പ്രസവത്തിലെ പിഴവ്, ഒപ്പം സെറിബ്രൽ പാൾസിയും, എന്നാലും നീ ഞങ്ങളുടെ പൊന്നോമന...

ഒറ്റ മകന് സെറിബ്രൽ പാൾസി ഉണ്ടെന്നറിഞ്ഞ വേദനയിലും അവനെ കൂടുതൽ നെഞ്ചോട് ചേർത്തു നിർത്താനാണ് അവർ ശ്രമിച്ചത്

പത്തുമാസം വയറ്റിൽ ചുമന്നു സുഖപ്രസവത്തിന്റേതായ വേദനകളുടെ കയറ്റിറക്കങ്ങൾക്കൊടുവിൽ ഒരു കുഞ്ഞിനെ പ്രസവിച്ചിടുക. അവന്റെ / അവളുടെ പാൽ പുഞ്ചിരി കാണുന്ന ആ നിമിഷം അതുവരെ അനുഭവിച്ച എല്ലാ വേദനകളും 'അമ്മ മറക്കും. പ്രസവമുറിക്കപ്പുറത്തെ കാത്തിരിപ്പിന് വിരാമമിട്ടു കടന്നു വരുന്ന കുഞ്ഞതിഥിയെ കാണുമ്പോൾ വൈകാരികമായി എല്ലാ അർത്ഥത്തിലും ഒരച്ഛൻ പിറവിയെടുക്കുകയാണ്. എന്നാൽ ആ അവസ്ഥയിൽ, പിറന്നു വീണ ആ കുഞ്ഞിന് ശാരീരികമായ പ്രശ്നങ്ങൾ ഉണ്ടെന്നു മനസ്സിലായാൽ എന്താകും അവസ്ഥ? ഇത്തരത്തിൽ ഒരാവസ്ഥയിലൂടെയാണ് മഹാരാഷ്ട്ര സ്വദേശി കുഞ്ചൻ ഭട്ട് കടന്നു പോയത്. 

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് 18  വർഷങ്ങൾക്ക് മുൻപ് കുഞ്ചൻ ഭട്ടിനും ഭാര്യയ്ക്കും ഒരു കുഞ്ഞു ജനിക്കുന്നത്. പ്രസവസമയത്ത് കുഞ്ഞിന് വേണ്ടത്ര ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് കുഞ്ഞു ജനിച്ച ഉടനെയുള്ള കരച്ചിൽ ഉണ്ടായില്ല. ഇത് മൂലം കുഞ്ഞിനെ തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. തുടർന്നുള്ള നാളുകളിൽ കുഞ്ഞു ഇൻകുബേറ്ററിൽ ആയിരുന്നു. അതിനുശേഷം ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം കുഞ്ഞിനെ ഒരു പീഡിയാട്രീഷനെ കാണിച്ചു. കുഞ്ഞു രക്ഷപെടാൻ അൻപത് ശതമാനം മാത്രം സാധ്യതയുള്ളൂ എന്ന് പറഞ്ഞ അദ്ദേഹം ചികിത്സ ആരംഭിച്ചു. 

അങ്ങനെ മികച്ച ചികിത്സയുടെ ഭാഗമായി കുഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. പിന്നീട് കുഞ്ഞിനെ ചലനശേഷി വീണ്ടെടുക്കുന്നത്തിനായി ഫിസിയോതെറാപ്പി ചെയ്യുന്നതിനായി കൊണ്ടുപോയി. ഫിസിയോതെറാപ്പിസ്റ്റ് സെറിബ്രൽ പാൾസി ചികിത്സയിൽ മിടുക്കിയായിരുന്നു. ഒരു വയസ്സ് പോലും തികയാത്ത കുഞ്ചന്റെ കുഞ്ഞിന് സെറിബ്രൽ പാൾസി ലക്ഷണങ്ങൾ ഉണ്ട് എന്ന് അദ്ദേഹം മനസിലാക്കി. അതറിഞ്ഞ ആ കുടുംബം അക്ഷരാർത്ഥത്തിൽ തകർന്നു പോയി എന്നതാണ് സത്യം. മാതാപിതാക്കൾക്ക് താങ്ങാനാവില്ല എന്ന് കണ്ടറിഞ്ഞു തന്നെ വളരെ ഏറെ സമയമെടുത്താണ് ഡോക്ടർ ആ വിവരം അവരെ അറിയിച്ചത്. 

അവിചാരിതമായ അപകടം 

ഒറ്റ മകന് സെറിബ്രൽ പാൾസി ഉണ്ടെന്നറിഞ്ഞ വേദനയിലും അവനെ കൂടുതൽ നെഞ്ചോട് ചേർത്തു നിർത്താനാണ് അവർ ശ്രമിച്ചത്. ഇതിനിടയിൽ വിചാരിച്ചിരിക്കാതെ അപ്രതീക്ഷിതമായി ഒരു അപകടം ജീവിതത്തിലേക്ക് കടന്നു വന്നു. കുഞ്ചനും ഭാര്യയും കുഞ്ഞും സഞ്ചരിച്ച സ്‌കൂട്ടർ അപകടത്തിൽ പെട്ട്. കുഞ്ചന് ഒരു പോറൽപോലും ഏറ്റില്ല എങ്കിലും സാമാന്യം നല്ല രീതിയിൽ പരിക്കേറ്റ ഭാര്യയ്ക്കും മകനും വിദഗ്ധ ചികിത്സ വേണ്ടി വന്നു. ആ സമയത്ത് കുഞ്ഞിന്റെ ഫിസിയോ തെറാപ്പി മുടങ്ങി. ആ ഡോക്ടർ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോകുകയും ചെയ്തു. അങ്ങനെയാണ് മുംബൈ നഗരത്തിൽ സെറിബ്രൽ പാൾസി ചികിത്സയ്ക്ക് പേരുകേട്ട ആശുപത്രിയെ പറ്റി കുഞ്ചൻ അറിയുന്നത്. ഏതു വിധേനയും കുഞ്ഞിനെ അങ്ങോട്ട് കൊണ്ട് പോകാനായി പിന്നീടുള്ള ശ്രമങ്ങൾ. 

മുംബൈയിലെ ആശുപത്രിയിൽ കുഞ്ഞിനെ ചികിൽസിച്ചു ഡോക്ടർമാർ അവനു ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷ്യൽ എഡ്യൂക്കേഷൻ തെറാപ്പി, ഫിസിയോതെറാപ്പി എന്നിവ നിർദ്ദേശിച്ചു. ഇതിനായി ഏകദേശം ഒരു വർഷത്തോളം മുംബൈയിൽ താമസിക്കേണ്ടതായി വന്നു. ആ സമയത്ത് കുഞ്ചനും കുടുംബവും നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു. എങ്ങനെയൊക്കെയോ ചികിത്സ ആരംഭിച്ചു ആദ്യ മൂന്നു മാസത്തിനുള്ളിൽ തന്നെ മികച്ച ഫലം കണ്ടെത്താനായി. 

ഓരോ മൂന്നുമാസം കൂടുമ്പോഴും 15  ദിവസം വീട്ടിൽ പോയി നിൽക്കാനുള്ള അവസരം ലാഭിക്കും. ആ സമയത്താണ് അടുത്ത മൂന്നു മാസത്തെ ചെലവിനായുള്ള പണം ആ മാതാപിതാക്കൾ കണ്ടെത്തിയിരുന്നത്. അതിനുശേഷം മുംബൈ  നഗരത്തിലേക്ക് തിരിച്ചെത്തി ചികിത്സ പുനരാരംഭിക്കും. കഴിഞ്ഞ 18  വർഷമായി ഇതാണ് കുഞ്ചന്റെയും കുടുംബത്തിന്റെയും ജീവിതരീതി. ഇപ്പോൾ മകന് 18 വയസ്സായി. തിരിച്ചടി എന്ന പോലെ, 18  വയസായതോടെ കുട്ടികൾക്കായി ചികിത്സ നൽകുന്ന ആ ആശുപത്രിയിൽ മകന് തുടർചികിത്സ ലഭ്യമാകില്ല എന്ന് അധികൃതർ പറയുകയും ചെയ്തു,.

അങ്ങനെ കുഞ്ചൻ മകന് വീട്ടിൽ തന്നെ ചികിത്സ നൽകാൻ ആരംഭിച്ചു. ഇപ്പോൾ ആ മാതാപിതാക്കളുടെ ആഗ്രഹം എന്നപോലെ അവൻ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. റൈറ്ററെ വച്ചാണ് മകൻ പരീക്ഷ എഴുതുന്നത്. ഏതുവിധേനയും മകൻ പരീക്ഷ ജയിച്ച് ഒരു ഡിഗ്രി നേടുന്ന സുദിനം മാത്രമാണ് ഈ മാതാപിതാക്കളുടെ മനസ്സിൽ ഇപ്പോൾ ഉള്ളത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഈ മാതാപിതാക്കളെയും മകനെയും അവരുടെ ശ്രമങ്ങൾക്ക് നേരിട്ട് അഭിനന്ദിച്ചു. ഇനിയുള്ള ജീവിതത്തെ പറ്റി ആശങ്ക ഏറെയാണ് എങ്കിലും, മകന് വേണ്ടി തങ്ങൾ ജീവിക്കും എന്ന് കുഞ്ചൻ പറയുന്നു.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam