായിരിക്കും. അച്ചുവെന്നാൽ അതാണ് കടുത്ത പ്രതിസന്ധിയിലും.. മരണത്തിന്റെ മുന്നിൽപോലും പതറാത്ത ആ മനസിന്റെ കരുത്തു മാതൃക ആക്കേണ്ടത്തന്നെയാണ്...കരുത്തനായ മരണമെന്ന ശത്രുവിനെപോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവൾ യാത്രയായത് ...."പ്രതിസന്ധികൾ ഉണ്ടാവും തോറ്റുകൊടുക്കരുത് അവസാനശ്വാസം വരെയും പോരാടണം .......ജീവിതം സുന്ദരമാണ് ഒരു സെക്കന്റുപോലും പാഴാക്കരുത്, പരമാവധി ആസ്വദിക്കുക. ....എല്ലാവര്‍ക്കും നല്ലതേ വരൂ ...........''

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam